ബാർസലോണ – റയൽ സോസിഡാഡിന് എതിരെയുള്ള മത്സരത്തിലെ ജയത്തോടെ റയലിനെ മറികടന്ന് ബാർസ ഒന്നാമത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ബാർസ മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയത്. കാറ്റിലോണിയൻ ക്ലബിന് വേണ്ടി ജൂൾസ് കുണ്ടേ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവർ ഗോൾ നേടിയപ്പോൾ എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത് അൽവാരോ ഒഡ്രിയോസോളയാണ്.
പരിക്ക് പറ്റിയ റാഫിൻഹക്ക് പകരം റൂണി ബർദ്ജിയെയും കരിയറിൽ ആദ്യമായി ബാർസ ജേഴ്‌സി അണിയുന്ന ഡ്രോ ഫെർണാണ്ടസിനെയും ആദ്യ ഇലവനിൽ ഫ്ലിക്ക് അവസരം നൽകിയിരുന്നു. തുടക്കം മുതൽ തന്നെ ബാർസ പല തവണ സോസിഡാഡ് പോസ്റ്റിലേക്ക് ഷോട്ടുകൾ ഉതിർത്തിരുന്നെങ്കിലും ഗോൾ കീപ്പർ അലെക്സ് റെമിറോയുടെ മികവുറ്റ സേവുകൾ പല തവണ തിരിച്ചടിയായി.
31-ാം മിനുറ്റിൽ അപ്രതീക്ഷ ആക്രമണത്തിലൂടെ ഒഡ്രിയോസോള ഗോൾ നേടി സന്ദർശകരെ മുന്നിലെത്തിച്ചു. ഗോൾ മടക്കാനായി കളിച്ച ബാർസ ഫലം കണ്ടത് നിരവധി ശ്രമങ്ങൾക്ക് ഒടുവിലായിരുന്നു. 43-ാം മിനുറ്റിൽ റാഷ്ഫോഡ് എടുത്ത കോർണറിൽ തലവെച്ച് കുണ്ടേ ടീമിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിലും ഏകപക്ഷീയമായി ആക്രമണം നടത്തിയ നിലവിലെ ചാമ്പ്യന്മാർ 58-ാം മിനുറ്റിൽ റൂണിയെ പിൻവലിച്ച് സൂപ്പർ താരം ലമിൻ യാമലിനെ കളത്തിളിറക്കി. തൊട്ടടുത്ത നിമിഷം താരം നടത്തിയ മികച്ച മുന്നേറ്റത്തിന് ഒടുവിൽ ലെവൻഡോവ്സ്കിക്ക് പന്ത് നൽകി. രണ്ടാമതെന്നും ആലോചിക്കാതെ ലെവൻഡോവ്സ്കി ഹെഡ്ഡറിൽ ഗോൾ വല കുലുക്കിയതോടെ ബാർസ മുന്നിലെത്തി.
വീണ്ടും മികച്ച അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. ഈ ജയത്തോടെ ബാർസ റയൽ മാഡ്രിഡിനെ മറികടന്ന് പട്ടികയിൽ ഒന്നാമതെത്തി. ഈ സീസണിൽ ബാർസ ആദ്യമായാണ് പട്ടികയിൽ തലപ്പത്ത് സ്ഥാനം പിടിക്കുന്നത്. ഒന്നാമതുള്ള ബാർസക്ക് ഏഴു കളിയിൽ 19 പോയിന്റുള്ളപ്പോൾ റയലിന് ഒരു പോയിന്റ് കുറവാണ്.
മറ്റു മത്സരങ്ങൾ
റയ്യോ വയ്യോൻക്കോ – 0
സെവിയ്യ – 1 ( ജെറോം ആഡംസ് – 87)
എൽഷെ – 2 ( ആന്ദ്രേ സിൽവ – 18/ ജോൺ ഡൊണാൾഡ് -68)
സെൽറ്റാ വിഗോ – 1 ( ഇഗ്ലേഷ്യസ് -22)
റയൽ ബെറ്റിസ് – 2 ( എസ്സൽസൗലി – 19/ കുച്ചോ ഹെർണാണ്ടസ് – 38)
ഒസാസുന – 0