വാങ്കഡെ – ചെപ്പോക്കിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് വാങ്കെഡെയില്‍ പകരം വീട്ടി മുംബൈ ഇന്ത്യന്‍സ്. സീസണിലുടനീളം ബിഗ് സ്‌കോര്‍ കണ്ടെത്താനാകാതെ ഉഴറിയ രോഹിത് ശര്‍മ(76) താളം കണ്ടെത്തി കത്തിപ്പടര്‍ന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് മുംബൈ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ചത്. രോഹിതിന് ഉറച്ച പന്തുണ നല്‍കിയ സൂര്യകുമാര്‍ യാദവും(68) ആതിഥേയരുടെ ആധികാരിക ജയത്തിനു കരുത്തേകി.
ചെന്നൈ ഉയര്‍ത്തിയ 177 എന്ന താരതമ്യേനെ ചെറിയ ടോട്ടല്‍ അത്രയും അനായാസമാണ് മുംബൈ മറികടന്നത്. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും അടിച്ചുപറത്തിയെങ്കിലും ഒരിക്കല്‍കൂടി തപ്പിത്തടയുന്ന റിയാന്‍ റിക്കല്‍ട്ടനെയാണ് പവര്‍പ്ലേയില്‍ കണ്ടത്. ഏഴാം ഓവറില്‍ റിക്കല്‍ട്ടന്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ ആയുഷ് മാത്രേയ്ക്കു ക്യാച്ച് നല്‍കി മടങ്ങിയെങ്കിലും മുംബൈ ചേസിങ്ങിനെ അത് ഒട്ടും അലട്ടിയതേയില്ല.
പിന്നീടങ്ങോട്ട് കത്തിപ്പടരുകയായിരുന്നു രോഹിത്. ചെന്നൈ സ്പിന്നര്‍മാരെയും പേസര്‍മാരെയും മാറിമാറി സിക്‌സറും ബൗണ്ടറികളും പറത്തി കളം നിറഞ്ഞാടി സൂര്യയും രോഹിത്തും. ചെന്നൈയുടെ സ്പിന്‍ തുറുപ്പുചീട്ട് നൂര്‍ അഹ്‌മദിനെ പോലും സൂര്യ ഒട്ടും ബഹുമാനമില്ലാതെ സ്വീപ് ഷോട്ടുകളുമായി തുടരെ ബൗണ്ടറിയിലേക്ക് പറഞ്ഞയച്ച അപൂര്‍വ കാഴ്ചയ്ക്കും ഈ ദിനം സാക്ഷിയായി.
ഒടുവില്‍ മതീഷാ പതിരാനയെ തുടരെ സിക്‌സറുകള്‍ പറത്തി 16-ാം ഓവറില്‍ തന്നെ രണ്ടുപേരും ചേര്‍ന്നു കളി തീര്‍ക്കുകയും ചെയ്തു. 45 പന്ത് നേരിട്ട് ആറ് സിക്‌സറും നാല് ബൗണ്ടറിയും പറത്തിയാണ് രോഹിത് 76 റണ്‍സെടുത്തത്. 30 പന്തില്‍ 68 റണ്‍സെടുത്ത സൂര്യയുടെ അക്കൗണ്ടില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറുകളുമുണ്ടായിരുന്നു.
17കാരന്‍ ആയുഷ് മാത്രേ അരങ്ങേറ്റ മത്സരത്തില്‍ കാണിച്ച ഇന്റന്റ് പോലും കാണിക്കാത്ത ബാറ്റിങ് നിരയാണ് ചെന്നൈയുടെ ശാപമെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെടുകയായിരുന്നു ഇന്ന്. ഓപണിങ്ങില്‍ രച്ചിന്‍ രവീന്ദ്ര ഒരിക്കല്‍കൂടി പരാജയമായപ്പോള്‍ യുവതാരം ഷെയ്ഖ് റഷീദ് ഏകദിനശൈലിയില്‍ ബാറ്റ് ചെയ്ത് വിക്കറ്റും തുലച്ചുകളഞ്ഞു. മൂന്നാമനായി ഇറങ്ങിയ ആയുഷ് മാത്രേ എങ്ങനെ ടി20യില്‍ ബാറ്റ് ചെയ്യണമെന്ന് സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും പഠിപ്പിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. 15 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 32 റണ്‍സുമായി വരവറിയിച്ചാണു താരം മടങ്ങിയത്.
മാത്രേയുടെ ഒറ്റയാള്‍ കാമിയോയില്‍ ലഭിച്ച മികച്ച തുടക്കം പക്ഷേ സീനിയര്‍ താരങ്ങളായ രവീന്ദ്ര ജഡേജയും ശിവം ദുബേയും ചേര്‍ന്നു തുലച്ചുകളഞ്ഞു. ഇന്നിങ്‌സിന്റെ പകുതിയിലേറെയും മുട്ടിനിന്ന ശേഷം 12 ഓവര്‍ പിന്നിട്ട ശേഷമാണ് ഇരുവരും ഗിയര്‍ മാറ്റി വമ്പനടികള്‍ക്കു ശ്രമിച്ചത്. എന്നാല്‍, അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ശിവം ദുബേയുടെ അവസാനത്തിലെ കത്തിപ്പടരലും(32 പന്തില്‍ നാല് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 50), ജഡേജയുടെ(35 പന്തില്‍ നാല് ബൗണ്ടറിയും രണ്ടു സിക്‌സറും സഹിതം 53) ഫിനിഷിങ്ങുമെല്ലാം അങ്ങനെ വിഫലമാകുകയും ചെയ്തു.