ഗെൽസെൻകിർചെൻ(ജർമ്മനി)- ഇറ്റലിയുടെ വലയിൽ കയറാൻ പാകത്തിൽ ആറോളം എണ്ണം പറഞ്ഞ ഷോട്ടുകൾ സ്പാനിഷ് പട തൊടുത്തുവിട്ടിരുന്നു. എന്നാൽ ഒന്നുപോലും ഗ്യാൻലുഗി ഡോണരുമയെ മറികടന്ന് വലയിൽ തൊട്ടതേയില്ല. ഇറ്റാലിയൻ വലയുടെ മുന്നിൽ ഡോണൊരുമ കെട്ടിയ എട്ടുകാലി വലയെ ഭേദിക്കാൻ സ്പെയിനിന് സാധിച്ചില്ല. ഒടുവിൽ, സ്വന്തം ടീമിലെ അംഗത്തിന്റെ കാലിൽ തട്ടി പിറന്ന സെൽഫ് ഗോളിൽ ഡോണൊരുമ കീഴടങ്ങി. യൂറോ കപ്പ് ഫുട്ബോളിന്റെ നിർണായക മത്സരത്തിൽ ഒരു തോൽവി ഏറ്റുവാങ്ങിയ ഇറ്റലിക്ക് അടുത്ത ഘട്ടത്തിലെത്തണമെങ്കിൽ ഇനി ക്രൊയേഷ്യയുമായുള്ള കളിവരെ കാത്തിരിക്കണം. ഇറ്റലിയെ ഒരു ഗോളിന് തോൽപ്പിച്ച സ്പെയിൻ അവസാന പതിനാറിൽ ഇടം നേടി. ക്രൊയേഷ്യക്ക് എതിരായ ആദ്യമത്സരത്തിൽ സ്പെയിൻ വിജയിച്ചിരുന്നു. അൽബേനിയക്ക് എതിരായ ആദ്യ മത്സരത്തിൽ ഇറ്റലി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.
ക്രൊയേഷ്യക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയം നേടാൻ ഇറ്റലിക്ക് എതിരായ മത്സരത്തിൽ സ്പെയിനിന് സാധിച്ചില്ല. തിങ്കളാഴ്ച അൽബേനിയക്ക് എതിരെയാണ് സ്പെയിനിന്റെ അടുത്ത മത്സരം.
മത്സരത്തിന്റെ ആദ്യ പത്തുമിനിറ്റിനുള്ളിൽ തന്നെ സ്പെയിനിന് മുന്നിലെത്താനുള്ള രണ്ടു അവസരങ്ങൾ തുറന്നുലഭിച്ചെങ്കിലും വിജയിച്ചില്ല. സ്വന്തം പകുതിയിൽനിന്ന് പന്തുമായി പുറത്തുകടക്കാനാകാതെ ആദ്യ മണിക്കൂറുകളിൽ ഇറ്റലി പകച്ചുപോയിരുന്നു. ഇറ്റലി ഗോൾകീപ്പർ ഡോണരുമക്ക് ബാറിന് കീഴിൽ വിശ്രമമില്ലാതെ ജോലിയുണ്ടായപ്പോൾ മറുഭാഗത്ത് സ്പെയിൻ ഗോൾ കീപ്പർ പലപ്പോഴും കാഴ്ച്ചക്കാരനായിരുന്നു. കളിയുടെ തുടക്കത്തിലും ഒടുക്കത്തിലുമെല്ലാം ബാറിന് കീഴിൽനിന്ന് അസാമാന്യ പ്രകടനമാണ് ഡോണൊരുമ നടത്തിയത്.