ബർമിങ്ഹാം: നായകൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്നു നയിച്ചപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രവിജയം. ആവേശകരമായ അഞ്ചാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകളും വീഴ്ത്തിയാണ് ഇന്ത്യൻ പട എജ്ബാസ്റ്റൻ ഗ്രൗണ്ടിൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സിൽ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സിൽ സെഞ്ച്വറിയും നേടിയ ശുഭ്മാൻ ഗിൽ ആണ് കളിയിലെ കേമൻ. രണ്ട് ഇന്നിങ്‌സിലായി പത്തു വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്റെ ബൗളിങ് മികവും ഇന്ത്യക്ക് കരുത്തായി.
സ്‌കോർ ചുരുക്കത്തിൽ:
ഒന്നാം ഇന്നിങ്‌സ്
ഇന്ത്യ: 587 (ശുഭ്മാൻ ഗിൽ 269, രവിന്ദ്ര ജഡേജ 89, യശസ്വി ജയ്‌സ്വാൾ 87. ഷുഐബ് ബാഷിർ 3/167). ഇംഗ്ലണ്ട്: 407 (ഹാരി ബ്രുക്ക് 158, ജാമി സ്മിത്ത് 184. മുഹമ്മദ് സിറാജ് 6/70, ആകാശ് ദീപ് 4/88).
രണ്ടാം ഇന്നിങ്‌സ്
ഇന്ത്യ: 427/6 (ശുഭ്മാൻ ഗിൽ 161, രവിന്ദ്ര ജഡേജ 69 നോട്ടൗട്ട്, ഋഷഭ് പന്ത് 65. ജോഷ് ടങ് 2/93). ഇംഗ്ലണ്ട് 271 (ജാമി സ്മിത്ത് 88. ആകാശ് ദീപ് 6/99).
രണ്ടാം ഇന്നിങ്‌സിൽ എതിരാളികൾക്കു മുന്നിൽ 607 റൺസ് വിജയലക്ഷ്യം വെച്ച ഇന്ത്യ ഇന്നലെ 72 റൺസിനിടെ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏതു ലക്ഷ്യവും ആക്രമിച്ചു മറികടക്കുന്ന ബാസ്ബാൾ ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ടിനു പക്ഷേ, അഞ്ചാം ദിനത്തിൽ ഇന്ത്യ പഴുത് നൽകിയതേയില്ല. മഴ കാരണം കളി വൈകിയാണ് തുടങ്ങിയതെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി സന്ദർശകർ കളി വരുതിയിലാക്കി.
ഒന്നാം ഇന്നിങ്‌സിലെ സെഞ്ചൂറിയൻ ജാമി സ്മിത്ത് (88) ഒഴികെ ഒരാളും 40 റൺസിനു മുകളിൽ പോലും സ്‌കോർ ചെയ്യാതെ പുറത്തായപ്പോൾ ഇംഗ്ലണ്ടിന്റെ വീഴ്ച കരുതിയതിലും വേഗത്തിലായി. ആദ്യ അഞ്ച് ബാറ്റർമാരിൽ നാലു പേരടക്കം ആറു പേരെ മടക്കി ആകാശ് ദീപ് ആണ് ഇംഗ്ലീഷുകാരുടെ അന്തകനായത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവിന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ അഞ്ച് ടെസ്റ്റടങ്ങുന്ന പരമ്പര 1-1 ലായി.