ദോഹ– ഫിഫ അറബ് കപ്പ് ഖത്തർ 2025-ന് ഇനി 100 ദിവസങ്ങൾ മാത്രം. ഡിസംബർ 1 മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന ഈ അറബ് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മത്സരം, പ്രദേശത്തെ മികച്ച ടീമുകളെ ഒന്നിച്ചുകൊണ്ടുവന്ന് കിരീടത്തിനായി പോരടിപ്പിക്കും.
ഖത്തർ രണ്ടാം തവണയാണ് ഈ പ്രശസ്ത ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. 2021-ൽ, ഫിഫയുടെ കീഴിൽ ആദ്യമായി നടന്ന ഫിഫ അറബ് കപ്പിന്റെ ആദ്യ പതിപ്പ് ഖത്തർ തന്നെയായിരുന്നു ആതിഥ്യം വഹിച്ചിരുന്നത്. 6 ലക്ഷത്തിലധികം ടിക്കറ്റുകൾ വിതരണം ചെയ്യപ്പെട്ട ആ ടൂർണമെന്റ്, 272 മില്യൺ ആഗോള ടിവി പ്രേക്ഷകരെ ആകർഷിച്ച് വൻ വിജയമായിരുന്നു.
ആകെ 23 ടീമുകളാണ് ഫിഫ അറബ് കപ്പ് ഖത്തർ 2025-ന്റെ കിരീടത്തിനായി മത്സരിക്കുന്നത്. ഫിഫ റാങ്കിംഗിൽ ഉയർന്ന സ്ഥാനത്തുള്ള 9 ടീമുകൾ യാന്ത്രികമായി യോഗ്യത നേടിയപ്പോൾ, 14 ടീമുകൾ ബാക്കി 7 സ്ഥാനങ്ങൾക്കായി യോഗ്യതാ മത്സരങ്ങളിൽ ഏറ്റുമുട്ടും.
“ഫിഫ അറബ് കപ്പ് ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രത്യേക സ്ഥാനമുള്ള ഒന്നാണ്. ഈ ടൂർണമെന്റ് ഫുട്ബോളിനപ്പുറം, നമ്മുടെ ആവേശവും ഐഡന്റിറ്റിയും ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. കളിക്കാരെയും ആരാധകരെയും ഒന്നിപ്പിക്കുന്ന ഈ ടൂർണമെന്റ് രണ്ടാം തവണയും ആതിഥ്യം വഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് അറബ് ഫുട്ബോളിന്റെ മികവിനെ ആഘോഷിക്കുകയും കായികരംഗത്തെ ഒന്നിപ്പിക്കാനുള്ള ശക്തിയെ വീണ്ടും പ്രകടമാക്കുകയും ചെയ്യും.” സ്‌പോർട്‌സ് ആൻഡ് യൂത്ത് മന്ത്രിയും ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി പറഞ്ഞു.
“വർഷം തോറും വൻ കായിക ഇവന്റുകൾ ആതിഥ്യം വഹിക്കാനുള്ള ഖത്തറിന്റെ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫിഫ അറബ് കപ്പ് ഈ സമ്പന്നമായ കായിക പൈതൃകത്തിന്റെ മറ്റൊരു അധ്യായമാണ്. അറബ് ഐക്യത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനും, അറബ് ലോകത്തിന്റെ സമ്പന്നമായ സംസ്കാരം പ്രദർശിപ്പിക്കാനും, കായിക രംഗത്തും മറ്റ് മേഖലകളിലും അതിന്റെ ജനങ്ങളുടെ അപാരമായ കഴിവുകൾ വെളിപ്പെടുത്താനും ഈ ടൂർണമെന്റ് ഒരു അവസരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ചാമ്പന്മാർ അൾജീരിയ ‘ദി ഗ്രീൻസ്’ വീണ്ടുമെത്തുന്നു


2021-ൽ ആദ്യ ഫിഫ അറബ് കപ്പ് നേടിയത് അൾജീരിയയാരുന്നു. അൾജീരിയയുടെ പ്രശസ്ത സ്‌ട്രൈക്കർ ബാഗ്ദാദ് ബൗനെജാ ഫിഫ അറബ് കപ്പിന്റെ പ്രാധാന്യം ഫുട്ബോളിനപ്പുറമാണെന്ന് വ്യക്തമാക്കി. “ഈ ടൂർണമെന്റ് അറബ്, ഇസ്ലാമിക സംസ്കാരങ്ങളെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഐഡന്റിറ്റിയുടെ ആഘോഷവും, ഫുട്ബോളിനോടുള്ള നമ്മുടെ പൊതുവായ ആവേശം ആഗോളതലത്തിൽ കാണിക്കാനുള്ള അവസരവുമാണ് ഇത്.” കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്ന 33-കാരനായ താരം, ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയോട് പറഞ്ഞു.
“2021-ൽ ഫിഫ അറബ് കപ്പും തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റായ വേൾഡ് കപ്പും ഖത്തർ വിജയകരമായി ആതിഥ്യം വഹിച്ചു. ഈ നേട്ടത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു, കാരണം ഇത് വൻ കായിക ഇവന്റുകൾ നടത്താനുള്ള അറബ് ലോകത്തിന്റെ കഴിവിനെ പ്രകടമാക്കുന്നു,” ഖത്തർ സ്റ്റാർസ് ലീഗിൽ അൽ-ഷമാൽ ക്ലബ്ബിനായി കളിക്കുന്ന ബൗനെജാ കൂട്ടിച്ചേർത്തു.
നിലവിലെ ചാമ്പ്യന്മാരായ അൾജീരിയ, ഗ്രൂപ്പ് ഡി-യിൽ ഇറാഖിനൊപ്പം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബഹ്റൈൻ vs ജിബൂട്ടി, സുഡാൻ vs ലെബനൻ എന്നീ യോഗ്യതാ മത്സരങ്ങളുടെ വിജയികളും ഈ ഗ്രൂപ്പിൽ ചേരും. ഈ മത്സരങ്ങൾ ഖത്തറിൽ നവംബർ 25, 26 തീയതികളിൽ നടക്കും.
നാല് വർഷം മുമ്പ്, 2021-ൽ, അൽ ബൈത് സ്റ്റേഡിയത്തിൽ 60,456 കാണികളുടെ മുന്നിൽ ടുണീഷ്യയെ 2-0ന് തോൽപ്പിച്ച് അൾജീരിയ ‘ദി ഗ്രീൻസ്’ ഫിഫ അറബ് കപ്പ് കിരീടം നേടിയിരുന്നു.
“അറബ് കപ്പ് നേടിയത് ടീമിന് വലിയ നേട്ടമായിരുന്നു, പ്രത്യേകിച്ച് ഖത്തറിൽ വേൾഡ് കപ്പ് സ്റ്റേഡിയങ്ങളിൽ കളിച്ചാണ് ഞങ്ങൾ വിജയിച്ചത്. ആ കിരീടം ഉയർത്തിയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്. ടീമിനൊപ്പവും ആരാധകർക്കൊപ്പവും ആഘോഷിക്കുന്നത് അവിസ്മരണീയമായിരുന്നു,” ബൗനെജാ പറഞ്ഞു.
2021-ൽ ടീമിന് ലഭിച്ച ശക്തമായ ആരാധക പിന്തുണ കണ്ട ബൗനെജാ, അൾജീരിയൻ ആരാധകർ ഇത്തവണയും വൻതോതിൽ സ്റ്റേഡിയത്തിൽ എത്തി ടീമിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. “അൾജീരിയൻ ആരാധകർ ഫുട്ബോളിനോട് അതീവ താൽപര്യമുള്ളവരാണ്, അവർ എപ്പോഴും ദേശീയ ടീമിനെ പിന്തുണയ്ക്കാൻ ആവേശഭരിതരാണ്. അറബ് കപ്പിൽ മറ്റൊരു മികച്ച പ്രകടനം കാഴ്ചവെക്കാനും, ആരാധകരെ വീണ്ടും അഭിമാനിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഫിഫ അറബ് കപ്പ് ഖത്തർ 2025, 2022-ലെ ഫിഫ വേൾഡ് കപ്പിന് ആതിഥ്യം വഹിച്ച ആറ് സ്റ്റേഡിയങ്ങളിൽ നടക്കും. എല്ലാ വേദികളും പൊതുഗതാഗത സംവിധാനങ്ങളാൽ തടസ്സമില്ലാതെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു, ശാരീരിക വെല്ലുവിളികളുള്ള ആരാധകർക്ക് തടസ്സരഹിത അനുഭവം പ്രദാനം ചെയ്യാനുള്ള സൗകരിയവും ഒരുക്കിയിട്ടുണ്ട്.
ഈ വർഷത്തെ ടൂർണമെന്റിന് പുറമേ, ഖത്തർ 2025-ന്റെ അവസാനം വരെ നിരവധി ടൂർണമെന്റുകൾക്ക് ആതിഥ്യം വഹിക്കും. അതിൽ നവംബർ 3-27 വരെ നടക്കുന്ന ഫിഫ അണ്ടർ-17 വേൾഡ് കപ്പും ഉൾപ്പെടുന്നുണ്ട്
2029, 2033 വർഷങ്ങളിലും ഖത്തർ ഫിഫ അറബ് കപ്പിന് ആതിഥ്യം വഹിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.