ലണ്ടൻ – പ്രീമിയർ ലീഗിൽ ഏറെ നാളുകൾക്കൊടുവിൽ വിജയം കണ്ടെത്തി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പൂൾ പരാജയപ്പെടുത്തിയത്. മുഹമ്മദ് സല, റയാൻ ഗ്രാവൻബെർച്ച് എന്നിവരാണ് വല കുലുക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇടക്ക് ഹ്യൂഗോ എകിറ്റികെ പന്ത് വലയിൽ എത്തിച്ചെങ്കിലും ഓഫ് സൈഡിൽ. ഒടുവിൽ ഒന്നാം അവസാനിക്കാനിരിക്കെ എമിലാനോ മാർട്ടിനെസിന് പറ്റിയ പിഴവ് മുതലെടുത്ത് സല നിലവിലെ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. 58-ാം മിനുറ്റിൽ മാക് അലിസ്റ്റർ നൽകിയ പന്ത് ബോക്സിനു പുറത്തുനിന്ന് ഷോട്ട് എടുത്ത് ഗ്രാവൻബെർച്ച് ലീഡ് ഇരട്ടിയാക്കി ലിവർപൂളിന് വിജയം സമ്മാനിച്ചു. പ്രീമിയർ ലീഗിലെ കഴിഞ്ഞ നാലു മത്സരങ്ങളിലും പരാജയപ്പെട്ട ലിവർപൂളിന് ഈ വിജയം ഏറെ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. നിലവിൽ 18 പോയിന്റുമായി മൂന്നാമതാണ് പൂൾ.
മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസി ആതിഥേയരായ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി. 34-ാം മിനുറ്റിൽ ബ്രസീലിയൻ താരമായ ജാവോ പെഡ്രോയാണ് ടീമിന്റെ വിജയഗോൾ നേടിയത്.



