ലണ്ടൻ – പ്രീമിയർ ലീഗിൽ ഒന്നാമത് തുടരുന്ന ആഴ്സണലിന് സമനില ഷോക്ക്. ഈ വർഷം പ്രീമിയർ ലീഗിലേക്ക് എത്തി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സണ്ടർലാൻഡാണ് സമനിലയിൽ തളച്ചത് (2-2). സണ്ടർലാൻഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം വഴങ്ങിയ ഗോളാണ് തിരിച്ചടിയായത്. ആഴ്സണലിന് വേണ്ടി ബുക്കായോ സാക്ക, ലിയാൻഡ്രോ ട്രോസാർഡ് എന്നിവർ വല കുലുക്കിയപ്പോൾ ആതിഥേർക്കുവേണ്ടി മുൻ ആഴ്സണൽ യൂത്ത് ടീം താരം ഡാനിയൽ ബല്ലാർഡ്,ബ്രയാൻ ബ്രോബി എന്നിവരാണ് ഗോളുകൾ നേടിയത്.
36-ാം മിനുറ്റിൽ ബല്ലാർഡ് ഉഗ്രൻ ഷോട്ടിലൂടെ സണ്ടർലാൻഡിനെ എത്തിച്ചു. തിരിച്ചടിക്കാനായി പലതവണ ശ്രമിച്ച പീരങ്കികളുടെ പ്രയത്നം ഫലം കണ്ടത് 54-ാം മിനുറ്റിലാണ്. സണ്ടർലാൻഡ് പ്രതിരോധ താരത്തിന് പറ്റിയ പിഴവു മുതലെടുത്ത് സാക പന്തു വലയിൽ എത്തിച്ചു ടീമിനെ ഒപ്പമെത്തിച്ചു. 74-ാം മിനുറ്റിൽ ബോക്സിന്റെ പുറത്തുനിന്നുള്ള ഷോട്ടിലൂടെ ട്രോസാർഡ് ലീഡും നൽകി. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച കോർണറിൽ തല വെച്ച് ബ്രോബി ആതിഥേർക്ക് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചു. ഗോൾ കീപ്പർ ഡേവിഡ് റായയുടെ പ്രകടനമാണ് സന്ദർശകരെ തോൽവിയിൽ നിന്ന് കര കയറ്റിയത്. നീണ്ട എട്ടു മത്സരങ്ങൾക്കുശേഷമാണ് പീരങ്കി പ്രതിരോധനിര ഗോൾ വഴങ്ങുന്നത്. സീസണിൽ ആദ്യമായിട്ടാണ് ഒരു മത്സരത്തിൽ ഒന്നിന് കൂടുതൽ ഗോളുകൾ വഴങ്ങുന്നതും.
സമനിലയാണെങ്കിലും 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ഒന്നാമത് തുടരുകയാണ് ആഴ്സ്ണൽ. 19 പോയിന്റുമായി സണ്ടർലാൻഡ് നാലാമതാണ്.
മറ്റൊരു മത്സരത്തിൽ സ്വന്തം തട്ടകത്തിൽ വോൾവ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ചെൽസി തകർത്തു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മാലോ ഗസ്റ്റോ ( 51-ാം മിനുറ്റ് ), ജാവോ പെഡ്രോ ( 65), പെഡ്രോ നെറ്റോ (73) എന്നിവരുടെ ഗോളുകളാണ് വിജയം സമ്മാനിച്ചത്. അർജന്റീനിയൻ താരമായ അലജൻഡ്രോ ഗർണച്ചോ രണ്ടു അസ്സിസ്റ്റുമായി മിന്നിതിളങ്ങി. വിജയത്തോടെ 20 പോയിന്റുമായി ലണ്ടൻ ക്ലബ്ബ് പട്ടികയിൽ രണ്ടാമതാണ്.
മറ്റു മത്സരങ്ങൾ
എവർടൺ -2 ( ഇദ്രിസ്സ ഗുയേ – 45+4/ മൈക്കൾ കീൻ – 81)
ഫുൾഹാം – 0
വെസ്റ്റ്ഹാം യുണൈറ്റഡ് – 3 ( കാലം വിൽസൺ -44/ ടോമാഷ് സൂസെക്ക് -77/ കൈൽ വാക്കർ-പീറ്റേഴ്സ് – 87)
ബേൺലി – 2 ( സിയാൻ ഫ്ലെമ്മിംഗ് -35/ ജോഷ് കുല്ലൻ – 90+7)



