എസ്പാന്യോളിനെ അവരുടെ തട്ടകത്തിൽ 0-2 ന് കീഴടക്കി ബാഴ്സലോണ
2024-25 സീസണിലെ ലാലിഗ കിരീടമണിഞ്ഞപ്പോൾ ആരാധകരും കളിക്കാരുമെല്ലാം നന്ദിയോടെയും ആരാധനയോടെയും നോക്കുന്നത് കോച്ച് ഹാൻസി ഫ്ലിക്കിലേക്കാണ്. യുവതാരങ്ങളുടെ മികവും തന്ത്രപരമായ മാറ്റങ്ങളും സീസൺ മധ്യത്തിലെ തളർച്ച മറികടന്നുള്ള തിരിച്ചുവരവും യുവേഫ ചാമ്പ്യൻസ് ലീഗിലെ ശക്തമായ പോരാട്ടവും ബാഴ്സയുടെ സുവർണകാലത്തിന്റെ ഓർമകളുണർത്തി. കണ്ടുമുട്ടിയപ്പോഴെല്ലാം റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ഡൊമസ്റ്റിക് ട്രെബിൾ നേടി ഫ്ലിക്കിന്റെ സംഘം.
ഷാവി ഹെർണാണ്ടസിനു കീഴിൽ അനിശ്ചിതത്വത്തോടെ കളിച്ചിരുന്ന സംഘത്തെ അവസാന നിമിഷം വരെ പോരാടുന്ന ശക്തിയായി മാറ്റിമറിച്ചു എന്നതാണ് ഫ്ലിക്കിനെ ആരാധകർക്ക് പ്രിയപ്പെട്ടവനാക്കുന്നത്.കളിക്കാരുമായി ശക്തമായ ആത്മബന്ധമുണ്ടാക്കി അവരിലെ മികവിനെ നൂറുശതമാനം പുറത്തെടുക്കാൻ സഹായിച്ച ഫ്ലിക്ക് ആശാൻ, ടീമിന്റെ ഭാവിയും പ്രതീക്ഷാ നിർഭരമാണെന്ന സന്ദേശമാണ് ഈ സീസണിൽ പങ്കുവച്ചത്.
ഹാൻസി ഫ്ലിക്കിന്റെ പരിവർത്തനം
2024 വേനൽക്കാലത്ത് ഷാവിക്ക് പകരം പരിശീലകനായി എത്തിയ ഹാൻസി ഫ്ലിക്ക്, ബാഴ്‌സലോണയുടെ കളിശൈലിയിൽ കാതലായ മാറ്റങ്ങൾ തന്നെ വരുത്തി. ബയേൺ മ്യൂണിക്കിൽ പരീക്ഷിച്ചു വിജയിച്ച തീവ്രമായ ആക്രമണോത്സുക ശൈലിയാണ് അദ്ദേഹം ബാഴ്‌സലോണയിൽ നടപ്പാക്കിയത്. കയറിക്കളിക്കുന്ന പ്രതിരോധ ലൈൻ (ഹൈലൈൻ ഡിഫൻസ്),വേഗതയേറിയ പന്ത് നീക്കങ്ങൾ, വിംഗുകളുടെ സമർത്ഥമായ ഉപയോഗം എന്നിവയായിരുന്നു മുൻ സീസണിൽ നിന്നുള്ള സുപ്രധാന മാറ്റങ്ങൾ.
രണ്ട് റൗണ്ടുകൾ ശേഷിക്കെ കിരീടമുറപ്പിച്ചതും, സീസണിലുടനീളം നാല് എൽക്ലാസിക്കോ മത്സരങ്ങളിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ നിലംപരിശാക്കിയതുമെല്ലാം ഫ്ലിക്ക് കൊണ്ടുവന്ന മാറ്റത്തിന്റെ ഗുണഫലങ്ങളാണ്.
ലാ മാസിയയുടെ തിളക്കം
യുവതാരങ്ങൾക്കു മേലുള്ള ഫ്ലിക്കിന്റെ വിശ്വാസം ബാഴ്‌സലോണയുടെ വിജയത്തിൽ നിർണായകമായി. ലാ മാസിയ അക്കാദമിയിൽ നിന്നുള്ള ലമീൻ യമാൽ (17), പൗ കുബാർസി (18), പെഡ്രി (22), ഫെർമിൻ ലോപ്പസ് (21) എന്നിവർ സീസണിൽ ടീമിന്റെ നട്ടെല്ലായി. ഈ സീസണിൽ ബാഴ്‌സയുടെ ശരാശരി ടീം പ്രായം 25 ആയിരുന്നു, ലാ ലിഗയിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രായം.
പ്രതിഭ തിരിച്ചറിഞ്ഞ് ഷാവി ഹെർണാണ്ടസാണ് സീനിയർ ടീമിൽ അവസരം നൽകിയതെങ്കിലും ലമീൻ യമാൽ തകർത്താടിയത് ഫ്ലിക്കിനു കീഴിലാണ്. യമാൽ ലാ ലിഗയിൽ 35 മത്സരങ്ങളിൽ 12 ഗോളും 10 അസിസ്റ്റും നേടി 17-കാരൻ സാക്ഷാൽ ലയണൽ മെസ്സിയെ ഓർമിപ്പിച്ചു. എസ്പന്യോളിനെതിരെ കിരീടം ഉറപ്പിച്ച മത്സരത്തിലും യമാൽ ഒരു ഗോളും അസിസ്റ്റും നേടി. അതിനു പുറമെ, ചാമ്പ്യൻസ് ലീഗിൽ 13 മത്സരങ്ങളിൽ 5 ഗോളും 4 അസിസ്റ്റും.
18 വയസ്സേ ഉള്ളൂവെങ്കിലും ഡിഫൻഡർ പൗ കുബാർസി 32 ലാ ലിഗ മത്സരങ്ങളിൽ കളിച്ച് ടീമിന്റെ പ്രതിരോധത്തിലെ നട്ടെല്ലായി. 88% പാസ് കൃത്യതയുള്ള താരം ലോകോത്തരമായ ടാക്കിളുകളും പരിചയസമ്പന്നരെ പോലുള്ളമ മനക്കരുത്തുമായി താരം ഹൈലൈൻ ഡിഫൻസ് ലൈനിന്റെ പ്രധാന ഘടകമായി.
കഴിഞ്ഞ സീസണിൽ തന്നെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന പെദ്രി ഇത്തവണ 34 മത്സരങ്ങളിൽ 6 ഗോളും 8 അസിസ്റ്റുമായി മധ്യനിരയിലെ സർഗാത്മക സാന്നിധ്യമായി മാറി. ഫെർമിൻ ലോപസ്, ഗാവി തുടങ്ങിയ യുവതാരങ്ങളും തങ്ങളുടേതായ ഭാഗധേയം കിരീടധാരണത്തിൽ വഹിച്ചു.
സീസൺ മധ്യത്തിലെ തളർച്ച
സീസൺ തുടക്കത്തിലെ മിന്നും പ്രകടനത്തിനു ശേഷം ഇടക്കാലത്ത് ടീം തോൽവികളിൽ ഉഴറിയിരുന്നു. എന്നാൽ, 2025 വർഷം പിറന്നത് ബാഴ്സയുടെ ഭാഗ്യവർഷമായാണ്. വെറ്ററൻ താരം റോബർട്ട് ലെവൻഡോവ്സ്കി (25 ഗോൾ), ലീഡ്സിൽ നിന്ന് ഷാവി ടീമിലെത്തിച്ച റഫിഞ്ഞ (18 ഗോൾ) എന്നിവരുടെ പ്രകടനം ടീമിന്റെ തിരിച്ചുവരവിൽ നിർണായകമായി. 2025 ജനുവരി മുതൽ മെയ് വരെ 18 മത്സരങ്ങളിൽ 15 വിജയവും 3 സമനിലയുമാണ് ടീം നേടിയത്. ഇതിനിടെ റയലിനെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും കോപ ദെൽ റേയും നേടി. സീസണിലെ അവസാന ലാലിഗയിലും റയലിനെ കുത്തിമലർത്തിയാണ് ടീം കിരീടം ഉറപ്പിച്ചത്.
തോൽവിയിലും അഭിമാനമായി ചാമ്പ്യൻസ് ലീഗ്
ചാമ്പ്യൻസ് ലീഗ് സെമിഫൈലിൽ ഇന്റർ മിലാനോട് തോറ്റതു മാത്രമായിരുന്നു ആരാധകർക്ക് സങ്കടമേൽപ്പിച്ച നിമിഷം.13 മത്സരങ്ങളിൽ 28 ഗോളുകൾ നേടിയ ടീം അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് അവസാന നാല് വരെ മുന്നേറിയത്. ലമീൻ യമാൽ (5 ഗോൾ), റഫിഞ്ഞ (6 ഗോൾ) എന്നിവർ സ്കോർഷീറ്റിൽ മുന്നിട്ടു നിന്നു. ഡിഫന്റർമാരായ യൂൾസ് കുണ്ടേ, ബാൾഡെ, ക്രിസ്റ്റ്യൻസൻ എന്നിവരുടെ പരിക്കുകളാണ് പ്രതിരോധത്തിൽ തലവേദനയായതും ചാമ്പ്യൻസ് ലീഗ് സ്വപ്നം സെമിയിൽ അവസാനിക്കാൻ കാരണമായതും.