ആര്‍ബര്‍ട്ട– ആ കടുംചുവപ്പ് ഏഴാം നമ്പര്‍ ജഴ്സിക്ക് പിറകിലായി ഇങ്ങിനെ എഴുതിയിരുന്നു…’പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു”.. ലോക ഫുട്ബോളിലെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയായ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കഴിഞ്ഞ ദിവസം തന്റെ മുന്‍പ്രധാനമന്ത്രി വശം കൊടുത്തയച്ച സമ്മാനമായിരുന്നു ആ ജഴ്സി.
ഏഴ് എന്ന അക്ഷരത്തിനരികിലായി കറുത്ത മഷിയിലെ ആ സന്ദേശം ലോകകായിക പ്രേമികള്‍ മാത്രമല്ല രാഷ്ട്രീയ നിരീക്ഷകരും ഏറ്റെടുത്തു. ഒപ്പം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഇസ്രായില്‍-ഇറാന് യുദ്ധം മുറുകുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍ തന്റെ ഒപ്പ് ചാര്‍ത്തിയ ഈ ജഴ്സി കാനഡയിലെ ആല്‍ബര്‍ട്ട, കാനനാസ്കിസില്‍ വെച്ച് ജി-സെവന് ഉച്ചകോടിക്കിടെയായിരുന്നു കൈമാറിയത്. പോര്‍ച്ചുഗീസ് മുന്‍പ്രധാനമന്ത്രിയും യൂറോപ്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷനുമായ അന്റോണിയോ കോസ്റ്റ ചിരിച്ചുകൊണ്ട് ഇത് ട്രംപിന് കൈമാറുമ്പോള്‍ അതിലൊരു സന്ദേശമുണ്ടെന്ന് പ്രത്യേകം പറഞ്ഞു. ശേഷം അതു ഉറക്കെ വായിച്ചു. ട്രംപിന്റെ പ്രതികരണവും ഏറെ ‘ക്ലാസിക്’ ആയി. ”’ഓ! എനിക്ക് അത് വളരെ ഇഷ്ടമാണ്! ‘സമാധാനത്തിനായി കളിക്കുന്നു…”അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന് കൗണ്‍സിലിന്റെ അധ്യക്ഷനോടൊപ്പം ജഴ്സി നിവര്‍ത്തിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു.
ആ ക്ലിക്കും വീഡിയോയും ലോകം മുഴുക്കെ പടര്‍ന്നു. ക്രിസ്റ്റിയാനോ ആരാധകരുള്‍പ്പെടെ ലോക ഫുട്ബോള്‍ ആരാധകരും മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഏറെ ചര്‍ച്ച ചെയ്തു. ക്രിസ്റ്റിയാനോയുടെ സമാധാന സന്ദേശം പുകഴ്ത്തിയവരും നിലപാടിനെ വാഴ്ത്തിയവരും നിരവധി. സ്വാഭാവികമായും ഇകഴ്ത്തിയവരുമുണ്ടായി. എക്സിലും ഇന്‍സ്റ്റഗ്രാമിലും മിന്നല്‍വേഗത്തിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ആവേശഭരിതരും ആക്ഷേപഹാസ്യം ചൊരിഞ്ഞവരുമായി മാറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വൈറലായ സോഷ്യല്‍മീഡിയാ ചിത്രമായും ഇത് മാറി. താങ്കള്‍ ഫുട്ബോള്‍ ലെജന്‍ഡ് മാത്രമല്ല ലോകസമാധാനത്തിന്റെ വക്താവാണ് എന്ന് സന്ദേശമയച്ചവരും ‘ദലൈലാമയെക്കാള് സിആര്‍7 ലോക സമാധാനത്തിനായി ചെയ്യുന്നു’ എന്നു പരിഹസിച്ചവരും അക്കൂട്ടത്തിലുണ്ടായി. ‘ഡെമോക്രാറ്റുകള്‍ മെസ്സിയെയും ബാഴ്സലോണയെയും സ്നേഹിക്കുന്നു എന്ന് ഞാന്‍ കരുതുന്നു, റിപ്പബ്ലിക്കന്മാര് റൊണാള്‍ഡോയെയും റയല്‍ മാഡ്രിഡിനെയും സ്നേഹിക്കുന്നു…’ ഇങ്ങിനെയും ചിലര്‍ എഴുതി. 2026 ഫിഫ ലോകകപ്പിന് മുമ്പുള്ള ഒരു പവര്‍ പ്ലേ ആയി ആ സന്ദര്‍ഭത്തെ വായിച്ചവരുമുണ്ട്.