ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ അന്താരാഷ്ട്ര താരം നാനി വിരമിക്കല്‍ പ്രഖ്യാപിച്ചു. 38 കാരനായ നാനി പോര്‍ച്ചുഗല്‍ ക്ലബ്ബായ എസ്റ്റ്രീലാ അമാഡോറയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ മാസം അവസാനമായി കളിച്ചത്. 20 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനാണ് നാനി അവസാനം കുറിക്കുന്നത്. പ്രൊഫഷണല്‍ താരമെന്ന് നിലയില്‍ താന്‍ കരിയറിന് അവസാനം കുറിക്കുന്നുവെന്ന് നാനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിട പറയാന്‍ സമയമായി. പുതിയ ലക്ഷ്യങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമായി യാത്ര തുടരുന്നു എന്നാണ് താരം കുറിച്ചത്.
പോര്‍ച്ചുഗലിനായി 112 മല്‍സരങ്ങള്‍ കളിച്ച നാനി 24 ഗോളുകളും ദേശീയ ടീമിനായി നേടിയിട്ടുണ്ട്. 2016ല്‍ യൂറോ കപ്പ് നേടിയ പോര്‍ച്ചുഗല്‍ ടീം അംഗമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വലന്‍സിയാ, ലാസിയാ ഒര്‍ലാന്റ് സിറ്റി, വെനീസിയാ, മെല്‍ബണ്‍ വിക്ടറി, അഡാനാ ഡിമിര്‍സ്‌പോര്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 2007ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ എത്തുന്നത്.230 മല്‍സരങ്ങള്‍ യുനൈറ്റഡിനായി കളിച്ചു. 41 ഗോളുകള്‍ നേടിയിട്ടുണ്ട്. യുനൈറ്റഡിനായി ചാംപ്യന്‍സ് ലീഗ് കിരീടവും നാല് പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് ലീഗ് കപ്പും നേടിയിട്ടുണ്ട്. എട്ട് സീസണുകള്‍ യുനൈറ്റഡിനായി കളിച്ചിട്ടുണ്ട്.