ലണ്ടൻ – ന്യൂകാസ്റ്റലിന് എതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളിൽ വിജയം പിടിച്ചെടുത്തു പീരങ്കികൾ. ഒന്നിന് എതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആർസണലിന്റെ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മുന്നിട്ടു നിന്ന ശേഷമാണ് ന്യൂകാസ്റ്റൽ രണ്ടു ഗോളുകളും വഴങ്ങിയത്. ആർസണലിന് വേണ്ടി മൈക്കൽ മെറിനോ , ഗബ്രിയേൽ എന്നിവരാണ് ഗോളുകൾ നേടിയത്.ആതിഥേർക്ക് വേണ്ടി നിക് വോൾട്ടമാടെയാണ് ഗോൾ നേടിയത്. മൂന്നും ഗോളുകളും പിറന്നത് കോർണറിലൂടെയായിരുന്നു.
34-ാം മിനുറ്റിൽ ലഭിച്ച കോർണറിൽ തല വെച്ചു നിക് വോൾട്ടമാടെ ന്യൂകാസ്റ്റലിനെ മുന്നിലെത്തിച്ചു. പിന്നീട് പ്രതിരോധത്തിൽ ഊന്നി കളിച്ച ന്യൂകാസ്റ്റലിന് തിരിച്ചടിയായത് അവസാന നിമിഷങ്ങളിൽ വഴങ്ങിയ കോർണറുകളാണ്. 85-ാം മിനുറ്റിൽ ഡെക്ലൻ റൈസ് എടുത്ത കോർണർ മെറിനോ ഗോൾ നേടി സന്ദർശകരെ ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കേ മാർട്ടിൻ ഒഡെഗാർഡ് എടുത്ത കോർണറും ഗോളായി മാറിയതോടെ പീരങ്കികൾ വിജയം ഉറപ്പിച്ചു. ഇത്തവണ ഗബ്രിയേലിന്റെ ഹെഡ്ഡറാണ് ഗോളായി മാറിയത്.
വിജയത്തോടെ 13 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ആർസണൽ ഉയരുകയും ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള അകലം രണ്ടു പോയിന്റാക്കി കുറക്കാനും സാധിച്ചു.
മറ്റു മത്സരം
ആസ്റ്റൺ വില്ല -3 ( വാറ്റിക്കിൻസ് – 37/ മക്ഗിൻ – 49/ എമിലിയാനോ ബ്യൂണ്ടിയ -51)
ഫുൾഹാം – 1 ( ജിമിനെസ് -3 )