കൊച്ചി- അർജന്റീന നായകൻ ലയണൽ മെസി അടക്കമുള്ള താരങ്ങൾ കേരളത്തിൽ പന്തു തട്ടാനെത്തുമെന്നത് സ്വപ്നം മാത്രമായി. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനം നടക്കില്ല. 2022 ലെ ലോകകപ്പ് ചാമ്പ്യന്മാർക്ക് ആതിഥേയത്വം വഹിക്കാൻ ആവശ്യമായ പണം സ്വരൂപിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതാണ് സന്ദർശനം റദ്ദാകാൻ കാരണം. മെസ്സി അടങ്ങുന്ന അർജന്റീന ടീം 2025 ൽ സംസ്ഥാനത്ത് രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മത്സരങ്ങൾ ക്രമീകരിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയായ 100 കോടി രൂപ സ്വരൂപിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരം.
ഓഗനൈസർമാർ ആവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ കരാർ സ്ഥിരീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചുവെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതേതുടർന്ന് അർജന്റീന മറ്റു രാജ്യങ്ങളിൽ മത്സരത്തിന് ഒരുങ്ങുകയാണ്. ചൈനയിൽ രണ്ടും അംഗോളയിലും ഖത്തറിലും ഓരോ മത്സരവും കളിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് സ്‌പോർട്‌സ് ജേണലിസ്റ്റ് ഗാസ്റ്റൺ എഡുൽ പറഞ്ഞു. ഷെഡ്യൂൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും ഈ മത്സരങ്ങൾ.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) ഒരു വിഭാഗത്തിനാണ് തുടക്കത്തിൽ അർജന്റീന മത്സരത്തിന്റെ സ്പോൺസർഷിപ്പ് അനുവദിച്ചത് എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. സംഘടനയുടെ ‘ഒലോപ്പോ’ ആപ്പിലെ വിൽപ്പനയിലൂടെ ആവശ്യമായ 100 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ തുകയിൽ 70 കോടി രൂപ ടീമിന്റെ അപ്പിയറൻസ് ഫീസായി നീക്കിവച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് വിജയിച്ചില്ല.
2025 മാർച്ചിൽ, ഇന്ത്യയിലും സിംഗപ്പൂരിലും കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അർജന്റീന ഫുട്ബോൾ ടീമുമായി പങ്കാളിത്തം വഹിച്ച എച്ച്എസ്ബിസി ഇന്ത്യ, 2025 ഒക്ടോബറിൽ അർജന്റീന ടീം ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെസ്സി 2025 ൽ ഇന്ത്യയിൽ വരുമെന്ന പ്രതീക്ഷകൾക്ക് ഈ പ്രസ്താവന കൂടുതൽ ശക്തി നൽകി, പക്ഷേ ബാങ്ക് ഇപ്പോൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നു. കേരള മന്ത്രി അബ്ദുറഹ്മാൻ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചു. “സ്‌പോൺസർമാർ ചോദ്യങ്ങൾക്ക് മറുപടി നൽകും,” അദ്ദേഹം അടുത്തിടെ ടിഎൻഐഇയോട് പറഞ്ഞു.