ന്യൂദൽഹി- 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മൂന്നാം റൗണ്ടില്‍ കടക്കാത്തതിനെത്തുടര്‍ന്ന് സ്ഥാനത്തുനിന്ന് നീക്കിയ മുഖ്യപരിശീലകൻ ഇഗോര്‍ സ്റ്റിമാച്ച് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്റ്റിമാച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡേറഷന്റെ തടവറിയിലാണെന്ന് സ്റ്റിമാച്ച് പറയുന്നു. താന്‍ ഇന്ത്യയില്‍ എത്തിയത് വെറുംകയ്യോടെ ആണെന്നും താന്‍ ഒന്നും ഫെഡറേഷനോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്റ്റിമാച്ച് പറയുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനായി താന്‍ ഐഎസ്എല്‍ മല്‍സരങ്ങള്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ അത് വെറുതെയാണെന്നും ഫെഡറേഷന് അത് ഒരു ബാധ്യതയാണെന്നും തനിക്ക് തോന്നി. തുടര്‍ന്ന് ഐഎസ്എല്‍ മല്‍സരങ്ങള്‍ ഉപേക്ഷിച്ചു. ഐഎം വിജയന്‍ ഇന്ത്യയിലെ മികച്ച ഫുട്‌ബോളറാണ്. എന്നാല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയിലെ ചെയര്‍മാനാകാന്‍ മാത്രം കഴിവ് അദ്ദേഹത്തിനില്ല. താന്‍ നേരത്തെ പരിശീലക സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നു. സന്ദേശ് ജിങ്കന്‍, സുനില്‍ ഛേത്രി, ഗുര്‍പ്രീത് എന്നിവരുമായി ഇത് ചര്‍ച്ച ചെയ്തിരുന്നു.
സാഫ് ചാംപ്യന്‍ഷിപ്പിന് ശേഷവും താന്‍ ടീം വിടുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തിരിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്. അവര്‍ അധികാര മോഹികളാണ്. സ്ഥാനമാനങ്ങളാണ് ലക്ഷ്യം. ഫുട്‌ബോളിനെ കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. ഫെഡറേഷന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ നേട്ടമെന്നത് തന്നെ നിശബ്ദനാക്കി ഇരുത്തി എന്നതാണ്. കുറെ പൊള്ളായായ വാഗ്ദാനങ്ങള്‍ മാത്രമാണ് ഫെഡറേഷന്‍ നടത്തുന്നത്. ഒന്നും ഫലവാത്താകില്ല. അടുത്ത 20 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഫുട്‌ബോളിന് കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആവില്ലെന്ന് താന്‍ കരുതുന്നു.
മൂന്ന് മാസത്തെ പ്രതിഫലത്തുക നഷ്ടപരിഹാരമായി നല്‍കാമെന്നാണ് ഫെഡറേഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിരിച്ചുവിടല്‍ പാക്കേജായി അംഗീകരിച്ച തുകയേക്കാള്‍ കുറവാണെന്നാണ് സ്റ്റിമാച്ച് പറയുന്നത്. കരാര്‍ അനുസരിച്ച് തനിക്ക് മൂന്ന് കോടിയാണ് ഫെഡറേഷന്‍ നല്‍കേണ്ടത്. ഇന്ത്യയിലെ ഫുട്‌ബോള്‍ ലീഗുകളെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റ് ഭീമന്‍മാരാണ്. അവിടെയും ഫെഡറേഷന് ഒരു സ്ഥാനവുമില്ല. ഒഗബഷെയും ലൂണയുമാണ് ഐഎസ്എല്ലിലെ മികച്ച താരങ്ങള്‍. ബാക്കിയുള്ള താരങ്ങളെല്ലാം മറ്റിടങ്ങളില്‍ അവസരം ലഭിക്കാത്തവരാണ്. വലിയ ക്ലബ്ബുകള്‍ വരെ ബംഗ്ലാദേശിനോട് മാലിദ്വീപിനോടും പരാജയപ്പെടുന്നു. പിന്നെ എന്തിന് ഇന്ത്യയുടെ പരാജയം ഇത്ര വലിയ വിഷയമാക്കിയെടുക്കുന്നുവെന്നും സ്റ്റിമാച്ച് ചോദിക്കുന്നു.
സുനില്‍ ഛേത്രിയെ ഞാന്‍ എല്ലാ ആദരവോടും ബഹുമാനിക്കുന്നു. എന്നാല്‍ ടീം സ്‌ക്വാഡ് തിരഞ്ഞെടുപ്പുകളില്‍ ഛേത്രി ഇടപെടാറുണ്ട്. തന്റെ സുഹൃത്തുക്കളെയും മറ്റ് ഏജന്‍സി താരങ്ങളെയുമാണ് ഛേത്രി സ്വന്തം നേട്ടങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റിഡും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ടീം സെലക്ഷനായി ഛേത്രിക്ക് മുഴുവന്‍ സ്വാതന്ത്ര്യവും കൊടുത്തു. മികച്ച ടീമിനെ തിരഞ്ഞെടുക്കാനുള്ള തന്റെ സ്വാതന്ത്ര്യമാണ് അവിടെ ഇല്ലാതായത്. ഇത് ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചെന്നും സ്റ്റിമാച്ച് പറയുന്നു.
56കാരനായ ക്രൊയേഷന്‍ ഫുട്‌ബോളര്‍ സ്റ്റിമാച്ച് 2019ലാണ് ഇന്ത്യന്‍ കോച്ചായത്. 2026 വരെ അദ്ദേഹത്തിന് കരാറുണ്ടിയിരുന്നു. സ്റ്റിമാച്ചിന് കീഴില്‍ ഫിഫാ റാങ്കിങില്‍ ഇന്ത്യ ആദ്യ 100നുള്ള ഇടം നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസം ടീമിന്റെ പ്രകടനം മോശമായിരുന്നു. നിലവില്‍ ഇന്ത്യ 121ാം സ്ഥാനത്താണ്.