ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോൡന് തകർത്ത് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കി. സ്വന്തം ഗ്രൗണ്ടിൽ നടന്ന പോരിൽ 71-ാം മിനുട്ടിൽ പ്രതിരോധ താരം മാർക്ക് കുക്കുറേയ നേടിയ ഗോളിലാണ് ചെൽസി യുനൈറ്റഡിന് ലീഗ് സീസണിലെ 18-ാം പരാജയം സമ്മാനിച്ചത്. ഇതോടെ, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു വേണ്ടി വിയർക്കേണ്ടി വരുമെന്നുറപ്പായി.
എവേ ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും രണ്ടാം പകുതിയിലെ മികവ് ചെൽസിക്ക് ജയം സമ്മാനിക്കുകയായിരുന്നു. 61-ാം മിനുട്ടിൽ റഫറി ചെൽസിക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചെങ്കിലും വാർ ഇടപെട്ട് അത് നിഷേധിച്ചു. എങ്കിലും 71-ാം മിനുട്ടിൽ ചെൽസി സമനിലപ്പൂട്ട് പൊട്ടിച്ചു. റീസ് ജെയിംസ് എടുത്ത കോർണർ കിക്കിൽ നിന്ന് ഹെഡ്ഡർ വഴിയാണ് കുക്കുറേയ വലകുലുക്കിയത്.
ജയത്തോടെ 37 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി ചെൽസി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ലിവർപൂൾ ചാമ്പ്യന്മാരായെങ്കിലും രണ്ട് മുതൽ മുതൽ ഏഴ് വരെ സ്ഥാനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ശക്തമാണ്. രണ്ട് മത്സരങ്ങൾ കൈയിലുള്ള ആഴ്‌സനൽ 68 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ന്യൂകാസിൽ, ചെൽസി, ആസ്റ്റൻ വില്ല എന്നിവർക്ക് 66 പോയിന്റ് വീതമാണുള്ളത്. ഇതിൽ ന്യൂകാസിലിന് രണ്ട് മത്സരം കൂടി കളിക്കാനുള്ളപ്പോൾ ചെൽസിക്കും വില്ലക്കും ഒരു കളി മാത്രമാണുള്ളത്. അതേസമയം, രണ്ട് കളി കൈവശമുള്ള മാഞ്ചസ്റ്റർ സിറ്റി 65 പോയിന്റോടെ ആറാം സ്ഥാനത്തും നോട്ടിങ്ങാം ഫോറസ്റ്റ് 62 പോയിന്റോടെ ഏഴാം സ്ഥാനത്തുമാണ്.
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്കാണ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയുക. അതോടൊപ്പം യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ ജയിച്ചാൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോ ടോട്ടനം ഹോട്‌സ്പറിനോ അവസരമുണ്ടാകും. അതായത് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലണ്ടിൽ നിന്ന് ആറ് ടീമുകളുണ്ടാകും. ആറാമതായി ഫിനിഷ് ചെയ്യുന്ന ടീം യൂറോപ്പ ലീഗിനും യോഗ്യത നേടും.
ഇന്ന് നടക്കുന്ന എഫ്.എ കപ്പ് ഫൈനലിൽ ക്രിസ്റ്റൽ പാലസിന് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ യൂറോപ്പ ലീഗിന് അവർക്കും യോഗ്യത നേടാൻ കഴിയും. ഇംഗ്ലീഷ് ലീഗ് കപ്പ് ചാമ്പ്യൻമാരായ ന്യൂകാസിലിന് അടുത്ത സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് കളിക്കാൻ അർഹതയുണ്ടെങ്കിലും അവർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാൻ ഇടയുള്ളതിനാൽ ആ അവസരം നഷ്ടമാകാനാണ് സാധ്യത.