മിയാമി – മേജർ ലീഗ് സോക്കറിന്റെ മറ്റൊരു മത്സരത്തിലും ഇതിഹാസ താരം ലയണൽ മെസ്സി കളം നിറഞ്ഞപ്പോൾ മിയാമിക്ക് മിന്നും വിജയം. ന്യൂയോർക്ക് സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി സ്വന്തമാക്കിയത്. ബാൾട്ടസർ റോഡ്രിഗസ്, ലൂയിസ് സുവാരസ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
ആദ്യ 30 മിനിറ്റുകളിൽ ആതിഥേരായ ന്യൂയോർക്കിന് നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും ഒന്നും വലയിൽ എത്തിച്ചില്ല. ഒന്നാം പകുതി ഗോൾ രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ 43-ാം മിനുറ്റിൽ മെസ്സിയുടെ പാസ്സിൽ നിന്നു അർജന്റീനിയൻ താരമായ ബാൾട്ടസർ റോഡ്രിഗസ് ഗോൾ നേടിയതോടെ മിയാമി മുന്നിലെത്തി.
രണ്ടാം പകുതിയിൽ രണ്ട് ടീമുകളുടെ ഭാഗത്തുനിന്നും ആദ്യപകുതിയിൽ എന്നപോലെ മികച്ച കളി കണ്ടില്ല. എന്നാൽ 74-ാം മിനുറ്റിൽ ഗോൾകീപ്പറെ കബളിപ്പിച്ചു പന്ത് വലയിൽ എത്തിച്ചതോടെ മിയാമി രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. 83-ാം മിനുറ്റിൽ ഡിപോളിനെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി സുവാരസ് കൃത്യമായി ലക്ഷ്യം കണ്ടതോടെ സ്കോർ 3-0. മൂന്നു മിനുറ്റുകൾക്ക് ശേഷം മറ്റൊരു മെസ്സി മാജിക്കിന് കൂടി സ്റ്റേഡിയം സാക്ഷിയായി. ബോക്സിന്റെ പുറത്തുനിന്നും പ്രതിരോധ താരങ്ങളെയെല്ലാം നിഷ്പ്രയാസരാക്കി തന്റെ തനത് ശൈലിയിൽ പെനാൽറ്റി ബോക്സിലേക്ക് കടന്ന മെസ്സി എടുത്ത ഷോട്ട് ഗോൾകീപ്പറെയും കടന്ന് പന്ത് വലയിൽ എത്തിയതോടെ ഒന്നും ചെയ്യാനാകാതെ നിൽക്കുന്ന എതിരാളികളെയാണ് കണ്ടത്.
വിജയത്തോടെ പട്ടികയിൽ 29 മത്സരങ്ങളിൽ നിന്നും 55 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മെസ്സിയും സംഘവും. ആദ്യ രണ്ടു സ്ഥാനക്കാർ മിയാമിയെക്കാളും രണ്ടു മത്സരങ്ങൾ കൂടുതൽ കളിച്ചത് എന്നതും ശ്രദ്ധേയമാണ്.