കയ്റോ- ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പെലെയെ അനുസ്മരിച്ച് കഴിഞ്ഞ ദിവസം യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യു.ഇ.എഫ്.എ) ഇങ്ങിനെ ട്വീറ്റ് ചെയ്തിരുന്നു. “‘ഫലസ്തീൻ പെലെ’ ആയ സുലൈമാൻ അൽ-ഒബൈദിന് വിട” എന്നായിരുന്നു യുവേഫയുടെ ട്വീറ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതേ പോസ്റ്റ് റീ പോസ്റ്റ് ചെയ്ത ഈജിപ്ഷ്യൽ ദേശീയ ടീമിന്റെ സൂപ്പർ സ്റ്റാറും ലിവർപുൾ താരവുമായ മുഹമ്മദ് സലാഹ് യുവേഫയെ അതിശക്തമായി വിമർശിച്ച് രംഗത്തെത്തി.
തന്റെ റീ പോസ്റ്റിൽ അദ്ദേഹം എങ്ങനെ മരിച്ചു, എവിടെ മരിച്ചു, എന്തുകൊണ്ട് മരിച്ചു എന്ന് നിങ്ങൾക്ക് പറയാമോ?”എന്നായിരുന്നു സലയുടെ ചോദ്യം.
ബുധനാഴ്ച ഇസ്രായേൽ സൈന്യം “തെക്കൻ ഗാസ സ്ട്രിപ്പിൽ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്ന ആളുകളെ ലക്ഷ്യമിട്ട്” നടത്തിയ ആക്രമണത്തിലാണ് 41 കാരനായ ഒബൈദ് കൊല്ലപ്പെട്ടത്. ഗാസയിലെ ഖദാമത്ത് അൽ-ഷാത്തി ക്ലബ്ബിന്റെ മുൻ താരമായ ഒബൈദ് ഫലസ്തീൻ ടീമിനായി 24 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു. “തന്റെ നീണ്ട കരിയറിൽ, അൽ-ഒബൈദ് 100-ലധികം ഗോളുകൾ നേടിയിട്ടുണ്ട്. ഫലസ്തീൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിൽ ഒരാളായിരുന്നു ഒബൈദ്. 1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിലെ അൽ-അമാരി യൂത്ത് സെന്റർ ക്ലബ്ബിനും മിഡ്ഫീൽഡറായി ഒബൈദ് കളത്തിലിറങ്ങി.
2010-ൽ മൗറിറ്റാനിയയിലേക്ക് സൗഹൃദ മത്സരം കളിക്കാനുള്ള യാത്രാമധ്യേ “സുരക്ഷാ കാരണങ്ങളാൽ” ജോർദാൻ അതിർത്തിയിൽ തിരിച്ചയച്ച ഗാസയിൽ നിന്നുള്ള ദേശീയ ടീമിലെ ആറ് കളിക്കാരിൽ ഒബൈദും ഉൾപ്പെട്ടിരുന്നു.
ഗാസ സിറ്റിയിൽ ജനിച്ച ഒബൈദിന് ഭാര്യയും അഞ്ച് മക്കളുമുണ്ട്.
2012 എ.എഫ്.സി ചലഞ്ച് കപ്പ് യോഗ്യതാ മത്സരങ്ങളിലും,2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഫലസ്തീൻ ദേശീയ ടീമിന് വേണ്ടിയും താരം ബൂട്ട് കെട്ടിയിരുന്നു.
ഉബൈദിന്റെ മരണത്തോടെ കളിക്കാർ, പരിശീലകർ, റഫറിമാർ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 321 ഫുട്ബോൾ പ്രൊഫഷണലുകൾ കൊല്ലപ്പെട്ടു എന്നാണ് ഫെഡറേഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഉബൈദിന്റെ മരണത്തെ തുടർന്ന് ഇസ്രയേൽ ഫുട്ബോൾ അസോസിയേഷന്റെ അംഗത്വം ഫിഫ താൽക്കാലികമായി നിർത്തിവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ വീണ്ടും ആവശ്യം ഉയർത്തിയിരിക്കുകയാണ്.