മ്യൂണിക്ക് – കഴിഞ്ഞ മത്സരത്തിൽ സ്ലൊവാക്യയോട് പരാജയപ്പെട്ട ജർമനി നോർത്തേൺ അയർലാൻഡിനെ പരാജയപ്പെടുത്തി തിരിച്ചുവരവ് ഗംഭീരമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യൂറോപ്യൻ വമ്പൻമാരുടെ വിജയം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ജർമനി ശക്തമായി തിരിച്ചുവരികയായിരുന്നു. ജർമനിക്ക് വേണ്ടി സെർജ് ഗ്നാബ്രി ( ഏഴാം മിനുറ്റ്), നദീം അമിരി (69), ഫ്ലോറിയൻ വിർട്സ് (72) എന്നിവരാണ് ഗോളുകൾ നേടിയത്. എതിരാളികൾക്ക് വേണ്ടി ഐസക് പ്രൈസ് (34) ആശ്വാസ ഗോൾ നേടി. ഇതോടെ എ ഗ്രൂപ്പിൽ മൂന്നാമതാണ് ജർമനി.
ഇ ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ യൂറോപ്പ്യൻ ചാമ്പ്യന്മാരായ സ്പെയിൻ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് തുർക്കിയെ പരാജയപ്പെടുത്തി. സ്പാനിഷ് കാള കുട്ടന്മാർക്ക് വേണ്ടി മൈക്കൽ മേറിനോ ഹാട്രിക് നേടിയപ്പോൾ ( 22, 45+1, 57) ബാർസ സൂപ്പർതാരങ്ങളായ പെഡ്രി ( 6, 62) ഇരട്ട ഗോളുകളും, ഫെറാൻ ടോറസ് ഒരു ഗോളും ( 53) നേടി. മൂന്ന് അസിസ്റ്റുകളുമായി മൈക്കൽ ഒയാർസബലും രണ്ട് അസിസ്റ്റുകളുമായി ലാമിൻ യമാലും നിറഞ്ഞു നിന്നപ്പോൾ നിക്കോ വില്യംസ് ഒരു അസിസ്റ്റുമായി തിളങ്ങി.
ജെ ഗ്രൂപ്പിലെ മത്സരത്തിൽ ഇതേ സ്കോറിന് ബെൽജിയം കസാക്കിസ്ഥാനെയും തകർത്തു തരിപ്പണമാക്കി. ബെൽജിയത്തിനു വേണ്ടി കെവിൻ ഡിബ്രൂയിൻ ( 42,84), ഡോക്കു ( 44, 60) എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ നിക്കോളാസ് റാസ്കിൻ ( 51), തോമസ് മുനിയർ ( 87 ) ഓരോ ഗോളും വീതവും നേടി.
ജി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ശക്തരായ നെതർലാൻഡിനെതിരെ പൊരുതി പരാജയപ്പെട്ട് ഫിഫ റാങ്കിങ്ങിൽ 143 സ്ഥാനക്കാരായ ലിത്വാനിയ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിത്വാനിയ പരാജയപ്പെട്ടത്. മെംഫിസ് ഡീപെയ് ( 11 മിനുറ്റ്), ക്വിന്റേൻ ടിംബർ ( 33) എന്നിവരുടെ കൂടി എന്നിവരിലൂടെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ ഓറഞ്ച് പടക്കെതിരെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ തിരിച്ചടിച്ചു ലിത്വാനിയ ഒപ്പമെത്തി. ഗ്വിഡാസ് ഗിനെറ്റിസ് ( 36), ഗിർദ്വൈനിസ് (43) എന്നിവരാണ് സ്വന്തം കാണികൾക്കും മുന്നിൽ ഗോളുകൾ നേടി പ്രതീക്ഷകൾ നൽകിയത്. എന്നാൽ 63 മിനുറ്റിൽ ഡീപെയ് വീണ്ടും ഗോൾ നേടിയതോടെ നെതർലാൻഡ് വിജയം ഉറപ്പിച്ചു.
മറ്റു മത്സരങ്ങൾ
ഗ്രൂപ്പ് എ
ലക്സംബർഗ് – 0
സ്ലൊവാക്യ – 1 ( റിഗോ – 90)
ഗ്രൂപ്പ് ഇ
ജോർജിയ – 3 ( ഖ്വിച ക്വാരത്‌സ്‌ഖേലിയ – 30 / നിക്ക ഗാഗ്നിഡ്സെ – 44 / മിക്കൗതാഡ്സെ – 65 )
ബൾഗേറിയ – 0
ഗ്രൂപ്പ് ജി
പോളണ്ട് – 3 ( കാഷ് – 27 / റോബർട്ട് ലെവൻഡോവ്സ്കി – 45+2 / ജാക്കുബ് കമിൻസ്കി – 54)
ഫിൻലാൻഡ് – 1 ( ബെഞ്ചമിൻ കാൾമാൻ – 88)
ഗ്രൂപ്പ് ജെ
നോർത്ത് മാസിഡോണിയ – 5 ( ബെഞ്ചമിൻ ബ്യൂച്ചൽ – 15 സെൽഫ് ഗോൾ / എനിസ് ബർധി – 52 / ഡാർക്കോ ചുർലിനോവ് – 56 / ലിറിം ഖാമിലി – 82 / സ്റ്റാൻകോവ്സ്കി – 90)
ലിച്ചെൻസ്റ്റൈൻ – 0