മുപ്പതു സെക്കന്റ് കൊണ്ടാണവൻ ലോകത്തിന്റെ ഹൃദയം കീഴടക്കിയത്. ബേറാൻ. തുർക്കി- പോർട്ടുഗൽ യുറോ കപ്പ് മത്സരത്തിന്റെ അറുപത്തി എട്ടാം മിനിറ്റ്. ഡോർട്ട്‌മുണ്ട് സ്റ്റേഡിയത്തിന്റെ മാധ്യ ഭാഗത്തു നിന്ന് വെടിച്ചില്ല് പോലെ ഒരു ചെറിയ ചെക്കൻ കളിക്കളത്തിലേക്ക് മിന്നലായെത്തി.
വീഡിയോ മോഡ് ഓൺ ചെയ്തു വച്ച സ്വന്തം മൊബൈൽ ഫോണുണ്ടായിരുന്നു അവന്റെ കയ്യിൽ. ആ മിന്നൽപ്പിണർ ചെന്നുനിന്നത് അവന്റെ പ്രിയപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുന്നിൽ. ബേറാനെ തടയാൻ സുരക്ഷാ സൈനികരുടെ കൂട്ടമുണ്ടായിരുന്നു. എന്നാൽ ആർക്കും തൊടാനാകാതെ അവൻ ക്രിസ്റ്റ്യാനോയുടെ അടുത്തെത്തി. എല്ലാവരെയും അതിശയിപ്പിച്ച് ക്രിസ്റ്റ്യാനോ ആ പത്തുവയസുകാരനെ ചേർത്തുപിടിച്ചു. ആശ്ലേഷിച്ചു. അവനൊപ്പം ചിരിച്ചുനിന്ന് സെൽഫിക്ക് പോസ് ചെയ്തു. സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ അതിശയിച്ചുനിന്നു.
ചിത്രങ്ങൾ എടുത്ത ശേഷം വന്നത് പോലൊരു പാച്ചിലായിരുന്നു തിരിച്ചു. സെക്യൂരിറ്റിക്കാർ പുറകെയും. അപ്പോഴേക്കും സ്റ്റേഡിയത്തിനുള്ളിൽ കളിക്കാരുടെ വേഗം അളക്കുന്ന സംവിധാനം അവന്റെ വേഗം കണ്ടെത്തിയിരുന്നു. മണിക്കൂറിൽ 24 കിലോമീറ്റർ. 8.34 ദശ ലക്ഷം പേർ ഇതിനകം അവന്റെ സാഹസികത ലൈവ് ആയി കണ്ടിരുന്നു.
അൽബാനിയയിൽ നിന്ന് ജർമനിയിൽ കുടിയേറിയതാണ് ബേറാന്റെ കുടുംബം ഹെസ്സെ സംസ്ഥാനത്തിലെ കാസൽ നഗരത്തിലാണ് അവന്റെ കുടുംബം താമസിക്കുന്നത്.
അവിടുത്തെ U 11 KSV ഫുട്ബോൾ ടീമിലെ കളിക്കാരൻ.
സെക്യൂരിറ്റിക്കാരെ മാത്രമായിരുന്നില്ല അവൻ പറ്റിച്ചത്. അവന്റെ ആവശ്യം അനുസരിച്ചു പിതാവ് ഏറ്റവും മുൻ നിരയിലെ 400 യുറോ വീതം വിലയുള്ള 4 ടിക്കറ്റുകൾ വാങ്ങിയിരുന്നു.
തക്ക സമയം എത്തിയപ്പോൾ അവൻ പിതാവിനോട് പറഞ്ഞു. അത്യാവശ്യമായി ടോയിലറ്റിൽ പോകണമെന്ന് എന്നിട്ട് ചെറിയ വേലി ചാടിക്കടന്നൊരു ഓട്ടമായിരുന്നു. പിന്നെ നടന്നത് ഒരു കൊച്ചു ഫുട്ബോൾ ” മുത്തശ്ശിക്കഥ”.
എന്തായാലും ബേറാന്റെ പേരിൽ നടപടികൾ ഒന്നുമുണ്ടായില്ല. അവനിപ്പോൾ നാട്ടിലെ പ്രധാന ഹീറോയാണ്. സ്‌കൂളിലും നാട്ടിലും ഒക്കെ അവനു ആയിരക്കണക്കിന് ആരാധകരായി.
അവന്റെ മുറി മുഴുവൻ അവന്റെ പ്രിയപ്പെട്ട ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങളും ജെർസികളും. അവന് ഇനി ഓർമ്മയിൽ സൂക്ഷിക്കാൻ ഈയൊരു ചിത്രം മതി. സ്വന്തം സ്വപ്നങ്ങളെ മുന്നിലെ മതിൽക്കടന്ന് സഫലീകരിച്ച സ്വപ്നം.