ബിൽബാവോ: മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ടോട്ടനം ഹോട്ട്സ്പർ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി. സ്പെയിനിലെ ബിൽബാവോയിലെ സാൻ മമേസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യപകുതിയിൽ ബ്രെന്നൻ ജോൺസൻ നേടിയ ഗോളാണ് മത്സരത്തിലെ ഗതി നിർണയിച്ചത്. 1984-ന് ശേഷം ടോട്ടനം നേടുന്ന ആദ്യ യൂറോപ്യൻ കിരീടവും 2008-ലെ ലീഗ് കപ്പിന് ശേഷമുള്ള അവരുടെ ആദ്യ പ്രധാന കിരീടവുമാണിത്.
ഇരു ടീമുകളും കരുതലോടെ കളിച്ച ആദ്യപകുതിയുടെ അവസാന ഘട്ടത്തിലാണ് നിർണായക ഗോൾ പിറന്നത്. ടോട്ടനം ഹോട്സ്പറിന്റെ മികച്ച ടീം ഗെയിമിനൊടുവിൽ പെപെ സാർ ബോക്സിലേക്ക് നൽകിയ ക്രോസിൽ മാഞ്ചസ്റ്റർ ഡിഫന്റർ ലൂക്ക് ഷോയ്ക്കും ഗോൾകീപ്പർ ഒനാനയ്ക്കുമിടയിലെ ആശയക്കുഴപ്പമാണ് ഗോളിൽ കലാശിച്ചത്. ഷോയുടെ നെഞ്ചിൽ തട്ടിവീണ പന്ത് ഒനാനയ്ക്ക് കിട്ടുംമുമ്പേ ജോൺസൺ വലയിലേക്ക് തട്ടിയിടുകയായിരുന്നു.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, ടോട്ടനം ഗോൾകീപ്പർ ഗുഗ്ലിയേൽമോ വികാരിയോയുടെ മികച്ച സേവുകളും ഡിഫൻഡർ മിക്കി വാൻ ഡെ വെനിന്റെ നിർണായക ഇടപെടലുകളും യുണൈറ്റഡിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി. 68-ാം മിനിറ്റിൽ റാസ്മസ് ഹോയ്‌ലുണ്ട് ഗോൾകീപ്പറെ നിസ്സഹായനാക്കി പന്ത് ഗോളിലേക്ക് ഹെഡ്ഡ് ചെയ്തെങ്കിലും അക്രോബാറ്റിക് ശ്രമത്തിലൂടെ ഹെഡർ വാൻ ഡെ വെൻ ഗോൾലൈനിൽ നിന്ന് പന്ത് അടിച്ചൊഴിവാക്കി. 97-ാം മിനിറ്റിൽ ലൂക്ക് ഷോയുടെ ഹെഡർ വികാരിയോ അതിമനോഹരമായി രക്ഷപ്പെടുത്തുകയും ചെയ്തു.
ജയത്തോടെ ടോട്ടനം 2025-26 യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത ഉറപ്പാക്കി. ഫൈനലിലെ അവസാന ഘട്ടത്തിൽ സബ്സ്റ്റിട്ട്യൂട്ട് ആയെത്തിയ ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിന്, 2015 മുതൽ ക്ലബിനൊപ്പമുള്ള തന്റെ ആദ്യ കിരീടനേട്ടമാണിത്. രണ്ടാം സീസണിൽ കിരീടം നേടുമെന്ന് വാഗ്ദാനം ചെയ്ത പരിശീലകൻ ആഞ്ചെ പോസ്റ്റെക്കോഗ്ലൂ വാക്കുപാലിച്ചു.