ലണ്ടൻ – ലണ്ടനിലെ വെംബ്ലിയിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ വമ്പന്മാരായ ലിവർപൂളിനെ അട്ടിമറിച്ച് ക്രിസ്റ്റൽ പാലസ് കിരീടം സ്വന്തമാക്കി. 2–2 എന്ന സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ (3–2)നാണ് പാലസ് വിജയിച്ചത്. രണ്ടുതവണ പിന്നിൽ നിന്ന ശേഷമായിരുന്നു ക്രിസ്റ്റൽ പാലസിന്റെ തിരിച്ചു വരവ്. സൂപ്പർതാരം മുഹമ്മദ് സലാഹ് അടക്കമുള്ളവർ പെനാൽറ്റി പാഴാക്കിയത് ലിവർപൂളിന് തിരിച്ചടിയായി.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ, ഈ സീസണിൽ അറ്റാക്ക് നിരയിലേക്ക് എത്തിച്ച ഹ്യൂഗോ എകിറ്റികെയുടെ ഗോളിലൂടെ ലിവർപൂൾ ലീഡ് പിടിച്ചതോടെ സ്കോർ (0-1). 17-ാം മിനിറ്റിൽ ഫിലിപ്പ് മറ്റെറ്റയുടെ പെനാൽറ്റി ഗോളിലൂടെ പാലസ് ഒപ്പമെത്തി . എന്നാൽ വെറും നാലു മിനിറ്റുകൾക്കുശേഷം ജെറെമി ഫ്രിംപോങിന്റെ മികച്ച ഗോളിലൂടെ ലിവർപൂൾ വീണ്ടും മുന്നിൽ സ്കോർ (1-2). പിന്നീട് ആദ്യ പകുതിയിൽ ഇരുടീമുകൾക്കും അവസരങ്ങൾ ഉണ്ടായെങ്കിലും ഗോൾ നേടാനായില്ല.
രണ്ടാം പകുതി ആരംഭിച്ചതോടെ ഗോൾ മടക്കാനായി പാലസ് ആക്രമണം ശക്തമാക്കി. ഗോൾകീപ്പർ അലിസൺ ബക്കർ നിരവധി ശ്രമങ്ങൾ തടഞ്ഞുവെങ്കിലും, മത്സരം അവസാനിക്കാൻ 13 മിനിറ്റ് മാത്രം ബാക്കിയിരിക്കെ ജെയിംസ് വാർട്ടൺ നൽകിയ പാസ്സിൽ നിന്ന് ഇസ്മയില സാർ ഗോൾ നേടിയതോടെ സ്കോർ (2–2). അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും സ്കോർ മാറ്റമില്ലാതെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ ലിവർപൂളിന്റെ ആദ്യ കിക്ക് എടുക്കാൻ എത്തിയ സലാഹ് പിഴച്ചു. തുടർന്ന് എത്തിയ മാക് അലിസ്റ്റർ ഹാർവി എലിയോട്ട് എന്നിവരുടെ പെനാൽറ്റി ഷോട്ടുകൾ ഹെൻഡേഴ്സൺ അത്ഭുതകരമായി തടഞ്ഞു. ഗാക്പോയും ഡൊമിനിക് സോബോസ്ലായും പന്ത് വലയിൽ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല.
പാലസിന്റെ നിരയിൽ എസെ, ബോർണ സോസ എന്നിവർക്ക് പിഴച്ചപ്പോൾ മറ്റെറ്റ, സാർ, ജസ്റ്റിൻ ഡെവന്നി എന്നിവർ കൃത്യമായി പന്തു വലയിൽ എത്തിച്ച് കിരീടം ഉറപ്പിച്ചു. ഒലിവർ ഗ്ലാസ്നറിന്റെ കീഴിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പാലസ് നേടുന്ന രണ്ടാമത്തെ കിരീടമാണിത്. ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ കിരീടവും ഇതുതന്നെ. രണ്ടു തവണയും അട്ടിമറിച്ചത് ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബുകളെയായിരുന്നു