ലണ്ടൻ – പ്രീമിയർ ലീഗ് പന്ത്രണ്ടാം റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി. അതേസമയം തുടർ വിജയവുമായി ചെൽസി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. നോട്ടിങ്ഹാമിന് വേണ്ടി മുറില്ലോ ( 33-ാം മിനുറ്റ്), നിക്കോള സാവോണ (46), ഗിബ്സ്-വൈറ്റ് (78) എന്നിവരാണ് ഗോളുകൾ നേടിയത്. തോൽവിയോടെ 12 മത്സരത്തിൽ നിന്ന് ആറു വീതം ജയവും തോൽവിയുമായി 18 പോയിന്റുള്ള പൂൾ പതിനൊന്നാം സ്ഥാനത്താണ്. മത്സരത്തിൽ തീർത്തും നിരാശ പ്രകടനം കാഴ്ചവച്ച ലിവർപൂൾ ഈ സീസണിൽ ലീഗിൽ നേരിടുന്ന ആറാമത്തെ തോൽവിയാണിത്. മാത്രമല്ല സ്വന്തം തട്ടകത്തിൽ നടന്ന അവസാന അഞ്ചു മത്സരങ്ങളിൽ മൂന്നിലും ഇവർ പരാജയപ്പെട്ടിട്ടുണ്ട്. സീസണലിലെ എല്ലാ ടൂർണമെന്റ്കളിലുമായി എട്ടു തോൽവികൾ ആണ് നിലവിലെ ചാമ്പ്യന്മാർ അറിഞ്ഞത്. അതിനാൽ തന്നെ പരിശീലകൻ അർനെ സ്ലോട്ടിന്റെ ഭാവി തുലാസിൽ ആണ്.
മറ്റൊരു മത്സരത്തിൽ മറ്റൊരു മത്സരത്തിൽ ന്യൂകാസ്റ്റൽ യുണൈറ്റഡ് സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തി. ന്യൂകാസ്റ്റലിന് വേണ്ടി ഹാർവി ബാൺസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ (64-ാം മിനുറ്റ്, 70-ാം മിനുറ്റ്) സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത് റുബെൻ ഡയസാണ് (68). സമ്പൂർണ്ണ ആധിപത്യം പുലർത്തി സിറ്റി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മുതലെടുക്കാൻ ആയില്ല.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേൺലിയെ തകർത്തു. ബേൺലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പെഡ്രോ നെറ്റോ (37-ാം മിനുറ്റ്), എൻസോ ഫെർണാണ്ടസ് ( 88) എന്നിവരുടെ ഗോളുകളാണ് ബ്ലൂസിന് വിജയം സമ്മതിച്ചത്. ജയത്തോടെ 12 മത്സരങ്ങളിൽ 23 പോയിന്റുമായി ചെൽസി പട്ടികയിൽ രണ്ടാമതെത്തി. ഒന്നാമത് ഉള്ള പീരങ്കിപടക്ക് 26 പോയിന്റാണ്. സിറ്റി 22 പോയിന്റുമായി മൂന്നാമതാണ്.
മറ്റു മത്സരങ്ങൾ
ഫുൾഹാം -1 ( റൗൾ ജിമിനെസ് – 84)
സണ്ടർലാൻഡ് – 0
വോൾവ്സ് – 0
ക്രിസ്റ്റൽ പാലസ് – 2 ( ഡാനിയേൽ മുനോസ് – 63/ ഏറെമി പിനോ – 69)
ബ്രൈറ്റൺ – 2 ( ഡാനിയൽ വെൽബെക്ക് – 71/ ജാക്ക് ഹിൻഷൽവുഡ് – 84)
ബ്രെന്റ്ഫോർഡ് – 1 ( ഇഗോർ തിയാഗോ – 29 – പെനാൽറ്റി)
ബോൺമത്ത് – 2 ( മാർക്കസ് ടാവർണിയർ – 69, പെനാൽറ്റി/ എനെസ് ഉനാൽ – 81)
വെസ്റ്റ്ഹാം യുണൈറ്റഡ് – 2 (കല്ലം വിൽസൺ – 11, 35)



