ബിൽബാവോ: യുവേഫ യൂറോപ്പ ലീഗ് ഫൈനലിലും പരാജയപ്പെട്ടതോടെ അർജന്റീന യുവതാരം അലയാന്ദ്രോ ഗർനാച്ചോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനുള്ള സാധ്യത ശക്തമായി. ടോട്ടനം ഹോട്‌സ്പറിനെതിരായ ഫൈനലിൽ, കളിയുടെ അവസാന ഘട്ടത്തിൽ മാത്രം തനിക്ക് അവസരം ലഭിച്ചതിലുള്ള എതിർപ്പ് പരസ്യമാക്കിയ താരം വേനലവധിക്കു ശേഷം എന്തു സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും പറഞ്ഞു. യുനൈറ്റഡിന്റെ മോശം സീസണിലും മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനു വേണ്ടി ചെൽസി, നാപോളി തുടങ്ങിയ ക്ലബ്ബുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
‘ഫൈനൽ വരെ എല്ലാ റൗണ്ടിലും ഞാൻ കളിക്കുകയും ടീമിനെ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇന്ന് (ഫൈനലിൽ) എനിക്ക് 20 മിനുട്ട് മാത്രമാണ് കളിക്കാൻ കഴിഞ്ഞത്. എനിക്കറിയില്ല…’ ഗർനാച്ചോ പറഞ്ഞു.
‘എന്റെ തീരുമാനത്തെ ഈ ഫൈനൽ മാത്രമല്ല, മുഴുവൻ സീസണിലെ പ്രകടനവും ക്ലബ്ബിലെ അവസ്ഥയും സ്വാധീനിക്കും. ഞാൻ വേനൽക്കാലം ആസ്വദിക്കാൻ പോവുകയാണ്. അതു കഴിഞ്ഞ് എന്തായിരിക്കും സംഭവിക്കുക എന്ന് നമുക്കു കാണാം.’
ഗർനാച്ചോയുടെ സഹോദരൻ റോബർട്ടോ ഗർനാച്ചോ ഇൻസ്റ്റഗ്രാമിലൂടെ താരത്തിന് പിന്തുണ നൽകി: ‘മറ്റാരേക്കാളും അധ്വാനിക്കുകയും എല്ലാ റൗണ്ടിലും സഹായിക്കുകയും കഴിഞ്ഞ രണ്ട് ഫൈനലിൽ രണ്ട് ഗോൾ നേടുകയും ചെയ്ത ശേഷം 19 മിനുട്ട് മാത്രം കളിക്കാൻ അവസരം ലഭിക്കുക എന്നത് ബസ്സിനടിയിലേക്ക് എറിയപ്പെടുന്നതു പോലെയാണ്.’
സെമിഫൈനൽ രണ്ടാം പാദത്തിൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് ഗർനാച്ചോയെ ബെഞ്ചിലിരുത്താൻ കോച്ച് റൂബൻ അമോറിമിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഫൈനലിനു മുമ്പ് സെമിയിൽ മികച്ച പ്രകടനം പുറത്തെടുത്ത മേസൺ മൗണ്ടിനെ പുകഴ്ത്തിയ കോച്ച് ഗർനാച്ചോ അവസരം നഷ്ടപ്പെടുത്തിയതിനെ വിമർശിക്കുകയും ചെയ്തിരുന്നു.
71-ാം മിനുട്ടിൽ മേസൺ മൗണ്ടിനു പകരക്കാരനായി ഗർനാച്ചോ ഗ്രൗണ്ടിലെത്തിയതിനു ശേഷം യുനൈറ്റഡിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടുകയും ഗോളവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.
2024-25 സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി താരം 11 ഗോളുകൾ നേടുകയും 10 ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ടീമിലെ ഗോൾ, അസിസ്റ്റ് കണക്കിൽ ബ്രൂണോ ഫെർണാണ്ടസ് (ആകെ 36) മാത്രമാണ് ഗർനാച്ചോയ്ക്കു മുന്നിലുള്ളത്.