മാഞ്ചസ്റ്റർ – ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തകർത്ത് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ എങ്കിലും അഞ്ചിലും നിലവിലെ ചാമ്പ്യന്മാർ പരാജയപ്പെട്ടു. സിറ്റിക്ക് വേണ്ടി സ്റ്റാർ സ്ട്രൈക്കർ ഏർലിംഗ് ഹാലൻഡ് (29-ാം മിനുറ്റ് ), സ്പാനിഷ് താരം നിക്കോ ഗോൺസലാസ് ( 45+3), ജെറമി ഡോക്കു (63) എന്നിവരാണ് ഗോളുകൾ നേടിയത്. ഹാലൻഡിന് ലഭിച്ച ഒരു പെനാൽറ്റി പൂൾ കീപ്പർ ജിയോർജി മമർദാഷ്വിലി സേവ് ചെയ്ത് രക്ഷപ്പെടുത്തിയത് പരാജയഭാരം കുറച്ചു. ജയത്തോടെ 22 പോയിന്റുമായി പട്ടികയിൽ രണ്ടാമതെത്തിയ സിറ്റി ഒന്നാമതുള്ള ആഴ്സണലുമായി പോയിന്റ് വ്യത്യാസം നാലാക്കി കുറച്ചു. ലിവർ 18 പോയിന്റുമായി എട്ടാമത് ആണ്.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത നാലു ഗോളുകൾക്ക് ബോൺമത്തിനെ തകർത്തു. എമിലിയാനോ ബ്യൂണ്ടിയ (28-ാം മിനുറ്റ് ),അമാദൗ ഒനാന ( 40), റോസ് ബാർക്ക്‌ലി (77), ഡോണേൽ മാലെൻ (82) എന്നിവരുടെ ഗോളുകളാണ് വില്ലക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ബോൺമത്തിന് ലഭിച്ച ഒരു പെനാൽറ്റി കീപ്പർ എമിലാനോ മാർട്ടിനെസ് മികച്ച സേവുമായി രക്ഷപ്പെടുത്തി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രെന്റ്ഫോഡുമായി പരാജയപ്പെട്ടു. 27-ാം മിനുറ്റിൽ ഹാർവി ബാൺസിന്റെ ഗോളിൽ ന്യൂകാസിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങി പരാജയപ്പെടുകയായിരുന്നു. കെവിൻ ഷാഡ് 56-ാം മിനുറ്റിൽ നേടിയ ഗോളിൽ ഒപ്പമെത്തിയ ബ്രെന്റ്ഫോഡിന് വേണ്ടി ഇഗോർ തിയാഗോയാണ് ഇരട്ട ഗോളുകൾ നേടി വിജയം സമ്മാനിച്ചത്. 78 (പെനാൽറ്റി), 90+5 മിനിറ്റുകളിലാണ് താരം ഗോൾ നേടിയത്. ഡിഫൻഡർ ഡാനിയൽ ബേണിന് ചുവപ്പ് കാർഡ് ലഭിച്ചത് ന്യൂകാസിലിന് തിരിച്ചടിയായി. ഇതോടെ 12 പോയിന്റ് മാത്രമുള്ള ന്യൂകാസിൽ പതിനാലാം സ്ഥാനത്താണ്.
മറ്റു മത്സരങ്ങൾ
ക്രിസ്റ്റൽ പാലസ് – 0
ബ്രൈറ്റൺ – 0
നോട്ടിങ്ഹാം ഫോറസ്റ്റ് – 3 (ഇബ്രാഹിം സംഗാരെ – 15/ മോർഗൻ ആൻ്റണി ഗിബ്സ്-വൈറ്റ് – 68/ എലിയറ്റ് ആൻഡേഴ്‌സൺ – 90+1 പെനാൽറ്റി)
ലീഡ്‌സ് യുണൈറ്റഡ് – 1 ( ലൂക്കാസ് എൻമെച്ച – 13)



