മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലെ മോശം പെരുമാറ്റത്തില്‍ കോഹ്‌ലിയെ അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിനെ തോളില്‍ തട്ടി സ്ലെഡ്ജ് ചെയ്തതിന് പിന്നാലെ കോഹ് ലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപ പരമായ വാര്‍ത്തകള്‍ ഓസീസ് മാധ്യമങ്ങള്‍ നല്‍കിയത്.
കോഹ്‌ലിയെ കോമാളിയായി ചിത്രീകരിച്ച് നല്‍കിയ വാര്‍ത്തകള്‍ക്കെതിരെയാണ് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ബ്രോഡ്കാസ്റ്റിങ് പാനലിന്റെ ഭാഗമായ പത്താന്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ പക്വതയില്ലാത്ത സമീപനത്തെയും കാപട്യത്തെയുമാണ് വിമര്‍ശിച്ചത്.
‘ഇവിടുത്തെ മാധ്യമങ്ങളും പത്രങ്ങളും കപടതയുടെ പരിധി ലംഘിക്കുന്നു.ഞാന്‍ ഇത് പറയാന്‍ കാരണം നിങ്ങള്‍ അദ്ദേഹത്തെ ആദ്യം ‘രാജാവ്’ ആക്കുന്നു, എന്നിട്ട് അഗ്രഷന്‍ കാണിച്ചാല്‍, അദ്ദേഹത്തെ ‘ജോക്കര്‍’ എന്ന് വിളിക്കുന്നു. ഞങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ അഗ്രഷനെ പ്രോത്സാഹിപ്പിക്കുന്നില്ല. റഫറി അയാളുടെ ജോലി ചെയ്യും, നിയമം പാലിക്കണം. അത് ചെയ്തിട്ടുണ്ട്,’ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
‘നിങ്ങള്‍(മാധ്യമങ്ങള്‍) അദ്ദേഹത്തെ ജോക്കര്‍ എന്ന് വിളിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു, ക്രിക്കറ്റിനെ കൂടുതല്‍ പ്രശസ്തമാക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ എന്ത് വിലകൊടുത്ത്? നിങ്ങള്‍ വിരാട് കോഹ്‌ലിയുടെ തോളില്‍ കയറുകയാണ്. നിങ്ങള്‍ അതില്‍ കയറി വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ കോഹ്‌ലിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. താരത്തിന്റെ വിപണി മൂല്യം മുതലെടുക്കാന്‍ ശ്രമിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കില്ല, ഇത് അസ്വീകാര്യമാണ്’ പത്താന്‍ പറഞ്ഞു.