ഗുവാഹത്തി: 2026 ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനോട് തോൽവി.
ചൊവ്വാഴ്ച ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഫിഫ വേൾഡ് കപ്പ് 2026 യോഗ്യതാ മത്സരത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനോട് 2-1 ന് തോൽവി ഏറ്റുവാങ്ങിയത്.
രണ്ടാം പകുതിയിലെ രണ്ട് ഗോളുകളാണ് അഫ്ഗാന് വിജയം ഒരുക്കിയത്. ലോക റാങ്കിംഗിൽ 158- നമ്പർ സ്ഥാനത്തുള്ള അഫ്ഗാനോടാണ് 117 റാങ്കിലുള്ള ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം തോറ്റത്.
150-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇന്ത്യൻ താരം സുനിൽ ഛേത്രി പെനാൽറ്റിയിലൂടെ ഇന്ത്യ മത്സരത്തിലെ ആദ്യ ഗോൾ നേടി. ആദ്യപകുതിയുടെ മുപ്പത്തിയെട്ടാമത്തെ മിനിറ്റിലായിരുന്നു ഇത്. മൻവീർ നൽകിയ ക്രോസ് അഫ്ഗാൻ ഫുട്ബോൾ ക്യാപ്റ്റൻ സൊഹൈബ് അമിരിയുടെ കൈയിൽ തട്ടി റഫറി പെനാൽറ്റി വിധിച്ചു.
സ്പോട്ട് കിക്ക് എടുത്ത ഛേത്രിക്ക് പിഴച്ചില്ല. ഛേത്രിയുടെ തൊണ്ണൂറ്റിനാലാമത് രാജ്യാന്തര ഗോളാണിത്. എന്നാൽ രണ്ടാം പകുതിയിൽ റഹ്‌മത്ത് അക്‌ബരി (70’), ഷരീഫ് മുഹമ്മദ് (88’) എന്നിവരുടെ ഗോളുകളിലൂടെ അഫ്ഗാനിസ്ഥാൻ ഗംഭീര തിരിച്ചുവരവ് നടത്തി.
ഇന്ത്യയാണ് തുടക്കം മുതൽ കളിയിൽ മുന്നിട്ടുനിന്നത്. മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടാനുള്ളള ഛേത്രിയുടെ ശ്രമം എതിർ ഗോൾകീപ്പർ രക്ഷപ്പെടുത്തി.
പകുതി സമയത്ത്, ലിസ്റ്റൺ കൊളാക്കോയ്ക്ക് ഇന്ത്യയുടെ ലീഡ് വർദ്ധിപ്പിക്കാൻ മറ്റൊരു അവസരം ലഭിച്ചെങ്കിലും തക്കസമയത്ത് അഫ്ഗാൻ പ്രതിരോധക്കാർ അത് നിഷ്പ്രഭമാക്കി.
രണ്ടാം പകുതി പുരോഗമിക്കുമ്പോൾ അഫ്ഗാനിസ്ഥാൻ ഫുട്ബോൾ ടീം പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി. ആഷ്‌ലി വെസ്റ്റ്‌വുഡ് അറ്റാക്കിംഗ് സബ്‌സ്റ്റിറ്റ്യൂഷനുകൾ ഉപയോഗിച്ച് ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു.
എഴുപതാം മിനിറ്റിൽ അഫ്ഗാൻ സമനില നേടി. നിശ്ചിത സമയത്തിന് രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ, ഷരീഫ് മുഹമ്മദ് പെനാൽറ്റിയിലൂടെ അഫ്ഗാനെ മുന്നിലെത്തിച്ചു. 2-1 തോൽവി ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ യോഗ്യതയെ പ്രതികൂലമായി ബാധിച്ചു. നിന്ന് നാല് പോയിൻറുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാമതാണെങ്കിലും ഗോൾ വ്യത്യാസത്തിൽ അഫ്ഗാനിസ്ഥാനെ മറികടന്നു.
മൂന്ന് പോയിൻറുമായി നാലാം സ്ഥാനത്തുള്ള കുവൈത്തിന് ഒരു കളി ബാക്കിയുണ്ട്. മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയവുമായി എ ഗ്രൂപ്പിലെ ജേതാക്കളാണ് ഖത്തർ.
ഇന്ത്യൻ ഫുട്ബോൾ ടീം രണ്ടാം റൗണ്ട് ഫിഫ ലോകകപ്പ് 2026 യോഗ്യതാ കാമ്പെയ്‌നിലെ അവസാന രണ്ട് മത്സരങ്ങൾ ജൂണിൽ കുവൈത്തിനും ഖത്തറിനുമെതിരെ കളിക്കും.