മുംബൈ– മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
2011 മുതൽ ദേശീയ ടീമിന് വേണ്ടി കളിച്ച അഥിതി, ഇന്ത്യയ്ക്ക് വേണ്ടി 57 അന്താരാഷ്ട്ര മത്സരങ്ങളിൽ വല കാത്തിട്ടുണ്ട്. രണ്ട് ഏഷ്യൻ കപ്പ് ഗോൾഡ് മെഡലുകളും മൂന്ന് സാഫ് കപ്പ് കിരീടങ്ങളുമടക്കം നിരവധി നേട്ടങ്ങളിൽ പങ്കാളിയായിരുന്നു അഥിതി.
ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഫുട്ബോൾ ജീവിതം ആരംഭിച്ച അഥിതിക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള വാതിൽ തുറന്നത് ഇംഗ്ലണ്ടിലെ ബിരുദാനന്തര പഠനത്തിനായി പോയതോടെയാണ്. കോളേജ് ഫുട്ബോൾ ടീമിൽ നിന്നാരംഭിച്ച യാത്ര, വെസ്റ്റ്ഹാം യുണൈറ്റഡ് വനിതാ ടീമിലേക്ക് എത്തി. മൂന്ന് വർഷം വെസ്റ്റ്ഹാമിനായി 20 മത്സരങ്ങൾ കളിച്ച്, ഇംഗ്ലീഷ് പ്രൊഫഷണൽ ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രവും അവർ കുറിച്ചിട്ടുണ്ട്
2018ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അഥിതി, ഇന്ത്യ റഷ് ക്ലബിനായി ഒറ്റ സീസൺ കളിക്കുകയും, തുടർന്ന് ഗോകുലം കേരള എഫ്.സി.യുടെ വനിതാ ടീമിൽ ഇടം പിടിക്കുകയും ചെയ്തു. ഇന്ത്യൻ വുമൺസ് ലീഗിൽ ഗോകുലം കേരളക്ക് രണ്ട് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കാളിയായിരുന്നു താരം. 2021 എഎഫ്‌സി വുമൺസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും ടീമിനൊപ്പം നേടിയിരുന്നു.
നിലവിൽ സ്ത്രീകളുടെ ഫുടബോളിലൂടെയുള്ള ഉന്നമനത്തിനായി ഷീ കിക്ക്സ് എഫ്.എ എന്ന പേരിൽ പ്രസ്ഥാനം നടത്തുകയാണ് താരം.