മാഡ്രിഡ് – പൊരുതിക്കളിച്ച സെൽറ്റ വിഗോയെ രണ്ടിനെതിരെ മൂന്നു ഗോളിന് തകർത്ത് റയൽ മാഡ്രിഡ് ലാലിഗ കിരീട പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്കു മേലുള്ള സമ്മർദം ശക്തമാക്കി. റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണേബുവിൽ മൂന്നു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച സെൽറ്റ നിലവിലെ ചാമ്പ്യന്മാരെ വിറപ്പിച്ചാണ് കീഴടങ്ങിയത്. കിലിയൻ എംബാപ്പെ രണ്ടു തവണയും അർദ ഗുളർ ഒരു തവണയും റയലിനു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ ഹവി റോഡ്രിഗ്വസ്, വില്ലറ്റ് സ്വീഡ്ബർഗ് എന്നിവരാണ് സെൽറ്റയുടെ ഗോളുകൾ നേടിയത്. ജയത്തോടെ ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം നാലായി കുറക്കാൻ റയലിന് കഴിഞ്ഞു.
കളിയുടെ ആദ്യ മിനുട്ടുകളിൽ റയലിന്റെ ഗോൾമുഖത്ത് സെൽറ്റ ചില ആശങ്കാ നിമിഷങ്ങൾ സൃഷ്ടിച്ചെങ്കിലും 33-ാം മിനുട്ടിൽ ആതിഥേയർ ലീഡെടുക്കുന്നതാണ് കണ്ടത്. കോർണർ കിക്കിൽ നിന്ന് ലൂക്കാസ് വാസ്‌ക്വെസിന് കൊടുത്തുവാങ്ങിയ പന്തിൽ കരുത്തുറ്റ ഷോട്ടുതിർത്ത് തുർക്കിഷ് താരം അർദ ഗുളർ ആണ് ഗോളടിച്ചത്.
39-ാം മിനുട്ടിൽ സെൽറ്റയുടെ ആക്രമണം വിഫലമാക്കി റയൽ കീപ്പർ തിബോട്ട് കോർട്വ തുടങ്ങിവച്ച നീക്കം ലക്ഷ്യത്തിലെത്തിച്ച് കിലിയൻ എംബാപ്പെ ലീഡുയർത്തി. പ്രത്യാക്രമണത്തിൽ ജൂഡ് ബെല്ലിങ്ങാമിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ താരം ബോക്‌സിന്റെ എഡ്ജിൽ നിന്ന് തൊടുത്ത കരുത്തുറ്റ ഷോട്ടിൽ സെൽറ്റ കീപ്പർ നിസ്സഹായനായി.
ഇടവേള കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ എംബാപ്പെ റയലിന്റെ ലീഡ് മൂന്നാക്കി വർധിപ്പിച്ചു. അർദ ഗുളർ നൽകിയ ത്രൂപാസ് ബോക്‌സിൽ സ്വീകരിച്ച ഫ്രഞ്ച് താരം സെൽറ്റ പ്രതിരോധത്തെയും ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് വലയിലേക്ക് ഉരുട്ടി വിടുകയായിരുന്നു.
മൂന്നു ഗോളിന് പിന്നിലായതോടെ പ്ലെയിങ് ഇലവനിൽ മാറ്റം വരുത്തിയ സെൽറ്റ വിഗോയ്ക്ക് 69-ാം മിനുട്ടിൽ അതിന്റെ ഫലം ലഭിച്ചു. കോർണർ കിക്കിനെ തുടർന്ന് റയൽ ബോക്‌സിലുണ്ടായ ആശങ്കാ നിമിഷങ്ങൾക്കിടെ ക്ലോസ് റേഞ്ചിൽ നിന്ന് പന്ത് വലയിലേക്ക് അടിച്ചുകയറ്റി ഹവി റോഡ്രിഗ്വസ് ആതിഥേയർക്ക് ആശ്വാസം പകർന്നു. രണ്ടാം മിനുട്ടിൽ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലെത്തിയ വില്ല്യറ്റ് സ്വീഡ്ബർഗ് മറ്റൊരു സബ് ആയ ഇയാഗോ അസ്പാസിന്റെ ബുദ്ധിപരമായ ത്രൂബാൾ സ്വീകരിച്ച് തിബോട്ട് കോർട്വയെ കീഴടക്കി ഗോളടിച്ചതോടെ കളി ആവേശകരമായി. 79-ാം മിനുട്ടിൽ അസ്പാസിന്റെ മറ്റൊരു മനോഹരമായ പാസിൽ നിന്ന് ദുറാൻ മൂന്നാം ഗോളും നേടി എന്ന് തോന്നിച്ചെങ്കിലും തിബോട്ട് കോർട്വയുടെ സേവ് റയലിന് രക്ഷയായി.
കിരീടത്തിനായി പോരാടുന്ന റയലും ബാഴ്‌സയും നേർക്കുനേർ വരുന്ന മെയ് 11-ന് ലാലിഗയിലെ വിജയചിത്രം തെളിയും എന്നാണ് കരുതുന്നത്. കിരീടം നിലനിർത്തണമെങ്കിൽ റയലിന് ബാഴ്‌സയെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കേണ്ടി വരും. അതേസമയം, സമനിലയെങ്കിലും നേടാൻ കഴിഞ്ഞാൽ ബാഴ്‌സയ്ക്ക് ചിരവൈരികളേക്കാൾ ആറ് പോയിന്റ് ലീഡാകും.