മയാമി- മേജർ ലീഗ് സോക്കറിന്റെ സൂപ്പർ ഫൈനൽ പോരാട്ടത്തിൽ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിൽ ഇന്റർ മയാമിക്ക് ഉജ്ജ്വല വിജയം. കലാശ പോരാട്ടത്തിൽ ജർമൻ താരം തോമസ് മുള്ളറിന്റെ വാൻകൂവറിനെ പരാജയപ്പെടുത്തിയാണ് കന്നി എംഎൽഎസ് കിരീടം മയാമി സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മയാമിയുടെ വിജയം. മയാമിക്ക് വേണ്ടി അർജന്റീനിയൻ താരങ്ങളായ റോഡ്രിഗോ ഡിപോൾ, ടാഡിയോ അല്ലെൻഡെ യും വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫിലൂടെയാണ്. രണ്ടു അസിസ്റ്റുകളുമായി മറ്റൊരു മെസ്സി വിജയത്തിൽ നിർണായക പങ്കു വഹിച്ചു. എതിരാളികളുടെ ആശ്വാസ ഗോൾ സ്വന്തമാക്കിയത് അലി അഹമ്മദാണ്.
മത്സരത്തിന്റെ എട്ടാം മിനുറ്റിൽ തന്നെ മെസ്സി സുന്ദരമായി നൽകിയ പാസ്സ് ഡിപോൾ അല്ലെൻഡെക്ക് നൽകി, ഗോൾ പോസ്റ്റിന് മുന്നിൽ നിന്ന് അല്ലെൻഡെ സഹതാരത്തിന് പാസ്സ് നൽകാൻ ശ്രമിച്ച പന്ത് വാൻകൂവർ താരം എഡിയർ ഒകാമ്പോ കാലിൽ തട്ടി വലയിൽ കയറിയതോടെ മയാമി മുന്നിലെത്തി. 38-ാം മിനുറ്റിൽ വാൻകൂവർ താരം ഇമ്മാനുവൽ സാബിയുടെ ഗോൾ ശ്രമം മയാമി കീപ്പർ റോക്കോ റിയോസ് നോവോ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിൽ കൂടുതൽ തിരിച്ചക്രമിച്ച എതിരാളികൾ 60-ാം മിനുറ്റിൽ ഒപ്പം എത്തി. യുഎസ് താരം ബ്രയാൻ വൈറ്റ് നൽകിയ പന്ത് സുന്ദരമായി അഹമ്മദ് വലയിൽ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം വാൻകൂവർ താരം എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചുവന്നു. 71-ാം മിനുറ്റിൽ എതിരാളികളുടെ കാലിൽ നിന്നും മെസ്സി എടുത്ത പന്ത് ഡിപോളിന് കൈമാറി. ലഭിച്ച പന്ത് ഡിപോൾ കൃത്യമായി ലക്ഷ്യം കണ്ടതോടെ മയാമി വീണ്ടും മുന്നിലെത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ അല്ലെൻഡെയും ഗോൾ നേടിയതോടെ മയാമി വിജയം ഉറപ്പിച്ചു. ഈ ഗോളിനും വഴിയൊരുക്കിയത് മെസ്സി തന്നെയാണ്.
ചരിത്രത്തിൽ ആദ്യമായാണ് മയാമി എംഎൽഎസ് കിരീടം നേടുന്നത്. മയാമിയുടെ നാലാമത്തെ കിരീടം ആണിത്. നാല് കിരീടവും മെസ്സിയുടെ പ്രകടന മികവിലാണ് ഇവർ സ്വന്തമാക്കിയത്. ഈ സീസണിൽ എംഎൽഎസിൽ മാത്രം താരം 34 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളും 23 അസിസ്റ്റുകളും ആണ് നേടിയത്.
കരിയറിൽ 50 കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡിന് മെസ്സിക്ക് ഇനി രണ്ട് കിരീടങ്ങൾ മാത്രം അകലെയാണ്.
മറ്റൊരു സവിശേഷത മെസ്സിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ ജോർദി ആൽബ, സെർജിയോ ബുസ്കെറ്റ്സ് എന്നിവരുടെ കരിയറിലെ അവസാന മത്സരം കൂടിയായിരുന്നു.



