ജിദ്ദ- സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറ(സിഫ്) ത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 21-മത് സിഫ് ചാമ്പ്യൻസ് ലീഗിൽ പതിനേഴ് വയസ്സിന് താഴെയുള്ള കുട്ടികളുടെ ടീമുകൾ മത്സരിക്കുന്ന ഡി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ടാലെന്റ്റ് ടീൻസ് ഫുട്ബാൾ അക്കാദമി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സോക്കർ ഫ്രീക്‌സ് ജൂനിയറിനെ തോൽപ്പിച്ചു. ഹാദി, മുഹമ്മദ് സമീർ, ആദിൽ എന്നിവർ ഗോളുകൾ നേടി. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ടാലെന്റ്റ് ടീൻസിന്റെ ഹാദിക്ക് മുനീർ മുസ്ലിയാരാകത്തും,സാദിഖ് പാണ്ടിക്കാടും ട്രോഫി സമ്മാനിച്ചു.
ഡി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുണൈറ്റഡും ഇ എഫ് എസ് ലോജിസ്റ്റിക്സ് ജെ എസ് സി സോക്കർ അക്കാദമിയും ഓരോ ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. മുഹമ്മദ് ഷഹാം സ്പോർട്ടിങ് യൂണൈറ്റഡിന്റേയും റിസ്‌വാൻ ഹുസൈൻ ജെ എസ് സിക്ക് വേണ്ടിയും ഗോളുകൾ സ്കോർ ചെയ്തു. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജെ എസ് സി യുടെ റിസ്‌വാൻ ഹുസൈന് കിസ്മത്ത് മമ്പാട് ട്രോഫി നൽകി.
വ്യാഴാഴ്ച്ച നടന്ന ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ വിജയ് മസാല ബി എഫ് സി ജിദ്ദ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗ്ലോബ് ലോജിസ്റ്റിക് ഫ്രൈഡേ എഫ് സി ബി സി സിയെ തോൽപ്പിച്ചു. അബ്ദുൽ ബാസിത് നേടിയ ഒരു ഗോളിന് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബി സി സി മുന്നിലെത്തിയെങ്കിലും മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ മുഹമ്മദ് അക്മൽ , ശരത് മോഹൻ എന്നിവരിലൂടെ രണ്ട് ഗോളുകൾ തിരിച്ചടിച്ചു ബി എഫ് സി ജിദ്ദ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ബി സി സി ഗോൾകീപ്പർ മഷ്ഹൂദ് ലാവക്ക് വിജയ് മസാല മാർക്കറ്റിങ് മാനേജർ മുസ്തഫ ട്രോഫി നൽകി.
ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഐ ടി സോക്കർ എഫ് സി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് യൂത്ത് ഇന്ത്യ എഫ്‌സിയെ പരാജയപ്പെടുത്തി. മുഹമ്മദ് സിനാൻ, ഷെഫിൻ അഹമ്മദ്, മുഹമ്മദ് ജാസിർ, മുഹമ്മദ് സഫ്‌വാൻ എന്നിവരാണ് ഐ ടി സോക്കറിന്റെ ഗോളുകൾ സ്കോർ ചെയ്തത്. കളിയിലെ മികച്ച താരമായ ഐ ടി സോക്കറിന്റെ ഷെഫിൻ അഹമ്മദ്ന് മിസിസ് ഷമീം അയ്യൂബ്, ഷാഫി പവർ ഹൗസ് എന്നിവർ ട്രോഫി നൽകി. സാൻഫോർഡ് ന്റെ ഭാഗ്യ നറുക്കെടുപ്പിൽ വിജയിയായ അൻവർ കരിപ്പക്ക് സാൻഫോർഡിന്റെ പ്രതിനിധി മുജീബ് സമ്മാനം നൽകി.. നവംബർ മുതലുള്ള മത്സരങ്ങൾ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് നാലു മുതൽ ആരംഭിക്കും.



