ന്യൂഡൽഹി – അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഇതിഹാസതാരം സുനിൽ ഛേത്രി. തുടർച്ചയായി 19 വർഷം രാജ്യത്തിനായി ബൂട്ടണിഞ്ഞ ഛേത്രി ജൂൺ ആദ്യവാരം ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷമാണ് ഇന്ത്യൻ ജഴ്‌സി അഴിക്കുക. ജൂൺ ആറിന് കുവൈത്തുമായാണ് അവസാന അന്താരാഷ്ട്ര മത്സരം നടക്കുകയെന്ന് താരം സമൂഹമാധ്യമത്തിലിട്ട പ്രത്യേക വീഡിയോയിൽ അറിയിച്ചു.
ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച് മൈതാനം നിറഞ്ഞാടിയ താരമാണ് 39-കാരനായ സുനിൽ ഛേത്രി. നിലവിൽ സജീവമായ ഫുട്‌ബോളർമാരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ അടിച്ചുകൂട്ടിയ മൂന്നാമത്തെ താരവും ഛേത്രിയാണ്. അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസി (180 മത്സരങ്ങളിൽ 106 ഗോൾ), പോർച്ചുഗലിന്റെ തുരുപ്പ് ചീട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ (205 മത്സരങ്ങളിൽ 128 ഗോൾ) എന്നിവർക്ക് പിന്നാലെ, 150 മത്സരങ്ങളിൽനിന്നായി 94 ഗോളുകളാണ് ഛേത്രിയുടെ സമ്പാദ്യം.
2005 ജൂൺ 12ന് പാകിസ്താനിലെ സ്റ്റേഡിയത്തിൽ പാക് ടീമിനെതിരെയായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ഗോൾരഹിത മത്സരത്തിന്റെ 65-ാം മിനിറ്റിൽ പാക് വല ചലിപ്പിച്ചായിരുന്നു മുന്നേറ്റം. ഇന്ത്യക്കായി ആദ്യ അന്താരാഷ്ട്ര മത്സരത്തിൽതന്നെ ഗോളടിച്ചതോടെ ഛേത്രി സൂപ്പർതാരമായി ശ്രദ്ധിക്കപ്പെട്ടു. പോർചച്ചുഗലിലും അമേരിക്കയിലും പന്തുതട്ടിയ താരം ഒരു വേള ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വക്കോളവുമെത്തി. 1984 ആഗസ്ത് മൂന്നിന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദിൽ ജനിച്ച ഛേത്രി രാജ്യത്തെ മുൻനിര ക്ലബ്ബുകളായ കൊൽക്കത്ത മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്.സി, ചർച്ചിൽ ബ്രദേഴ്‌സ് ഗോവ, മുംബൈ സിറ്റി അടക്കമുള്ള ക്ലബുകൾക്കായെല്ലാം പോയകാലങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
ആറ് തവണ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ‘പ്ലെയർ ഓഫ് ദ ഇയർ’ അവാർഡ് നേടിയ ഛേത്രിയെ രാജ്യം 2011-ൽ അർജുന അവാർഡും 2019-ൽ പത്മശ്രീയും നൽകി ആദരിച്ചിരുന്നു. 2008-ലെ എ.എഫ്.സി ചലഞ്ച് കപ്പ്, 2011, 2015 വർഷങ്ങളിലെ സാഫ് ചാമ്പ്യൻഷിപ്പ്, 2007, 2009, 2012 വർഷങ്ങളിലെ നെഹ്‌റു കപ്പ്, 2017, 2018 വർഷങ്ങളിലെ ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നി ഇന്ത്യൻ ടീമിന്റെ കിരീടനേട്ടത്തിലും കളിയാരാധകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് ഛേത്രി. കുറിയ പാസുകളും മിന്നൽ നീക്കങ്ങളുമായി എതിർ കോട്ടകളെ അടിയറവ് പറയിച്ച് മൈതാനത്ത് അസാമാന്യമായ പ്രതിഭാവിലാസമാണ് ഈ താരം പുറത്തെടുത്തത്.
ഇന്ത്യക്കായുള്ള അരങ്ങേറ്റം ഒരിക്കലും മറക്കാനാവാത്തതും അവിസ്മരണീയവുമാണെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും നായകനുമായ ഛേത്രി വ്യക്തമാക്കി. പിന്നിട്ട 19 വർഷം സമ്മർദ്ദവും സന്തോഷവും നിറഞ്ഞതായിരുന്നു. അടുത്ത മത്സരം എന്റെ അവസാനത്തേതായിരിക്കും. ഈ കാര്യം ഞാനെന്റെ കുടുംബത്തോടും പറഞ്ഞു: അച്ഛൻ സ്വാഭാവികമായാണ് പ്രതികരിച്ചതെങ്കിൽ ഭാര്യയും അമ്മയും കരഞ്ഞുവെന്നും സുനിൽ ഛേത്രി പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group