ബെര്‍ലിന്‍:യൂറോ കപ്പ് പ്രീക്വാര്‍ട്ടറിലേക്ക് സ്ഥാനം പിടിച്ച് ഫ്രാന്‍സും ഇംഗ്ലണ്ടും.ഗ്രൂപ്പ് സിയില്‍ നിന്ന് ഇംഗ്ലണ്ടിന് പുറമെ ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു.ഇതേ ഗ്രൂപ്പില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി സ്ലൊവേനിയക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. എല്ലാ ഗ്രൂപ്പുകളിലേയും മല്‍സരങ്ങള്‍ അവസാനിച്ചാലാണ് സ്ലൊവേനയയുടെ സ്ഥാനം വ്യക്തമാവുക. ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട് രണ്ട് സമനിലയും ഒരു ജയവുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായി.
ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയയാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍. രണ്ട് ജയവുമായി ആറ് പോയിന്റാണ് ഓസ്ട്രിയക്കുള്ളത്. ഫ്രാന്‍സ് ഒരു ജയവും രണ്ട് സമനിലയുമായാണ് രണ്ടാം സ്ഥാനവും പ്രീക്വാര്‍ട്ടറും ഉറപ്പിച്ചത്. മികച്ച മൂന്നാം സ്ഥാനക്കാരായി നെതര്‍ലന്റസ് നാല് പോയിന്റുമായി പ്രീക്വാര്‍ട്ടറിലേക്ക് കയറി.
ഗ്രൂപ്പ് സിയില്‍ നടന്ന രണ്ട് മല്‍സരങ്ങളും ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്. കരുത്തരായ ഇംഗ്ലണ്ടിനെയാണ് സ്ലൊവേനിയ പിടിച്ചുകെട്ടിയത്. മറ്റൊരു ശക്തികളായ ഡെന്‍മാര്‍ക്കിനെ സെര്‍ബിയയാണ് പൂട്ടിയത്.
ഗ്രൂപ്പ് ഡിയില്‍ ഓറഞ്ച് പടയ്‌ക്കെതിരേ ഓസ്ട്രിയ 3-2ന്റെ ജയമാണ് നേടിയത്. നിലവിലെ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സിന് കഴിഞ്ഞ ദിവസത്തെ മല്‍സരവും കടുപ്പമായിരുന്നു. രണ്ട് തോല്‍വിയുള്ള പോളണ്ടായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. 1-1നാണ് പോളണ്ട് ഫ്രഞ്ച് പടയെ പൂട്ടിയത്.
മൂന്നാം മല്‍സരത്തിലെങ്കിലും ഫോം വീണ്ടെടുക്കാമെന്ന സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ടിന് കടുത്ത ഷോക്കാണ് സ്ലൊവേനിയ നല്‍കിയത്. പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും ഇംഗ്ലണ്ടിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത് അവര്‍ക്ക് ജയത്തിന് തുല്യമായിരുന്നു. ഫില്‍ ഫോഡന്‍, ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ന്‍, ബുക്കായ സാക്ക തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണിനിരന്നിട്ടും സ്ലൊവേനിയക്കെതിരേ ഇംഗ്ലിഷ് പടയ്ക്ക് സ്‌കോര്‍ ചെയ്യാനായില്ല.
ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 69% പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ഇംഗ്ലണ്ടിനായി. മൂന്നിനെതിരേ ആറ് ഗോള്‍ശ്രമവും നടത്തിയെങ്കിലും ലക്ഷ്യത്തിലേക്കെത്താന്‍ സാധിച്ചില്ല. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് നിരാശപ്പെടുത്തി. 53ാം മിനുട്ടില്‍ കെയ്ല്‍ വാക്കര്‍ മികച്ചൊരു ക്രോസ് ബോക്സിലേക്ക് നല്‍കിയെങ്കിലും പിടിച്ചെടുക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായില്ല. അവസാന സമയങ്ങളില്‍ അല്‍പ്പം പരുക്കന്‍ കളി ഇംഗ്ലണ്ട് പുറത്തെടുത്തു. എന്നാല്‍ ഗോള്‍ നേടാനായില്ല.
ഗ്രൂപ്പ് ഡിയില്‍ പരിക്കേറ്റ കിലിയന്‍ എംബാപ്പെയെയും റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയെയും ഇറക്കിയാണ് ഫ്രാന്‍സും പോളണ്ടും ഇറങ്ങിയത്. ഒടുവില്‍ ഇരുവരുടെയും പെനാല്‍റ്റി ഗോളുകളിലാണ് മല്‍സരം 1-1ന് അവസാനിച്ചത്. 56ാം മിനിറ്റിലായിരുന്നു എംബാപ്പെയുടം സ്‌കോരിങ്. 79ാം മിനിറ്റിലാണ് ലെവന്‍ഡോസ്‌കി സ്‌കോര്‍ ചെയ്തത്. ഒരു സമനില മാത്രമുള്ള പോളണ്ട് ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഫ്രഞ്ച് നിരയും ഏറെ കഷ്ടപ്പെട്ടാണ് സമനില നേടി പ്രീക്വാര്‍ട്ടര്‍ സ്ഥാനം പിടിച്ച് വാങ്ങിയത്.
ഫ്രഞ്ച് പടയും പോളണ്ട് ഗോള്‍ കീപ്പറും തമ്മിലായിരുന്നു യഥാര്‍ത്ഥ മല്‍സരം. ഗോള്‍ കീപ്പര്‍ സ്‌കൊറുപ്‌സ്‌കി നിരവധി സേവുകളാണ് നടത്തിയത്. നിരവധി ഷോട്ടുകളാണ് ഫ്രഞ്ച് പട പോളണ്ട് പോസ്റ്റിലേക്ക് ലക്ഷ്യം വച്ചത് . എന്നാല്‍ എല്ലാം സ്‌കൊറുപ്‌സ്‌കി തടയുകയായിരുന്നു.
നെതര്‍ലന്റസിനെതിരേ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഓസ്ട്രിയ നടത്തിയത്. ഓസ്ട്രിയക്കെതിരേ ഓരോ തവണയും പിന്നിലായ ശേഷം ഗോള്‍ മടക്കി നെതര്‍ലാന്‍ഡ്സ് കളിയിലേക്കു ശക്തമായി തിരിച്ചുവന്നെങ്കിലും മൂന്നാം ഗോളിനു മാത്രം മറുപടിയില്ലായിരുന്നു. ആറാം മിനിറ്റില്‍ ഡച്ച് താരം ഡോന്യെല്‍ മലെന്റെ സെല്‍ഫ് ഗോളിലാണ് ഓസ്ട്രിയ കളിയില്‍ മുന്നിലെത്തിയത്. 47ാം മിനിറ്റില്‍ കോഡി ഗാപ്കോയിലൂടെ ഡച്ച് ടീം സമനില കണ്ടെത്തി.
എന്നാല്‍ 59ാം മിനിറ്റില്‍ ഓസ്ട്രിയ ലീഡ് തിരിച്ചുപിടിച്ചു. റൊമാനോ ഷ്മിഡാണ് വലകുലുക്കിയത്. ഡച്ച് ടീം വിട്ടുകൊടുത്തില്ല. 75ാം മിനിറ്റില്‍ മെംഫിസ് ഡിപ്പായ് ഓറഞ്ചുപടയ്ക്കു സമനില സമ്മാനിച്ചു. 80ാം മിനിറ്റില്‍ മാര്‍സെല്‍ സാബിറ്റ്സറുടെ ഗോളില്‍ ഒരിക്കല്‍ക്കൂടി ലീഡ് തിരിച്ചുപിടിച്ച ഓസ്ട്രിയ ഇതു കാത്തുസൂക്ഷിച്ച സര്‍പ്രൈസ് വിജയവും കുറിക്കുകയായിരുന്നു.