പാരിസ്: ഒളിംപിക്‌സ് ഫുട്‌ബോളില്‍ തീപ്പാറും പോരാട്ടം. ഫൈനലില്‍ യൂറോ കപ്പ് ജേതാക്കളായ സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും. യൂറോ കപ്പിന്റെ സെമി തനായവര്‍ത്തനമാണ് പോരാട്ടം.യൂറോ സെമിയിലേറ്റ തോല്‍വിക്ക് പക വീട്ടാന്‍ ഫ്രാന്‍സ് ഇറങ്ങും. യൂറോ കിരീടം നേടിയ സ്‌പെയിന്‍ ആവട്ടെ ഒളിംപിക് കിരീടം കൂടി പോക്കറ്റിലാണ് ഇറങ്ങുന്നത്. ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ മൊറോക്കോയെ വീഴ്ത്തിയാണ് സ്‌പെയിന്‍ കലാശകൊട്ടിന് യോഗ്യത നേടിയത്. ഫ്രാന്‍സ് ഈജിപ്തിനെയാണ് മറികടന്നത്. മൊറോക്കെയെ 2-1നാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ 37ാം മിനിട്ടില്‍ സൗഫിയാന്‍ റഹീമിയിലൂടെ മൊറോക്കോയാണ് ആദ്യം ലീഡ് നേടിയത്.65ാം മിനിട്ടില്‍ ഫെര്‍മിന്‍ ലോപ്പസിലൂടെ സ്പെയ്ന്‍ ഒപ്പം പിടിക്കുകയായിരുന്നു. പിന്നീട് 20 മിനിറ്റുകള്‍ക്ക് ശേഷം ജോര്‍ജെ സാഞ്ചസിലൂടെ സ്പാനിഷ് പട വിജയ ഗോള്‍ നേടി.
രണ്ടാം സെമി ഫൈനലില്‍ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട പരാജയപ്പെടുത്തിയത്. മറ്റേറ്റയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഫ്രാന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷമായിരുന്നു ഫ്രാന്‍സ് വിജയം വരുതിയിലാക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 62ാം മിനിട്ടില്‍ സാബറിലൂടെ ഈജിപ്ത് ആണ് ലീഡെടുത്തത്. ഒടുവില്‍ 83ാം മിനിട്ടില്‍ മറ്റേറ്റയുടെ ഗോളിലൂടെ ഫ്രാന്‍സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ നേടിയ ഗോളടി മികവ് സെമി ഫൈനലിലും ആവര്‍ത്തിക്കുകയായിരുന്നു താരം. നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
എക്‌സ്ട്രാ ടൈമില്‍ 99ാം മിനിട്ടില്‍ മറ്റേറ്റ വീണ്ടും ഈജിപ്തിന്റെ പോസ്റ്റിലേക്ക് ഗോളടിച്ചു. ഒരു ഗോളിന്റെ ലീഡില്‍ ഫ്രാന്‍സ് ഉണര്‍ന്ന് കളിച്ചു. തുടര്‍ന്ന് 108ാം മിനിട്ടില്‍ ഒലീസയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഫ്രഞ്ച് പട തങ്ങളുടെ കൈവശമാക്കുകയായിരുന്നു.അടുത്തിടെ നടന്ന അണ്ടര്‍ 19 യൂറോകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്പെയിന്‍ കിരീടം ചൂടിയിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഓഗസ്റ്റ് എട്ടിന് നടക്കുന്ന വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഈജിപ്തും മൊറോക്കോയും ഏറ്റുമുട്ടും.