ലണ്ടൻ – പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ജയം കരസ്ഥമാക്കിയപ്പോൾ ക്ലച്ച് പിടിക്കാനാവാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ബ്രെന്റ്ഫോഡുമായി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെകുത്താന്മാർ പരാജയപ്പെട്ടത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇഗോർ തിയാഗോയുടെ ഇരട്ട ഗോളുകളാണ് ബ്രെന്റ്ഫോഡിന് ജയം നേടി കൊടുത്തത്. മത്യാസ് ജെൻസനാണ് ടീമിന് വേണ്ടി മൂന്നാമത്തെ ഗോൾ നേടി കൊടുത്തത്. ബെഞ്ചമിൻ സെസ്‌കോയാണ് യുണൈറ്റഡിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. താരം ഇംഗ്ലീഷ് ക്ലബിന് വേണ്ടി നേടുന്ന ആദ്യ ഗോളാണിത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി പാഴാക്കിയതും ചെകുത്താന്മാർക്ക് തിരിച്ചടിയായി.
മത്സരം തുടങ്ങി എട്ടാം മിനുറ്റിൽ തന്നെ ഇഗോർ ആതിഥേയരെ മുന്നിലെത്തിച്ചു. ആ ഞെട്ടൽ മാറുന്നതിനു മുമ്പേ താരം രണ്ടാമത്തെ ഗോളും കൂടി നേടിയതോടെ സന്ദർശകർ പ്രതിസന്ധിയിലായി. ഈ ഗോൾ പിറന്നത് ഇരുപതാം മിനുറ്റിലായിരുന്നു. ആറു മിനുറ്റുകൾക്ക് ശേഷം സെസ്‌കോയിലൂടെ യുണൈറ്റഡ് തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമം തുടങ്ങി.
പിന്നീടുള്ള ഗോളൊന്നും പിറക്കാതെ അവസാനിച്ച ഒന്നാം പകുതിക്ക് ശേഷം യുണൈറ്റഡ് കൂടുതൽ ഉണർന്ന് കളിച്ചു. അതിന്റെ തൽഫലമായി 76-ാം മിനുറ്റിൽ പെനാൽറ്റി ലഭിച്ചില്ലെങ്കിലും മുതലെടുക്കാൻ ബ്രൂണോക്ക് കഴിഞ്ഞില്ല. ടാർഗറ്റിലേക്ക് ഷോട്ട് പോയെങ്കിലും ഗോൾ കീപ്പർ കെല്ലഹർ മികച്ച ഒരു സേവുമായി ബ്രെന്റ്ഫോഡിനെ രക്ഷിച്ചു. മത്സരം അവസാനിക്കാൻ ഒരു ലോങ്ങ് റേഞ്ചിലൂടെ ജെൻസനും കൂടി ഗോൾ നേടിയതോടെ യുണൈറ്റഡിന്റെ പോരാട്ടം അവിടെ അവസാനിച്ചു.
സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസിയുടെയും പരാജയം. ബ്രൈറ്റണിന് എതിരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ചെൽസി 75 മിനുറ്റിന് ശേഷമാണ് മൂന്നു ഗോളുകളും വഴങ്ങിയത്. ടോം ചലോബക്ക് ലഭിച്ച ചുവപ്പ് കാർഡും തിരിച്ചടിയായി.
24-ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഗോളിൽ മുന്നിലെത്തിയ ആതിഥേയർക്ക് തിരിച്ചടിയായി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോം ചലോബ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഏകദേശം 20 മിനുറ്റിൽ അധികം ഗോൾ ഒന്നും വഴങ്ങാതെ പിടിച്ചു നിന്ന ചെൽസിയുടെ വിജയ പ്രതീക്ഷകളെ തകർത്തുകൊണ്ട് 77-ാം മിനുറ്റിൽ ഡാനി വെൽബെക്ക് എതിരാളികളെ ഒപ്പമെത്തിച്ചു. സമനിലയിലേക്ക് നീളുമെന്ന തോന്നിപ്പിച്ച മത്സരത്തിൽ ബാക്കി രണ്ടും ഗോളുകളും പിറന്നത് ഇഞ്ചുറി സമയത്താണ്. ഇഞ്ചുറി സമയത്തിന്റെ രണ്ടാം മിനുറ്റിൽ മാക്സിം ഡി കൂപ്പറാണ് ബ്രൈറ്റണിനെ മുന്നിലെത്തിച്ചത്. എട്ടു മിനുറ്റുകൾക്ക് ശേഷം വെൽബെക്ക് രണ്ടാമത്തെ ഗോൾ നേടി ലീഡ് വർധിപ്പിച്ചതോടെ വിസിൽ മുഴങ്ങി.
സീസണിലെ എല്ലാ മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ലിവർപൂളും ഇന്നലെ തോൽവിയറിഞ്ഞു. ക്രിസ്റ്റൽ പാലസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയത്. പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ ഇസ്മയില സാർ ലിവർപൂളിനെ ഞെട്ടിച്ചു. കോർണറിലൂടെയാണ് സാർ ഗോൾ നേടിയത്.
ശേഷം ഗോൾ തിരിച്ചു അടിക്കാനായി ലിവർപൂൾ പഠിച്ച പതിനെട്ടു അടവുകൾ പയറ്റിയിട്ടും പാലസിന്റെ പ്രതിരോധ നിരയും ഗോൾകീപ്പറും സമ്മതിചില്ല. ഒടുവിൽ 87-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫ്രെഡറിക്കോ ചിയേസ മറ്റൊരു മത്സരത്തിലും അവതരിച്ചു പൂളിന് പ്രതീക്ഷകൾ നൽകി. ആറു മിനുറ്റ് അധികം സമയം അനുവദിച്ച മത്സരത്തിൽ അവസാന നിമിഷത്തിലായിരുന്നു മുൻ ആർസണൽ താരമായ എഡ്ഡി എന്‍കെറ്റിയയാണ് പാലസിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ പ്രീമിയർ ലീഗിൽ ഇതു വരെ തോൽവി അറിയാത്ത ടീമായി ഒലിവർ ഗ്ലാസ്നറിന്റെ ക്രിസ്റ്റൽ പാലസ് തുടരുന്നു
സിറ്റി ഒന്നിന് അഞ്ചു ഗോളുകൾക്കാണ് ബേൺലിയെ തകർത്തത്. മറ്റൊരു മത്സരത്തിലും ഹാലൻഡ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മാത്യൂസ് നുനെസും ഒരു ഗോൾ നേടി. ബാക്കി രണ്ടു ഗോളുകൾ പിറന്നത് ബേൺലി ഡിഫൻഡർ ക്രിസ്റ്റ്യൻ എസ്റ്റീവിന്റെ സെൽഫിലൂടെയായിരുന്നു. ജെയ്ഡൺ ആന്റണിയാണ് എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത്.
12-ാം മിനുറ്റിൽ എസ്റ്റീവിനന്റെ സെൽഫിൽ സിറ്റി മുന്നിലെങ്കിലും ഒന്നാം പകുതിയിൽ തന്നെ ബേൺലി ഒപ്പമെത്തി. 35 മിനുറ്റിലാണ് ജെയ്ഡൺ ആന്റണിയിലൂടെ ഇവർ തുല്യത പാലിച്ചത്. രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചു വിട്ട സിറ്റി 61-ാം മിനുറ്റിൽ ലീഡ് തിരിച്ചുപിടിച്ചു. ഹാലൻഡ് നൽകിയ പന്തിൽ നുനെസാണ് സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചത്. നാലു മിനുറ്റുകൾക്ക് ശേഷം അടുത്ത സെൽഫും കൂടി പിറന്നതോടെ ആതിഥേരായ സിറ്റി ലീഡ് വർധിച്ചു. 90,90+3 മിനുറ്റുകളിൽ സൂപ്പർ താരം ഹാലൻഡിന്റെ ഗോളുകൾ കൂടി പിറന്നതോടെ ബേൺലിയുടെ പതനം പൂർത്തിയായി.
മറ്റൊരു മത്സരത്തിൽ അവസാന സ്ഥാനക്കാരായ വോൾവ്സിനോട് സമനിലയിൽ കുരുങ്ങി ശക്തരായ ടോട്ടൻഹാം. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ അടിച്ചത്. ഗോൾരഹിത സമനിലയായ ഒന്നാം പകുതിക്ക് ശേഷം 54-ാം മിനുറ്റിൽ ബ്യൂണോ സ്യൂട്ടോയിലൂടെ വോൾവ്സ് മുന്നിലെത്തി. സീസണിലെ ആദ്യ വിജയം സ്വപ്നം കണ്ട ചെന്നായകൾക്ക് തിരിച്ചടിയായി മത്സരത്തിന്റെ അവസാന നിമിഷം ജോവോ പാൽഹിൻഹയാണ് ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചത്. എങ്കിലും സീസണിൽ ആദ്യമായിട്ടാണ് വോൾവ്സ് പോയിന്റ് നേടുന്നത്.
മറ്റു മത്സരങ്ങൾ
ലീഡ്‌സ് യുണൈറ്റഡ് – 2 ( റോഡൺ – 37 /ലോംഗ്സ്റ്റാഫ് – 54)
ബോൺമത്ത് – 2 ( സെമെനിയോ – 26 / ക്രൂപ്പി – 90+3)
നോട്ടിങ്ഹാം – 0
സണ്ടർലാൻഡ് – 1 ( ആൽഡെറെറ്റ് – 38)
ഇന്നത്തെ മത്സരങ്ങൾ
ആസ്റ്റൺ വില്ല – ഫുൾഹാം
( ഇന്ത്യ – 6:30 PM) ( സൗദി 4:00 PM)
ന്യൂകാസ്റ്റ്ൽ യുണൈറ്റഡ് – ആർസണൽ
( ഇന്ത്യ – 9:00 PM) ( സൗദി 6:30 PM)