മാഞ്ചസ്റ്റർ – വൻ താരങ്ങളെ ഈ സീസണിൽ ടീമിലെത്തിച്ചിട്ടും രക്ഷയില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫുള്‍ഹാമിനെതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചു തുല്യത പാലിച്ചു. ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പാഴാക്കിയത് ചെകുത്താൻ മാർക്ക് തിരിച്ചടിയായി. ഫുൾഹാം സ്ട്രൈക്കർ റോബർട്ടോ മുനിസ് നേടിയ സെൽഫ് ഗോളിൽ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും പകരക്കാരനായി ഇറങ്ങിയ സ്മിത്ത് റോവ് നേടിയ ഗോളിലൂടെ ആതിഥേയർ തുല്യത പാലിക്കുകയായിരുന്നു.
ആർസണലിന് എതിരെ ഇറങ്ങിയ അതേ ടീമുമായി കളിക്കളത്തിലെത്തിയ യുണൈറ്റഡ് ആദ്യ പത്ത് മിനിറ്റിൽ ആക്രമിച്ചു കളിച്ചു എങ്കിലും പിന്നീട് കളി മന്ദഗതിയിലായി. 38 മിനിറ്റിൽ മൗണ്ടിനെ വീഴ്ത്തി ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ഫെർണാണ്ടസ് നഷ്ടമാക്കിയത് ഒഴിച്ചു ആദ്യപകുതിയിൽ എടുത്തു പറയേണ്ട ഒന്നുമില്ലായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച കുറച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ സെസ്‌കോ, ഡലോട്ട് എന്നിവരെ റുബേൻ അമോറിം കളിക്കളത്തിൽ ഇറക്കി. 58 മിനുറ്റിൽ എംബ്യൂമോ എടുത്ത കോർണർ മുനിസിന്റെ ദേഹത്ത് തട്ടി ഗോളായതോടെ ചെകുത്താന്മാർ മുന്നിലെത്തി. 71 മിനുറ്റിൽ ഫുൾഹാം മാനേജർ മാർക്കോ സിൽവ സ്മിത്ത് റോവിനെ ഇറക്കി രണ്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരം ഗോളടിച്ചു. ഇവോബി നൽകിയ പന്ത് കൃത്യമായി ഡിഫൻഡ് ചെയ്യുന്നതിൽ യുണൈറ്റഡ് താരങ്ങൾക്ക് പിശക് പറ്റിയപ്പോൾ അവസരം മുതലാക്കി സ്മിത്ത് റോവ് പന്ത് വലയിൽ എത്തിച്ചു. പിന്നീടും എടുത്തു പറയേണ്ട അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചില്ല.
തുടർച്ചയായി രണ്ടാം മത്സരത്തിലും ജയിക്കാനാക്കാതെ മടങ്ങിയിരിക്കുകയാണ് യുണൈറ്റഡ്. ആദ്യ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ആർസണലിന് എതിരെ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.
ഫുൾഹാം ആണെങ്കിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പിന്നിട്ട് നിന്ന് ശേഷം ഗോൾ തിരിച്ചടിച്ചു തുല്യത പാലിച്ചു.
ഗുഡിസൺ പാർക്ക് വിട്ട് പുതിയ തട്ടകമായ ഹിൽ ഡിക്കിൻസണിൽ ഇറങ്ങിയ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ എവർട്ടണിന് ജയത്തോടെ തുടക്കം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രൈറ്റൺ & ഹോവ് അൽബിയോണിനെയാണ് എവർട്ടൺ തകർത്തത്. 23 മിനുറ്റിൽ എൻഡിയായെ പുതിയ തട്ടകത്തിലെ ആദ്യ ഗോൾ നേടി ആതിഥേയരെ മുന്നിലെത്തിച്ചു.
52 മിനുറ്റിൽ ജെയിംസ് ഗാർണറിന്റെ ഗോളിലൂടെ എവർട്ടൺ ലീഡ് വർദ്ധിപ്പിച്ചു. രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ ജാക്ക് ഗ്രീലിഷ് വിജയത്തിൽ പ്രധാന പങ്കാളിയായി. മത്സരത്തിന്റെ 77 മിനുറ്റിൽ ബ്രൈറ്റണിന് ലഭിച്ച പെനാൽറ്റി വെൽബാക്ക് എടുത്തെങ്കിലും ഗോൾ കീപ്പർ പിക്ക്ഫോഡ് രക്ഷകനായി. മത്സരത്തിൽ ഉടനീളം പിക്ക്ഫോഡ് മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ക്രിസ്റ്റൽ പാലസും നോട്ടിങ്ഹാം ഫോറസ്റ്റും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. ക്രിസ്റ്റൽ പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് പിരിഞ്ഞത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ക്രിസ്റ്റൽ പാലസ് ഇസ്മയില സാറിന്റെ ഗോളിലൂടെ മുന്നിലെത്തി. എന്നാൽ 57 മിനുറ്റിൽ ഹഡ്സൺ-ഒഡോയ് എതിരാളികളെ ഒപ്പമെത്തിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും പാലസ് സമനില വഴങ്ങി