മയാമി– ഫുട്‌ബോൾ ആരാധകർക്ക്, പ്രത്യേകിച്ചും അർജന്റീനയുടെയും മെസ്സിയുടെയും ഫാൻസിന് വലിയൊരു സന്തോഷ വാർത്തയാണ് അമേരിക്കയിൽ നിന്ന് വന്നിരിക്കുന്നത്. വിരമിക്കൽ സംബന്ധിച്ച ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിൽ, ഇതിഹാസ താരം ലയണൽ മെസ്സി ഇന്റർ മയാമിയുമായി മൂന്നു വർഷത്തേക്കുള്ള കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. 2028 എംഎൽഎസ് സീസൺ വരെ മെസ്സി ടീമിൽ തുടരുമെന്ന വാർത്ത ഇന്റർ മയാമി തന്നെയാണ് പുറത്തുവിട്ടത്. ഇതോടെ, മെസ്സി 2026 ലോകകപ്പിൽ അർജന്റീനയ്ക്കു വേണ്ടിയും ബൂട്ടണിയാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.
2023-ലാണ് പിഎസ്ജി വിട്ട് മെസ്സി ഇന്റർ മയാമിയിൽ ചേക്കേറിയത്. അന്ന് രണ്ടര വർഷത്തെ കരാറിലാണ് സൂപ്പർ താരം ഒപ്പുവച്ചിരുന്നത്. ഈ വർഷം കരാർ തീരുമ്പോൾ മെസ്സി ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയോ മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. നിർമാണം പുരോഗമിക്കുന്ന ഇന്റർ മയാമിയുടെ പുതിയ സ്‌റ്റേഡിയമായ മയാമി ഫ്രീഡം പാർക്ക് 2026-ലാണ് തുറക്കുന്നത്. ഫ്രീഡം പാർക്കിൽ ഇതിഹാസത്തിന്റെ പാദം പതിയില്ലേ എന്ന ആശങ്കയ്ക്കാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.
2022 ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സി, അടുത്ത ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്. ലോകകപ്പ് കളിക്കണോ എന്ന കാര്യത്തിൽ മെസ്സി തന്നെയാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് അർജന്റീന കോച്ച് ലയണൽ സ്‌കലോനി കഴിഞ്ഞ മാസം പറഞ്ഞത്. വെനിസ്വേലക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം മെസ്സി വികാര ഭരിതനായി കാണികളോട് വിടപറഞ്ഞത്, താരം വിരമിക്കുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെട്ടു.
എന്നാൽ, മയാമിയുമായുള്ള കരാർ പുതുക്കിയതിലൂടെ, കുറഞ്ഞത് മൂന്നു വർഷമെങ്കിലും താൻ സജീവ ഫുട്‌ബോളിൽ ഉണ്ടാകും എന്ന സന്ദേശമാണ് മെസ്സി കായിക ലോകത്തിന് നൽകിയിരിക്കുന്നത്. തന്റെ ശരീരവും മനസ്സും അനുവദിക്കുന്ന കാലത്തോളം താൻ രാജ്യത്തിനു വേണ്ടി കളിക്കും എന്ന് നേരത്തെ മെസ്സി വ്യക്തമാക്കിയിട്ടും ഉണ്ട്. 2028 വരെ ടോപ്പ് ലെവൽ ഫുട്‌ബോളിൽ കളിക്കാൻ തനിക്ക് കഴിയും എന്ന് മെസ്സി തിരിച്ചറിഞ്ഞ സാഹചര്യത്തിൽ, ലോകകപ്പിനുള്ള ടീമിലും താരം ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
മയാമിയും മെസ്സിയും തമ്മിലുള്ള പുതിയ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും കായിക ലോകത്തെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി മെസ്സി തുടരും എന്നു തന്നെയാണ് പുറത്തുവരുന്ന സൂചനകൾ. വൻതുക ശമ്പളത്തിനും ഗ്യാരന്റീഡ് കോമ്പൻസേഷനും പുറമെ ആപ്പിൾ സ്ട്രീമിംഗ് സർവീസിലെ വരുമാനത്തിൽ പങ്ക്, അഡിഡാസുമായുള്ള കരാറിൽ നിന്നുള്ള റവന്യൂ ഷെയർ, ക്ലബ്ബിന്റെ ഉടമസ്ഥാവകാശത്തിൽ പങ്ക് തുടങ്ങിയ വലിയ ഓഫറുകളാണ് മയാമി നേരത്തെ മെസ്സിക്ക് നൽകിയിരുന്നത്. മെസ്സി വന്നതോടെ അമേരിക്കയിൽ ഫുട്‌ബോളിന്റെ ജനപ്രിയത വർധിക്കുകയും ഇന്റർ മയാമിയുടെ മൂല്യം കുത്തനെ വർധിക്കുകയും ചെയ്തിരുന്നു.



