ഷാലറ്റ്: കോപ്പാ അമേരിക്കയില്‍ ലൂസേഴ്‌സ് ഫൈനലില്‍ ഉറുഗ്വെയ്ക്ക് ജയം. കന്നിയങ്കത്തിനെത്തി സെമിയില്‍ പരാജയപ്പെട്ട കാനഡയോട് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഷൂട്ടൗട്ടിലാണ് ഉറുഗ്വെ ജയം. 4-3നാണ് ഉറുഗ്വെ ജയം. പകരക്കാരനായി ഇറങ്ങിയ ഇതിഹാസ താരം ലൂയിസ് സുവാരസാണ് ഉറുഗ്വെയെ രക്ഷപ്പെടുത്തിയത്.
കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന പ്രായമേറിയ താരമെന്ന റെക്കോഡ് ലൂയി സുവാരസ് സ്വന്തമാക്കി. 37 വയസും അഞ്ച് മാസവും 21 ദിവസവും പ്രായമുള്ളപ്പോഴാണ് സുവാരസ് കാനഡക്കെതിരെ ഗോള്‍ കണ്ടെത്തിയത്. ഉറുഗ്വായിക്ക് വേണ്ടിയും ഗോള്‍ നേടുന്ന പ്രായമായ താരവും സുവാരസ് തന്നെയാണ്.
മത്സരത്തിലെ ഗോളോടെ ലുയി സുവാരസ് ഗോള്‍നേട്ടം 69 ആക്കി ഉയര്‍ത്തിയിരുന്നു. 142ാം മത്സരങ്ങളില്‍ നിന്നാണ് സുവാരസ് ഇത്രയും ഗോള്‍ കണ്ടെത്തിയത്. ഇതിന് മുമ്പ് 2022 മാര്‍ച്ച് 29ന് ചിലെക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു സുവാരസ് അവസാനമായി ഗോള്‍ നേടിയത്.
ഇതിന് മുമ്പ് അര്‍ജന്റീനയുടെ ഏഞ്ചല്‍ ലാബ്രുനയായിരുന്നു കോപ അമേരിക്കയില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കൂടി താരം. 37 വയസും 34 ദിവസവുമായിരുന്നു ഗോള്‍ നേടുമ്പോള്‍ ലാബ്രുനയുടെ പ്രായം. 1956 ജനുവരി 29ന് ചിലെക്കെതിരെയായിരുന്നു ഗോള്‍.
ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് കാനഡ മടങ്ങിയത്. 2-1ന്റെ പരാജയമണത്ത് ഉറുഗ്വെയെ ഇഞ്ചുറി ടൈം ഗോളില്‍ സുവാരസ് രക്ഷപ്പെടുത്തുകയായിരുന്നു. ഉറുഗ്വെയ്ക്കായി ഫെഡെറിക്കോ വാല്‍വെര്‍ദെ, റൊഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജ്ജിയന്‍ അരസാക്കെറ്റ്, സുവാരസ് എന്നിവര്‍ ലക്ഷ്യം കണ്ടു. കാനഡയുടെ ഇസ്മായി കോനെയുടെ ഷോട്ട് ഉറുഗ്വെ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റോച്ചെറ്റ് രക്ഷപ്പെടുത്തി. ജൊനാതന്‍ ഡേവിഡ്, മോയിസ് ബോംബിറ്റോ, മത്തിയു കോയിനിറെ എന്നിവരാണ് കാനഡയ്ക്കായി ലക്ഷ്യം കണ്ടത്. അഞ്ചാം കിക്കെടുത്ത അല്‍ഫോണ്‍സോ ഡേവിസിന്റെ ഷോട്ട് ക്രോസ്ബാറിലടിച്ച് പുറത്തായി. ഇതോടെ ഉറുഗ്വെ ജയം ഉറപ്പിക്കുകയായിരുന്നു.
ഇരുടീമും തുടക്കം മുതലേ ആക്രമിച്ച് കളിച്ചിരുന്നു. പന്തടക്കത്തില്‍ കാനഡയാണ് മുന്നിട്ട് നിന്നത്. കാനഡ 14ഓളം ഷോട്ടുകളാണ് ഗോളിനായി അടിച്ചത്. ഉറുഗ്വെ 12 ഷോട്ടുകള്‍ അടിച്ചു. ഓണ്‍ ടാര്‍ഗറ്റിലും കാനഡയാണ് മുന്നില്‍ ആറ് തവണ ഗോളിനായി അവര്‍ ശ്രമം നടത്തി. അഞ്ച് തവണയാണ് ഉറുഗ്വെ എതിര്‍ ഗോള്‍ ചലിപ്പിക്കാന്‍ ശ്രമിച്ചത്. ഉറുഗ്വെയുടെ നാല് ഷോട്ടുകളാണ് കാനേഡിയന്‍ ഗോളി തകര്‍ത്തത്. കാനഡയുടെ മൂന്ന് ഷോട്ടുകള്‍ ഉറുഗ്വെ ഗോളിയും തകര്‍ത്തു.