അബുദാബി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും മറ്റൊരു ഒത്തുകളി വിവാദത്തിന്റെ ചുരുളുകള്‍ അഴിയുന്നു. 2021ല്‍ അരങ്ങേറിയ അബുദാബി ട്വന്റി-10 പോരാട്ടത്തില്‍ ഒത്തുകളി നടത്തിയതിന്റെ പേരില്‍ ഒരു ഫ്രാഞ്ചൈസി ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന സണ്ണി ധില്ലന് 6 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഐസിസി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി പരിശീലകനെ വിലക്കി.
2021ലെ ടൂര്‍ണമെന്റില്‍ ഒത്തുകളി നടന്നതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ ധില്ലനടക്കമുള്ളവര്‍ അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എട്ട് പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. അതിലൊരാള്‍ കൂടിയാണ് ധില്ലന്.
2017ല്‍ ആരംഭിച്ചതു മുതല്‍ ക്രിക്കറ്റ് ലോകത്ത് ആവേശം നിറച്ചാണ് അബുദാബി ടി10 പോരാട്ടം ശ്രദ്ധേയമായത്. അതിനിടെയാണ് 2021ലെ മത്സരങ്ങള്‍ ഒത്തുകളി ആരോപണത്തിന്റെ നിഴലിലായത്. ഒരു താരം അമ്പരപ്പിക്കുന്ന രീതിയില്‍ നോബോള്‍ എറിഞ്ഞതോടെയാണ് കള്ളക്കളി വെളിച്ചത്തായത്. ക്രീസ് വീട്ട് കൂടുതല്‍ മുന്നോട്ട് കയറി പന്തെറിയുന്ന താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഈ ചിത്രം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഒത്തുകളി സംശയിക്കും.
ഐസിസിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥനും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ധില്ലന്റെ വിഷയത്തിലെ പങ്കാളിത്തം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അഴിമതി വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.1.1, 2.4.4, 2.4.6 എന്നിവയുടെ ലംഘനമാണ് കണ്ടെത്തിയത്. മത്സര ഫലത്തെ സ്വാധീനിക്കാനായി മനഃപൂര്‍വം ഇടപെട്ടു, സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്നതില്‍ പരാജയപ്പെട്ടു, അന്വേഷണത്തോടു സഹകരിച്ചില്ല എന്നിവയാണ് ധില്ലനെതിരായ കുറ്റങ്ങള്‍.സംഭവവുമായി ബന്ധപ്പെട്ട് 2023 സെപ്റ്റംബറില്‍ ധില്ലനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ആ സമയം മുതല്‍ക്കാണ് നിലവില്‍ പ്രഖ്യാപിച്ച വിലക്ക് പ്രാബല്യത്തില്‍ വന്നത്.