താന്‍ റെക്കോഡുകള്‍ പിന്തുടരാറില്ലെന്നും അവയെല്ലാം തന്നെയാണ് പിന്തുടരുന്നതെന്നും അടുത്തിടെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു. സൗദി പ്രോ ലീഗ് ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് തന്റെ പേരില്‍ കുറിച്ച് കൊണ്ടായിരുന്നു റൊണാള്‍ഡോയുടെ മറുപടി. ഈ പോസ്റ്റ് ഇട്ട് ആഴ്ചകള്‍ക്ക് ശേഷം മറ്റൊരു അപൂര്‍വ്വ റെക്കോഡും പറങ്കികളുടെ കപ്പിത്താന്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നു. യൂറോ കപ്പിന്റെ ചരിത്രത്തില്‍ ആറ് സീസണുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടം. അതാണ് ക്രിസ്റ്റി ചെക്ക് റിപ്പബ്ലിക്കിനെതിരായ യൂറോയിലെ മല്‍സരത്തില്‍ സ്വന്തമാക്കിയത്. 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ കളിച്ചത്. ഇത് താരത്തിന്റെ ആറാം യൂറോ കപ്പാണ്. യൂറോപ്പില്‍ ഏറ്റവും അധികം ഗോളടിച്ച താരം എന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത താരം എന്ന റെക്കോര്‍ഡും റൊണാള്‍ഡോയുടെ പേരില്‍ തന്നെയാണ്. അഞ്ച് യൂറോ കളിച്ച സ്‌പെയിനിന്റെ ഈക്കര്‍ കസിയസിനെ മറികടന്നാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്.
യുവേഫ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്. 2004-ല്‍ സ്വന്തം മണ്ണില്‍ നടന്ന യൂറോ ടൂര്‍ണമെന്റിലാണ് ആദ്യമായി കളിച്ചത്. അന്ന് ലിസ്ബണിലെ ലൂസ് സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരത്തില്‍ ഗ്രീസിനോട് 1-0ന് തോറ്റ് റണ്ണറപ്പായപ്പോള്‍ കണ്ണീരോടെ കളംവിട്ട ക്രിസ്റ്റ്യാനോയെ ലോകം കണ്ട എക്കാലത്തേയും മികച്ച പരിശീകരില്‍ ഒരാളായ ലൂയി ഫിലിപ് സ്‌കോളാരി യാത്രയാക്കുന്നതു കണ്ട് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കണ്ണീര്‍ വാര്‍ത്തിരുന്നു. തുടര്‍ന്നിങ്ങോട്ട് കാല്‍പന്ത് പ്രേമികളുടെ മാനസക്കൊട്ടാരത്തില്‍ മാന്ത്രിക കാലുകളുടെ മാരകപ്രഹരശേഷിയും വേഗതയും കരുത്തും കൊണ്ട് സിആര്‍ സെവന്‍ എന്ന പേരില്‍ അദ്ദേഹം ഇടംനേടി.
2004ല്‍ യൂറോ അരങ്ങേറ്റത്തില്‍ ഗ്രീസിനെതിരെ ഗോളടിച്ചാണ് ക്രിസ്റ്റ്യാനോ ഫുട്ബോൾ ലോകത്തിന്റെ രാജകുമാരനായത്. തുടര്‍ന്നിങ്ങോട്ട് ടൂര്‍ണമെന്റിന്റെ എല്ലാ പതിപ്പുകളിലും അദ്ദേഹത്തിന്റെ കളിമികവിന് ലോകം സാക്ഷിയായി. 2004, 2008, 2012, 2016, 2021 യൂറോ ഫൈനല്‍ റൗണ്ടുകളിലായി 25 മത്സരങ്ങള്‍ കളിച്ചു. കഴിഞ്ഞ അഞ്ച് സീസണുകളില്‍ പോര്‍ച്ചുഗലിന്റെ ഒരു കളി മാത്രമാണ് താരത്തിന് നഷ്ടമായത്.
യൂറോയിലെ എക്കാലത്തെയും മികച്ച സ്‌കോറര്‍ മൈക്കല്‍ പ്ലാറ്റിനിയെ റൊണാള്‍ഡോ നേരത്തേ തന്നെ പിന്നിലാക്കിയിരുന്നു. യൂറോയില്‍ 14 ഗോളുകള്‍ നേടിയ അദ്ദേഹം സ്വന്തം റെക്കോഡ് തന്നെ തിരുത്തിയിരുന്നു. പ്രായത്തിന് ക്രിസ്റ്റ്യാനോയുടെ പ്രഹരശേഷിയെ കട്ടെടുക്കാനായിട്ടില്ല.
മോശം ഫോമിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ തന്റെ രണ്ടാം വരവില്‍ റോണോ ഏറെ പഴിചാരലുകള്‍ക്ക് ഇരയായിരുന്നു. ഒടുവില്‍ ക്ലബ്ബ് താരത്തെ റിലീസ് ചെയ്തു. ഇതോടെ താരത്തിന്റെ കാലം കഴിഞ്ഞെന്ന് തള്ളിയവര്‍ക്ക് മറുപടി നല്‍കിയത് സൗദിയിലാണ്. സൗദി ഫുട്‌ബോളിനെ മാറ്റിമറിക്കാൻ പാകത്തിലാണ് ക്രിസ്റ്റ്യാനോ അറബ് മണ്ണിലെത്തിയത്. സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിലേക്ക് ചേക്കേറിയ താരം യൂറോപ്പിലെ പ്രകടനം ഇവിടെയും തുടർന്നു. 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് ഇക്കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ സ്വന്തമാക്കിയത്.
അടുത്തിടെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് ഗോളുകളടിച്ച് പ്രായം തന്നെ തൊട്ടുനോക്കിയിട്ടു പോലുമില്ലെന്ന് തെളിയിച്ചു.
അയര്‍ലന്‍ഡിനെതിരെ ഇരട്ടഗോള്‍ കുറിച്ചതോടെ അന്താരാഷ്ട്ര ഗോളുകളുടെ റെക്കോഡ് 130 ആയി ഉയര്‍ത്തി. യൂറോയില്‍ ഇത്തവണയും പറങ്കികളുടെ നേതാവ് ക്രിസ്റ്റ്യാനോ തന്നെ. പരിചയസമ്പത്തും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമാണ് ക്രിസ്റ്റ്യാനോടയിലെ നായകന്റെ മികവ്. ഈ മികവ് തന്നെയാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് എന്ന കോച്ച് നായക പട്ടം റോണോക്ക് നല്‍കിയതിന് പിന്നിലും.
ഫുട്‌ബോളിലെ ചരിത്രങ്ങള്‍ പലതും മദീരയുടെ പോരാളിക്കായി എന്നും വഴിമാറാറുണ്ട്. ഖത്തര്‍ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം പോര്‍ച്ചുഗല്‍ പുറത്തായപ്പോള്‍ റൊണോയുടെ കരിയര്‍ അവസാനമായെന്ന് പലരും ചിന്തിച്ചിരുന്നു. എന്നാല്‍ താന്‍ 2024 യൂറോ കളിക്കാന്‍ ഉണ്ടാവുമെന്ന ഇതിഹാസ നായകന്റെ വാക്കുകള്‍ സത്യമായി. ചെക്ക് റിപ്പബ്ലിക്കിനെതിരേയും റോണോ നിറഞ്ഞ് കളിച്ചു.