ദോഹ– പതിനൊന്നാമത് ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ അട്ടിമറി ജയവുമായി സിറിയ. നിലവിലെ റണ്ണേഴ്സ് അപ്പും ഒരു തവണ കിരീടവും നേടിയ കരുത്തരായ ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറിയ തകർത്തത്. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 48-ാം മിനുറ്റിൽ സിറിയൻ ക്യാപ്റ്റൻ ഒമർ ക്രിബിൻ നേടിയ ഫ്രീകിക്ക് ഗോളിലാണ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം കാഴ്ചവച്ചത് ആഫ്രിക്കൻ ടീം ആണെങ്കിലും സിറിയൻ പ്രതിരോധ താരങ്ങളുടെ പ്രകടനം തിരിച്ചടിയായി. മത്സരത്തിൽ 69 ശതമാനം പന്ത് കൈവശം വച്ച ടുണീഷ്യ 17 ഷോട്ടുകൾ സിറിയൻ പോസ്റ്റിലേക്ക് പായിച്ചെങ്കിലും കാര്യമുണ്ടായില്ല. മറുവശത്ത് വെറും 31 ശതമാനം പന്ത് കൈവശം വച്ച സിറിയ ആകെ കൊടുത്തത് നാല് ഷോട്ടുകൾ ആണ്.
സ്പാനിഷ് പരിശീലകനായ ജോസ് ലാനയുടെ കീഴിൽ മികച്ച പ്രകടനമാണ് സിറിയ കാഴ്ചവെക്കുന്നത്. ഈ മത്സരത്തോടെ തുടർച്ചയായ അഞ്ചു മത്സരത്തിലും സിറിയ വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസങ്ങളിൽ തോൽവിയും അറിഞ്ഞിട്ടില്ല. ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ അഞ്ച് വിജയങ്ങളുമായി നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു.
മറുവശത്ത് ടുണീഷ്യ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ച ആദ്യ ആഫ്രിക്കൻ ടീമായിരുന്നു. മാത്രമല്ല ഫിഫ റാങ്കിങ്ങിൽ സിറിയയേക്കാൾ ഏറെ മുന്നിലും ആണ് ടുണീഷ്യ. സിറിയയുടെ റാങ്ക് 87 ആണെങ്കിൽ ടുണീഷ്യ നാല്പതാമതാണ്. ഇതിനിടയിൽ ഇവരോട് ഏറ്റ തോൽവി ഏറെ തിരിച്ചടിയായി. ടുണീഷ്യയുടെ അടുത്ത മത്സരങ്ങൾ പലസ്തീൻ എതിരെയും ആതിഥേയരും കരുത്തരുമായ ഖത്തറിനെതിരെയാണ്. അടുത്ത റൗണ്ടിൽ അടക്കണമെങ്കിൽ രണ്ടു മത്സരങ്ങളിലും വിജയം അനിവാര്യമാണ്.



