മ്യുണിക്ക്: യൂറോ കപ്പിലെ ഏറ്റവും മികച്ച മല്‍സരത്തിന് ഇന്ന് മ്യുണിക്ക് വേദിയാവും. രാത്രി 9.30ന് (ഇന്ത്യൻ സമയം) ലോക ഫുട്ബോളിലെ മുൻനിരക്കാരായ രണ്ട് ടീമുകള്‍ പോരാടും. യൂറോയിലെ കിരീട ഫേവററ്റുകളായ സ്പെയിനും ആതിഥേയരായ ജര്‍മ്മനിയുമാണ് ഇന്ന് യൂറോ ക്വാര്‍ട്ടര്‍ യുദ്ധത്തിനായിറങ്ങുന്നത്. ഇരും ടീമും ഏറ്റുമുട്ടുമ്പോള്‍ ഏവരുടെയും ശ്രദ്ധ ഇരു ടീമിലെയും കൗമാരക്കാരായ രണ്ട് താരങ്ങളിലാണ്. സ്പെയിനിന്റെ ലാമിന്‍ യമാലും ജര്‍മ്മനിയുടെ ജമാല്‍ മുസിയാലയും. ആധുനിക ഫുട്ബോളിന്റെ പുത്തന്‍ വാഗ്ദാനങ്ങളാണ് ഇരുവരും.
ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലും ഇരുതാരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 21കാരനായ ജമാല്‍ മുസിയാല ബയേണ്‍ മ്യുണിക്ക് താരമാണ്. ലാമിന്‍ ബാഴ്സയുടെ താരമാണ്. മുസിയാല ഈ യൂറോയില്‍ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്.16കാരനായ ലാമിന്‍ ഈ യൂറോയില്‍ സ്‌കോര്‍ ചെയ്തിരുന്നു. യൂറോയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും താരത്തിനുണ്ട്. ലാമിനെ തടയുക പ്രയാസകരമാവുമെന്നു ജര്‍മന്‍ കോച്ച് നഗ്ലസ്മാന്‍ കൂടി അറിയിച്ചതോടെ പോരാട്ടം കനക്കുമെന്നുറപ്പ്.
സ്പെയിന്‍ ടീമിനെ കിഡ്സ് ടീം എന്ന് വിശേഷിപ്പിച്ച മുന്‍ ഗോള്‍കീപ്പര്‍ ജെന്‍സ് ലെഹ്‌മാനെതിരേ ലാമിന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഞങ്ങള്‍ കുട്ടികളാണോ പരിചയസമ്പത്ത് ഇല്ലാത്തവരാണോ എന്നത് ഇന്ന് ഗ്രൗണ്ടില്‍ കാണാമെന്ന് ലാമിന്‍ പ്രതികരിച്ചു. ഈ യൂറോയില്‍ ഒരു മല്‍സരവും തോല്‍ക്കാത്ത റെക്കോഡ് സ്പെയിനിന് മാത്രമാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ എന്നിവയെ തോല്‍പ്പിച്ച്, 16-ാം റൗണ്ടില്‍ ജോര്‍ജിയയെ 4-1 ന് തോല്‍പിച്ചു. ജര്‍മ്മനി സ്‌കോട്ട്ലന്‍ഡിനെയും ഹംഗറിയെയും തോല്‍പ്പിച്ചെങ്കിലും ഡെന്മാര്‍ക്കിനെ പുറത്താക്കുന്നതിന് മുമ്പ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സമനില വഴങ്ങി. സ്പെയിന്‍-ജര്‍മ്മനി മല്‍സരത്തിലെ വിജയി ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ മല്‍സത്തിലെ വിജയുമായി സെമിയില്‍ ഏറ്റുമുട്ടും.
യൂറോ 88ലെ ഗ്രൂപ്പ് ഘട്ട വിജയത്തിനുശേഷം ഒരു പ്രധാന ടൂര്‍ണമെന്റിലും ജര്‍മ്മനി സ്പെയിനിനെ തോല്‍പ്പിച്ചിട്ടില്ല. അവസാനം ഇരുവരും ഏറ്റുമുട്ടിയ നാല് മല്‍സരങ്ങളിലും ജയം സ്പെയിനിനൊപ്പമായിരുന്നു. ലാമിന്‍ യമല്‍, നിക്കോ വില്യംസ്, ഫാബിയന്‍ റൂയിസ് എന്നിവര്‍ ചൊവ്വാഴ്ച സ്‌പെയിനിന്റെ പരിശീലന സെഷന്‍ നഷ്ടപ്പെടുത്തിയിരുന്നു. അതേസമയം അയ്‌മെറിക് ലാപോര്‍ട്ടെ ഒരു തവണ മാത്രമേ പരിശീലനം നടത്തിയിരുന്നുള്ളൂ.
ജര്‍മ്മനി ഡിഫന്‍ഡര്‍ ജോനാഥന്‍ താഹ് സസ്‌പെന്‍ഷനില്‍ നിന്ന് തിരിച്ചെത്തിയിട്ടുണ്ട്. പരിശീലകന്‍ ജൂലിയന്‍ നാഗെല്‍സ്മാന്‍ ടീം സമ്പൂര്‍ണ്ണ ഫിറ്റാണെന്ന് അറിയിച്ചു. കണക്കനുസരിച്ച് സ്‌പെയിനും ജര്‍മ്മനിയും തമ്മില്‍ മൂന്ന് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.