സാന്റിയാഗോ:ക്ലബ്ബ് ഫുട്‌ബോളിലെ ചാംപ്യന്‍മാരുടെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡില്‍ ബ്രസീലിയന്‍ താരം എന്‍ഡ്രിക്ക് അവതരിച്ചു. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് താരത്തെ ക്ലബ്ബ് അവതരിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് എംബാപ്പെ അവതരിച്ച അതേ ഗ്രൗണ്ടിൽ.
റയലിന്റെ ജഴ്‌സിയില്‍ വന്ന എന്‍ഡ്രിക്ക് ആരാധകര്‍ക്ക് മുന്നില്‍ സന്തോഷം കൊണ്ട് കരയുന്നുണ്ടായിരുന്നു. വളരെ സന്തോഷത്തിലാണെന്നും അമിതാവേശത്തിലാണെന്നും താരം പറഞ്ഞു. കുട്ടിക്കാലം മുതലെ താന്‍ ഒരു റയല്‍ മാഡ്രിഡ് ആരാധകനായിരുന്നു. ഇപ്പോള്‍ റയലിനായി കളിക്കാന്‍ പോവുന്നു-എന്‍ഡ്രിക്ക് കരാര്‍ ഒപ്പിട്ടതിന് ശേഷം പറഞ്ഞു. തന്റെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്. റയലിനായി കളിക്കാന്‍ ഒരു പാട് മോഹിച്ചിരുന്നു. പറയാന്‍ വാക്കുകളില്ലെന്നും എന്‍ഡ്രിക്ക് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് താരം ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ കോപ്പാ അമേരിക്കയില്‍ കാര്യമായി തിളങ്ങാന്‍ താരത്തിനായില്ല.
ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസില്‍ നിന്നാണ് താരം വരുന്നത്.35 മില്യണ്‍ യൂറോ അഥവാ 318 കോടിയാണ് അടിസ്ഥാന വില. വീനീഷ്യസ് ജൂനിയര്‍, റൊഡ്രി, എംബാപ്പെ തുടങ്ങിയവരാല്‍ സമ്പന്നമായ റയലില്‍ എന്‍ഡ്രിയുടെ സ്ഥാനം എവിടെ ആയിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ.
അടുത്തിടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ റയല്‍ സൈന്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സാന്റിയാഗോയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് താരത്തെ സ്വാഗതം ചെയ്തു. 18 വയസ്സായ എന്‍ഡ്രിക്കുമായി ആറ് വര്‍ഷത്തെ കരാറാണ് റയല്‍ ഒപ്പുവച്ചത്. ഒരു വര്‍ഷം മുമ്പെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ താരത്തിന് 18 വയസ്സ് പൂര്‍ത്തിയാകത്തതിനെ തുടര്‍ന്നാണ് ക്ലബ്ബില്‍ എത്താന്‍ വൈകിയത്.