മിലാൻ– ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാന്റെ തട്ടകമായ സാൻ സിറോയിൽ ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങുകയാണ് നോർവേ ക്ലബ്ബായ ബോഡോ ഗ്ലിംറ്റ്. ഇന്ററിനെ സമനിലയിൽ തളച്ചാൽ തന്നെ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് 16ലേക്ക് കടക്കും. ഇന്ത്യൻ സമയം അർദ്ധരാത്രി 1:30നാണ് മത്സരം. ആദ്യപാദത്തിൽ ചാമ്പ്യൻസ് ലീഗിലെ നിലവിലെ റണ്ണറപ്പായ ഇന്ററിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഈ മഞ്ഞ ജേഴ്‌സിക്കാർ തകർത്തത്.
55000 ത്തിൽ കുറവ് ജനസംഖ്യയുള്ള ഈ നഗരം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടുന്നത്. ആർട്ടിക് മേഖലയിൽ നിന്ന് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്ന ആദ്യത്തെ ക്ലബ്ബും ഇവർ തന്നെയാണ്. ഇന്ററിനെ മാത്രമല്ല യൂറോപ്പിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെയും അത്ലറ്റിക്കോ മാഡ്രിഡിനെയും തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ബോഡോ ഗ്ലിംറ്റ് ഇന്നിറങ്ങുന്നത്. “ഞങ്ങൾക്ക് ആരെയും തോൽപ്പിക്കാനാകുമെന്ന് വിശ്വാസമുണ്ട്, നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ മികച്ച കളി പുറത്തെടുക്കും,” ബോഡോ മിഡ്ഫീൽഡർ പാട്രിക് ബെർഗ് പറയുന്നത്.
രണ്ടു ഗോളിന്റെ പിറകിലാണെങ്കിലും സ്വന്തം തട്ടകത്തിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇന്റർ.
ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് ക്ലബ് ബ്രൂഗിനെ നേരിടും. ആദ്യപാദത്തിൽ ഇരു ടീമുകളും മൂന്ന് ഗോൾ വീതമടിച്ചാണ് പിരിഞ്ഞത്. ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ പാദത്തിൽ നേടിയ വമ്പൻ വിജയത്തിന്റെ (6-1) ആത്മവിശ്വാസത്തിലാണ് ഇന്ന് ഖറബാഗിനെ നേരിടുന്നത്. നാലാമത്തെ മത്സരത്തിൽ ജർമ്മൻ ക്ലബ്ബായ ബയർ ലെവർകൂസൻ ഒളിമ്പിയാക്കോസിനെ നേരിടും. ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമൻ ക്ലബ്ബ് ജയിച്ചിരുന്നു.



