ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിലെ ഏറ്റവും പ്രവചനാതീതമായ ഗ്രൂപ്പുകളിലൊന്നായ ഗ്രൂപ്പ് എച്ചിൽ (Group H) നാടകീയമായ അന്ത്യം കുറിക്കാൻ ടീമുകൾ ഇന്ന് നേർക്കുനേർ വരുന്നു. ഇന്ത്യൻ സമയം നാളെ (ശനിയാഴ്ച) പുലർച്ചെ 5:30-നാണ് ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ഒരേസമയം അരങ്ങേറുന്നത്. അമേരിക്കയിലെ ഹൂസ്റ്റണിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ സൗദി അറേബ്യ കേപ് വേർദെയെ നേരിടുമ്പോൾ, ഇതേസമയം മെക്സിക്കോയിലെ ഗ്വാഡലഹാരയിൽ വെച്ച് വമ്പന്മാരായ സ്പെയിൻ ഉറുഗ്വായുമായി ഏറ്റുമുട്ടും. നാല് ടീമുകൾക്കും ഇപ്പോഴും നോക്കൗട്ട് സാധ്യതയുള്ളതിനാൽ ഗ്രൂപ്പ് എച്ചിൽ ഇന്ന് തീപാറും.
ചരിത്രനേട്ടത്തിലേക്ക് കുഞ്ഞൻമാർ
ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കഥയാണ് കേപ് വേർദെ എന്ന കുഞ്ഞൻ ആഫ്രിക്കൻ രാജ്യത്തിന്റേത്. തങ്ങളുടെ കന്നി ലോകകപ്പിനെത്തിയ അവർ കരുത്തരായ സ്പെയിനെയും മുൻ ചാമ്പ്യന്മാരായ ഉറുഗ്വായെയും സമനിലയിൽ തളച്ചാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്. 40-കാരനായ ഗോൾകീപ്പർ വോസിഞ്ഞയുടെ (Vozinha) അവിശ്വസനീയമായ സേവുകളാണ് അവരുടെ കരുത്ത്.


നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള കേപ് വേർദെയ്ക്ക് സൗദിക്കെതിരെ ഒരു സമനിലയോ വിജയമോ നേടിയാൽ ചരിത്രത്തിലാദ്യമായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാം. മറുവശത്ത്, ഉറുഗ്വായെ സമനിലയിൽ തളച്ചെങ്കിലും സ്പെയിനോട് പരാജയപ്പെട്ട സൗദി അറേബ്യക്ക് ഇന്ന് വിജയം അത്യാവശ്യമാണ്. കേപ് വേർദെയെ പരാജയപ്പെടുത്തുകയും സ്പെയിൻ-ഉറുഗ്വായ് മത്സരം സമനിലയിലാകുകയും ചെയ്താൽ സൗദിക്ക് രണ്ടാമതോ മൂന്നാമതോ ആയി അടുത്ത റൗണ്ടിലേക്ക് കയറാൻ നേരിയ സാധ്യതകളുണ്ട്. 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിലാണ് സൗദി ഇതിന് മുൻപ് ഗ്രൂപ്പ് ഘട്ടം കടന്നത് എന്ന ചരിത്രവും അവർക്ക് ആത്മവിശ്വാസം നൽകുന്നു.
മുൻ ചാമ്പ്യന്മാർക്ക് ജീവൻമരണ പോരാട്ടം
കിരീടസാധ്യത കൽപ്പിക്കപ്പെട്ട സ്പെയിനും ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ്ക്കും ഈ ലോകകപ്പ് അത്ര എളുപ്പമായിരുന്നില്ല. ആദ്യ മത്സരത്തിൽ കേപ് വേർദെയോട് സമനില വഴങ്ങിയ സ്പെയിൻ സൗദിയെ തോൽപ്പിച്ചാണ് ട്രാക്കിലായത്. എന്നാൽ കേപ് വേർദെയോടും സൗദിയോടും സമനിലയിൽ കുടുങ്ങിയ ഉറുഗ്വായ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണുള്ളത്.
റൗണ്ട് ഓഫ് 32 സാധ്യതകൾ നിലനിർത്താൻ ഉറുഗ്വായ്ക്ക് സ്പെയിനെതിരെ വിജയം അനിവാര്യമാണ്. സമനിലയോ തോൽവിയോ ആയാൽ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ച് അവർ ടൂർണമെന്റിൽ നിന്ന് പുറത്തായേക്കാം. നാല് പോയിന്റുള്ള സ്പെയിൻ കൂടുതൽ സുരക്ഷിതരാണെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ അവർക്ക് ഉറുഗ്വായെ പരാജയപ്പെടുത്തേണ്ടതുണ്ട്.
ഗ്രൂപ്പ് എച്ചിലെ എല്ലാ ടീമുകളുടെയും റൗണ്ട് ഓഫ് 32 സാധ്യതകൾ ഒറ്റനോട്ടത്തിൽ:
സ്പെയിൻ: റൗണ്ട് ഓഫ് 32 യോഗ്യതയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത സ്പെയിനാണ്. ഉറുഗ്വായ്ക്കെതിരെ ഒരു സമനില നേടിയാൽ പോലും അവർക്ക് അടുത്ത റൗണ്ട് ഉറപ്പിക്കാം.
കേപ് വേർദെ: ഇന്നത്തെ മത്സരത്തിൽ സൗദിക്കെതിരെ വിജയം നേടി ഉറുഗ്വായ് സ്പെയിനോട് തോൽക്കുകയോ സമനില വഴങ്ങുകയോ
ചെയ്താൽ ഈ കുഞ്ഞൻ രാജ്യം ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സമനിലയിൽ നേരിയ സാധ്യതകൾ നിലനിൽക്കുന്നു
ഉറുഗ്വായ്: മുൻ ചാമ്പ്യന്മാർക്ക് ഇന്ന് വിജയം അനിവാര്യമാണ്. സ്പെയിനെ തോൽപ്പിച്ചാൽ അടുത്ത റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കാം. സമനിലയിൽ നേരിയ സാധ്യതകൾ നിലനിൽക്കുന്നു.
സൗദി അറേബ്യ: നേരിയ സാധ്യതകൾ മാത്രമാണ് സൗദിക്കുള്ളത്. കേപ് വേർദെയെ പരാജയപ്പെടുത്തുകയും ഉറുഗ്വായ് സ്പെയിനോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ മാത്രമേ സൗദിക്ക് അടുത്ത റൗണ്ടിലേക്ക് പ്രതീക്ഷയുള്ളൂ.



