റോം– യൂവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന സൂപ്പർ കപ്പ് പോരട്ടത്തിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജി ക്ക് ജയം. ഇറ്റലിയിലെ ബ്ലൂനെർജി സ്റ്റേഡിയത്ത് വെച്ചു നടന്ന മത്സരത്തിൽ ഇംഗ്ലീഷ് കരുത്തരും നിലവിലെ യൂറോപ്പ ലീഗ് ജേതാക്കളുമായ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയാെണ് പി.എസ്.ജി സൂപ്പർ കപ്പ് സ്വന്തമാക്കിയത്. 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ഫ്രഞ്ച് ക്ലബിന്റെ വിജയം. 85 മിനുറ്റ് വരെ രണ്ടു ഗോളിന് പിറകിലായ മത്സരത്തിൽ അവസാന നിമിഷത്തെ ഗോളുകളാണ് പി.എസ്.ജി ക്ക് കീരിടം നേടി കൊടുത്തത്.
പുതിയ മാനേജർ തോമസ് ഫ്രാങ്കിന്റെ കീഴിൽ ആദ്യമായി ഇറങ്ങിയ ടോട്ടൻഹാം മത്സരത്തിന്റെ 37-ാം മിനുറ്റിൽ ഡിഫൻഡർ വാൻ ഡി വെനിന്റെ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പാനിഷ് താരം പെഡ്രോ പോറോ എടുത്ത ഫ്രീകിക്കിലൂടെ പുതു ക്യാപ്റ്റൻ ക്രിസ്റ്റ്യൻ റൊമേറോ ഹെഡറിലൂടെ ഗോൾ നേടുമ്പോൾ സ്കോർ (2-0).
പിന്നീട് വമ്പൻ ആക്രമണം അഴിച്ചു വിട്ട പി.എസ്.ജിയെയാണ് ഗ്രൗണ്ടിൽ കണ്ടത്. 65 മിനുറ്റിൽ ബ്രാഡ്‌ലി ബാർകോള പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. 85 മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ കൊറിയൻ താരമായ ലീ കാങ്-ഇനിന്റെ ബോക്സിന്റെ പുറത്തു നിന്നുള്ള ഷോട്ടിലൂടെ പി. എസ്. ജി ആദ്യ ഗോൾ നേടി. കീരിടം ഉറപ്പിച്ച ഇംഗ്ലീഷ് ക്ലബിന് തിരിച്ചടി നൽകി കൊണ്ട് മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഉസ്മാൻ ഡെംബെലെ നൽകിയ ക്രോസ്സിൽ നിന്നും സ്ട്രൈക്കർ ഗോൺസാലോ റാമോസ് ഗോൾ നേടി. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ ടോട്ടൻഹാമിന്റെ വാൻ ഡി വെൻ,മാത്തിസ് ടെൽ എന്നിവർക്ക് പിഴച്ചു. പി.എസ്.ജി നിരയിൽ വിറ്റീഞ്ഞ ഒഴികെ ബാക്കിയെല്ലാവരും പന്ത് കൃതമായി വലയിൽ എത്തിച്ചതോടെ മത്സരം അവസാനിച്ചു.
സൂപ്പർ കപ്പും കൂടി നേടിയതോടെ ഈ സീസണിലെ ഫിഫ ക്ലബ് വേൾഡ് കപ്പ് ഒഴികെയുള്ള ബാക്കി എല്ലാം കീരിടങ്ങളും ലൂയിസ് എൻറിക്കിന് കീഴിൽ ഫ്രഞ്ച് ക്ലബ് സ്വന്തമാക്കി.