കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ചരിത്ര നേട്ടം. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എതിരില്ലാത്ത എട്ട് ഗോളിന്റെ ജയമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ഡ്യൂറന്റ് കപ്പിലെ ഏറ്റവും വലിയ ജയമെന്ന റെക്കോഡും ബ്ലാസ്‌റ്റേഴസ് പങ്കിട്ടു. ജയം ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്ന വയനാട്ടിനായി ബ്ലാസ്റ്റേഴ്‌സ് സമര്‍പ്പിച്ചു.
കറുത്ത ആം ബാന്റ് ധരിച്ചാണ് താരങ്ങള്‍ ഇറങ്ങിയത്. ആദ്യത്തെ മൂന്ന് ഗോള്‍ അടിച്ചപ്പോഴും താരങ്ങള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയില്ലെന്നതും ശ്രദ്ധേയമായി. വയനാടിന്റെ ദുഖത്തില്‍ പങ്കുചേരുന്നു എന്നായിരുന്നു അവരുടെ മൗനമായ ആഹ്വാനം. ആകാശത്തേക്ക് വിരല്‍ ചൂണ്ടി പ്രാര്‍ത്ഥനകള്‍ വയനാടിനൊപ്പമുണ്ടെന്ന് താരങ്ങള്‍ വ്യക്തമാക്കി. പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയുടെ കീഴിലെ ആദ്യമല്‍സരമായിരുന്നു ഇത്.
മല്‍സരത്തില്‍ പെപ്രയും നോഹയും ഹാട്രിക്ക് നേടി. ബ്ലാസ്‌റ്റേഴസിന്റെ പുതിയ താരം നോഹ സദോയി ആണ് മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. 32ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 40ാം മിനിറ്റില്‍ ക്വാമെ പെപ്ര രണ്ടാം ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് പെപ്ര മഞ്ഞപ്പടയുടെ മൂന്നാം ഗോളും നേടി. 50ാം മിനിറ്റില്‍ നോഹയിലൂടെയാണ് നാലാം ഗോള്‍. 53ാം മിനിറ്റില്‍ പെപ്ര ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഒപ്പം ബ്ലാസ്റ്റേഴസിന്റെ അഞ്ചാം ഗോളും. 76ാം മിനിറ്റിലാണ് നോഹയുടെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ഇത് കൊമ്പന്‍മാരുടെ ആറാം ഗോളായിരുന്നു.
ഇന്ത്യന്‍ താരം ഇഷാന്‍ പണ്ഡിറ്റിന്റെ വകയായിരുന്നു ഏഴും എട്ടും ഗോളുകള്‍. 86, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഇരട്ട ഗോള്‍ നേട്ടം. മുംബൈയെ നിലം തൊടാന്‍ അനുവദിക്കാതെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടം. തുടരെ തുടരെയുള്ള ഗോളുകള്‍ മുംബൈ താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു. പ്രതിരോധനിര പൂര്‍ണ്ണമായും തകര്‍ന്നതും മുംബൈക്ക് തിരിച്ചടിയായി. മഞ്ഞപ്പടയുടെ അടുത്ത മല്‍സരം പഞ്ചാബ് എഫ്‌സിക്കെതിരേയാണ്.