അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സ്ഥിരീകരിച്ചതിനെ തുടർന്ന് ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും വരവേൽക്കാനൊരുങ്ങുകയാണ് കേരളം. നവംബർ 10-നും 18-നും ഇടയിലുള്ള തീയതികളിൽ മെസ്സിയും സംഘവും കേരളത്തിൽ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മത്സരം നടക്കാൻ സാധ്യതയുള്ള തിരുവനന്തപുരം ഗ്രീൻഫീൽഡ സ്റ്റേഡിയത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (AIFF) ടെക്‌നിക്കൽ കമ്മിറ്റി സെപ്തംബറിൽ സന്ദർശനം നടത്തുകയും മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
എന്നാൽ, അർജന്റീന ടീമോ കേരള സർക്കാറോ മെസ്സിയെയും സംഘത്തെയും കേരളത്തിൽ എത്തിക്കാൻ പരിശ്രമിച്ച സംഘാടകരോ പ്രതീക്ഷിക്കാത്ത ഒരു കാരണം കൊണ്ട് ഇതിഹാസ താരത്തിന്റെ കേരളത്തിലെ കളി മുടങ്ങാൻ സാധ്യത നിലനിൽക്കുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരെ ഫിഫ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ഇടയുണ്ടെന്നും അങ്ങനെ വന്നാൽ അർജന്റീനയ്ക്ക് ഇന്ത്യൻ മണ്ണിൽ കളിക്കാൻ കഴിയില്ലെന്നും വെറ്ററൻ സ്‌പോർട്‌സ് ജേണലിസ്റ്റും കമന്റേറ്ററുമായ ഡോ. മുഹമ്മദ് അഷ്‌റഫ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ സാധ്യത ഉന്നയിക്കുന്നത്.
കായിക സംഘടനകൾക്കു മേലുള്ള സർക്കാറിന്റെ നിയന്ത്രണവും മേൽനോട്ടവും സംബന്ധിച്ച് ഈയിടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് കുഴപ്പമെന്നും ഫിഫയുടെ വിലക്ക് വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നുമാണ് ഡോ. മുഹമ്മദ് അഷ്‌റഫ് പറയുന്നത്. ഭരണകക്ഷിയോ ഗവൺമെന്റോ അടക്കമുള്ള മൂന്നാം കക്ഷിയുടെ ഇടപെടലുകളും നിയന്ത്രണവും ദേശീയ-അന്തർദേശീയ കായിക സംഘടനകളുടെ പ്രവർത്തനങ്ങളിൽ അനുവദനീയമല്ലെന്നാണ് ലോക കായിക സംഘടനകളുടെ നിയമം അനുശാസിക്കുന്നത്. എഐഎഫ്എഫിനു മേലുള്ള സർക്കാറിന്റെ നിയന്ത്രണത്തിനെതിരെ 2022-ൽ ഫിഫ രംഗത്തുവരികയും ഇന്ത്യൻ ടീമിനെ വിലക്കുകയും ചെയ്തിരുന്നു. ഭരണപരമായ മാറ്റങ്ങൾ വരുത്തിയതോടെയാണ് ആ വിലക്ക് നീക്കിയത്.
എന്നാൽ, പാർലമെന്റ് പാസാക്കിയ പുതിയ നിയമങ്ങളിലെ ചില ചട്ടങ്ങൾ 2025 ഒക്ടോബർ 30-നുള്ളിൽ പിൻവലിക്കണമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫിഫയുടെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും (AFC) ചട്ടങ്ങളുമായി പൊരുത്തപ്പെടുന്ന പരിഷ്കരിച്ച ഭരണഘടന അംഗീകരിക്കുന്നതിൽ തുടർച്ചയായ പരാജയം വരുത്തിയതിനാലും
‘മൂന്നാം കക്ഷി ഇടപെടലൽ ഉണ്ടായതുകൊണ്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (AIFF) ശിക്ഷിക്കുമെന്നാണ് ഫിഫയുടെ മുന്നറിയിപ്പ്. നേരത്തെ വിലക്കു വന്ന 2022-ലെ സാഹചര്യം തന്നെയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഡോ. മുഹമ്മദ് അഷ്‌റഫ് വിലയിരുത്തുന്നു.
പ്രതിസന്ധി ഒഴിവാക്കാൻ ഒക്ടോബർ 30-നകം ഫിഫയുടെയും എഎഫ്‌സിയുടെയും ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യൻ ഫുട്‌ബോളിന്റെ നിയന്ത്രണത്തിൽ നിന്ന് സർക്കാർ പിന്മാറണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യക്ക് ഫിഫ നടത്തുന്ന ഒരു മത്സരത്തിലും പങ്കെടുക്കാൻ കഴിയില്ല. ഒരു അന്താരാഷ്ട്ര മത്സരവും സംഘടിപ്പിക്കാനുമാവില്ല. ഒക്ടോബർ 30 വരെ സമയം ഉള്ളതിനാൽ കേന്ദ്ര സർക്കാറും ഇന്ത്യൻ ഫുട്‌ബോൾ അധികൃതരും ഉചിതമായ നടപടികൾ കൈക്കൊള്ളാൻ തന്നെയാണ് സാധ്യത.
മൂന്നാം കക്ഷിയുടെ ഇടപെടൽ കൊണ്ടും മറ്റ് കാരണങ്ങളാലും പല കാലങ്ങളിലായി നിരവധി രാജ്യങ്ങൾക്ക് ഫിഫ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോംഗോ, കെനിയ, പാകിസ്താൻ, സിംബാബ് വെ, ദക്ഷിണാഫ്രിക്ക, മ്യാൻമാർ, ജർമനി, ജപ്പാൻ, മെക്‌സിക്കോ, റഷ്യ തുടങ്ങിയ ഉദാഹരണമായി ഡോ. അഷ്‌റഫ് ചൂണ്ടിക്കാട്ടുന്നു.
ഡോ. മുഹമ്മദ് അഷ്റഫിന്റെ കുറിപ്പ് പൂർണരൂപത്തിൽ:
കപ്പിനും ചുണ്ടിനും ഇടയ്ക്കുവച്ചു കൈവിട്ടു പോകുമോ മെസിയുടെവരവ്…! ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനെതിരെ ഫീഫ ശിക്ഷണ നടപടികൾ സ്വീകരിച്ചോ…? സ്വീകരിക്കുമോ..? എങ്കിൽ എന്താണ് അതിനുള്ള കാരണം… ശിക്ഷിക്കപ്പെട്ടാൽ അർജന്റീനക്ക് ഇന്ത്യയിൽ കളിക്കാനാകുമോ..?
ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്തും മുൻപ് അറിയേണ്ട ഒരു കാര്യമുണ്ട്…
അടുത്തിടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ കായിക സംഘടനകളുടെ സർക്കാർ നിയന്ത്രണവും മേൽനോട്ടവും എങ്ങനെ ഇന്ത്യയിലെ കായിക സംഘടനകളുടെ തുടർന്നുള്ള പ്രവർത്തനങ്ങളെ ബാധിക്കും.
ലോക കായിക സംഘടനകളുടെ നിയമം അനുസരിച്ചു ” ഒരു മൂന്നാം കക്ഷിയുടെ ഇടപെടലുകളും നിയന്ത്രണവും ഒരു ദേശീയ അന്തർദേശീയ കായിക സംഘടനകളുടെ പ്രവർത്തനങ്ങളിലും അനുവദീയമല്ല”…! ഇതേ കാരണത്തിൽ മൂന്നാം കക്ഷി ഇടപെടലിന് ഇന്ത്യയെ 2022 ഓഗസ്റ്റിൽ ഫീഫ വിലക്കിയിരുന്നു, എന്നാൽ ഫീഫയുടെ നിയമം അംഗീകരിച്ചുകൊണ്ട് ഭരണപരമായ മാറ്റങ്ങൾ വരുത്തിയതോടെ ദിവസങ്ങൾക്കുള്ളിൽ ഈ വിലക്ക് പിൻവലിക്കുകയും ചെയ്തു അത്തരം ഒരു നടപടിയിലേക്കാണ് ഫീഫ ഇപ്പോൾ നീങ്ങുന്നത്.. …,
അത് ഒഴിവാക്കാൻ 2025 ഒക്ടോബർ 30-നകം ഫീഫ അംഗീകരിച്ച രീതിയിലുള്ള ഭരണ സമിതി രൂപീകരിച്ചു പ്രവർത്തിക്കണം. എന്താണ് ഇത്തവണ ശിക്ഷണ നടപടികൾക്ക് കാരണമായത്..?
ഫീഫയുടെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും (എഎഫ്‌സി) ചട്ടങ്ങളുമായി പൊരുത്തപ്പെടുന്ന പരിഷ്കരിച്ച ഭരണഘടന അംഗീകരിക്കുന്നതിൽ തുടർച്ചയായ പരാജയം വരുത്തിയതിനാലും “മൂന്നാം കക്ഷി ഇടപെടലൽ ഉണ്ടായതുകൊണ്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ശിക്ഷിക്കുമെന്ന് ഫീഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇപ്പോൾ എഐഎഫ്എഫിന്റെ ഭരണം നമ്മുടെ സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ സമിതിയിൽ (സിഒഎ) നിന്നുള്ള ഇടപെടലുകളും നിയന്ത്രണത്തോടെയും ആണ്…
AIFF ഉം അതിന്റെ വാണിജ്യ പങ്കാളിയായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA), AIFF ന്റെ പുതിയ ഭരണഘടനയുടെ അംഗീകാരം തീർപ്പാക്കാത്തത് എന്നിവയുമായി ബന്ധപ്പെട്ട്. ISL ന്റെ ഭാവിയെയും MRA യെയും കുറിച്ചുള്ള നിലവിലുള്ള തർക്കത്തിന് പരിഹാരം കാണാൻ കോടതി കക്ഷികളോട് നിർദ്ദേശിക്കുകയും അടുത്തിടെ ഈ കാര്യങ്ങളിൽ വിധി പറയാൻ മാറ്റിവയ്ക്കുകയും ചെയ്തു. അതോടെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ അനിശ്ചിതത്തിൽ ആവുകയും ചെയ്തു.
അത്തരം ഇടപെടലുകളും കൂടാതെ സംസ്ഥാന ദേശീയ അസോസിയേഷനുകളുടെ പങ്കാളിതത്തോടെ ലോക ഫുട്ബോൾ സംഘടനയുടെ ഭരണഘടന അനുസരിച്ചു തെരെഞ്ഞെടുക്കപ്പെടുന്ന ഒരു സമിതിക്കു ഫുട്ബോൾ ഭരണം കൈമാറണം. അതായത്, 2022 ലെ അതേ സാഹചര്യം അന്നു സുപ്രീം കോടതി സമിതി സിഒഎ പിരിച്ചുവിട്ട് പ്രക്രിയ പുനരാരംഭിച്ചു സ്വതന്ത്ര ഭരണ സമിതി നിലവിൽ വന്നതുകൊണ്ട് കൊണ്ട് വിലക്ക് വേഗം തന്നെ ഒഴിവായി.
ഇത്തവണ അത് 2025 ഒക്ടോബർ 30-നകം ഫീഫയുടെയും എഎഫ്‌സിയുടെയും ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള എഐഎഫ്എഫ് ഭരണ സമിതി നിലവിൽ വരണം.
അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്കു ലോക ഫുട്ബോൾ സംഘടന നടത്തുന്ന ഒരു മത്സരങ്ങളിലും പങ്കെടുക്കാൻ സാധിക്കില്ല ഒരു സാർവ്വ ദേശീയ മത്സരവും സംഘടിപ്പിക്കാൻ കഴിയുകയുമില്ല. അതോടെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ഇടപെടലോടെ സാധ്യമായ അർജന്റ്റിനയുടെ ഇന്ത്യൻ പര്യടനവും മെസിയുടെ കേരളത്തിലെ കളിയും അസാധ്യമാകും….!!
എന്നാൽ ഒക്ടോബർ 30 വരെ സമയം ഉള്ളതുകൊണ്ട് ഇന്ത്യൻ ഫുട്ബോൾ അധികൃതർ ബുദ്ധിപൂർവം പ്രവർത്തിക്കുമെന്നും ഫീഫ ചട്ടപ്രകാരമുള്ള ഭരണാസമിതി നിലവിൽ വരുമെന്നും കരുതാം.
ഈ സാഹചര്യത്തിലാണ് കായിക സംഘടനകളുടെ നിയന്ത്രണത്തിനായി ഇന്ത്യൻ പാർലമെന്റ്പാസാക്കിയ നിയമത്തിന്റെ പ്രസക്തി. അതനുസരിച്ചു നിയമം പ്രാബല്യത്തിൽ വന്നാൽ ഇത്തരം സാഹചര്യങ്ങൾ ഇനിയും ഉണ്ടാകും. കായിക സംഘടനകൾ സർവ തന്ത്ര സ്വാതന്ത്ര സംഘടനകൾ ആയിരിക്കണം അവരുടെ മാതൃ സംഘടനകൾക്ക് മാത്രമേ ഇടപെടലുകളും നിയന്ത്രണങ്ങളും പാടുള്ളു.
ഇങ്ങനെ സർക്കാർ കോടതി ഇടപെടലുകളോടെ ശിക്ഷ ഏറ്റുവാങ്ങിയർ ആരൊക്കെ എന്നറിയാം
കോംഗോ: ഫുട്ബോൾ ഫെഡറേഷനിലെ ബാഹ്യ ഇടപെടലിന് 2025-ൽ സസ്പെൻഡ് ചെയ്തു.
കെനിയ: ഫുട്ബോൾ ഫെഡറേഷനിലെ സാമ്പത്തിക ദുരുപയോഗത്തിന് 2022-ൽ വിലക്ക്.
പാകിസ്ഥാൻ: വിവിധ നിയമലംഘനങ്ങൾക്ക് 2025-ൽ 2026-ലെ ലോകകപ്പു യോഗ്യത യിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക്.
സിംബാബ്‌വെ: രാജ്യത്തെ ഫുട്ബോൾ ഫെഡറേഷൻ സർക്കാർ പിരിച്ചുവിട്ടതിനെത്തുടർന്ന് 2022-ൽ സസ്പെൻഡ് ചെയ്തു.
ദക്ഷിണാഫ്രിക്ക: വർണ്ണവിവേചന നയങ്ങൾ കാരണം 1970-ലെ ലോകകപ്പിൽ നിന്ന് 1990 വരെ സസ്പെൻഡ് ചെയ്തു.
മ്യാൻമർ: ഇറാനെതിരെ ഒരു മത്സരം കളിക്കാൻ വിസമ്മതിച്ചതിന് 2006 ലോകകപ്പിൽ നിന്ന് വിലക്കി.
ജർമ്മനിയും ജപ്പാനും: രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കിന് 1950 ലോകകപ്പിൽ നിന്ന് വിലക്കി.
1988-അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മെക്സിക്കോ ടീമിൽ 4 സീനിയർ ഇന്റർ നാഷണൽ കളിക്കാരെ ഉൾപ്പെടുത്തിയത് കണ്ടെത്തിയതിനെ തുടർന്നു മെക്സിക്കോയെ രണ്ടു വർഷത്തേക്ക് സസ്പെൻന്റ് ചെയ്യുകയുണ്ടായി ഇതോടെ അവർക്കു 1990 ഫീഫ ലോകകപ്പിൽ കളിക്കാനായില്ല
യുഗോസ്ലാവിയ: ഐക്യരാഷ്ട്രസഭയുടെ ഉപരോധം കാരണം 1992 ലെ യൂറോപ്യൻ കപ്പിൽ നിന്നും 1994 ലെ ലോകകപ്പിൽ നിന്നും വിലക്കി.
കുവൈറ്റ്: ഫുട്ബോൾ അസോസിയേഷനിൽ സർക്കാറിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നു 2015 മുതൽ 2017 വരെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി
സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തി ഫുട്ബോൾ ഭരണസമിതി രൂപീകരിച്ചതിനു നൈജീരിയ 2010 ൽ ശിക്ഷണനടപടികൾക്ക് വിധേയമായി അതുപോലെ ഉക്രൈൻ യുദ്ധത്തിലെ പങ്കാളിത്തത്തെ തുടർന്നു റഷ്യക്കു 2022/2026 ലോക കപ്പുകളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.