ലണ്ടൻ– ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ദിനങ്ങൾ എത്താനിരിക്കുകയാണ് .യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ, പ്രമുഖ ഫുട്ബോൾ ലീഗുകളുടെയും ചാമ്പ്യൻസ് ലീഗിന്റെയും ആരംഭ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂറോപ്പിലെ മുൻനിര ടൂർണമെന്റുകളായ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ലീഗ് വൺ, ബുണ്ടസ്‌ലിഗ, സീരി എ കൂടാതെ ആരാധകപ്രീതിയേറെയുള്ള ടൂർണമെന്റായ ചാമ്പ്യൻസ് ലീഗിന്റെയും തീയ്യതികളാണ് പുറത്തുവന്നിട്ടുള്ളത്.
ലീഗുകളുടെ ആരംഭ തീയതികൾ:
ഇംഗ്ലീഷ് പ്രീമിയർ ലീഗ് – ആഗസ്റ്റ് 15
ലാ ലിഗ (സ്പെയിൻ) – ആഗസ്റ്റ് 15
ലിഗ് 1 (ഫ്രാൻസ്) – ആഗസ്റ്റ് 15
ബുണ്ടസ്‌ലിഗ (ജർമ്മനി) – ആഗസ്റ്റ് 22
സീരി എ (ഇറ്റലി) – ആഗസ്റ്റ് 23
യുവേഫാ ചാമ്പ്യൻസ് ലീഗ് – സെപ്റ്റംബർ 16
യൂറോപ്യൻ ക്ലബ്ബുകളുടെ രാജാവിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഈ വർഷം സെപ്റ്റംബർ 16നാണ് ആരംഭിക്കുന്നത്. ബെസ്റ്റ് ഓഫ് ദ ബെസ്റ്റുകൾ തമ്മിലുള്ള പോരാട്ടം ലോകമാകെയുള്ള ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നിലവിലെ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിനു മുന്നോടിയായി നിരവധി ക്ലബുകളാണ് തങ്ങൾ നോട്ടമിട്ട താരങ്ങളെ സ്വന്തമാക്കാനായി ശ്രമം നടത്തുന്നത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്ട്രൈക്കറായ റാഷ്ഫോഡിനെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. റയൽ മഡ്രിഡിന്റെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന ലൂകാ മോഡ്രിച്ചും കൂടു മാറി എ.സി മിലാനിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഇങ്ങനെ തുടങ്ങി നിരവധി പ്രമുഖരുടെ ക്ലബ് മാറ്റവും, സർപ്രൈസ് വരവുകൾക്കൊണ്ടും ഇപ്രാവശ്യത്തെ സീസൺ ആരാധകർക്ക് വലിയ ആവേശം നൽകുമെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.