മാഞ്ചസ്റ്റർ– ഈ വർഷത്തെ പ്രീമിയർ ലീഗിലെ ബോക്സിംഗ് ഡേയിലെ ഏക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ന്യൂകാസ്റ്റൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.പാട്രിക് ഡോർഗു നേടിയ ഗോളിലാണ് ചെകുത്താന്മാരുടെ ക്രിസ്മസ് വിൻ.
24-ാം മിനുറ്റിൽ യുണൈറ്റഡിന് ലഭിച്ച ഒരു ത്രോയിലൂടെയാണ് ഗോൾ വന്നത്. ഡിയോഗോ ഡലോട്ട് എടുത്ത ത്രോ ന്യൂകാസ്റ്റൽ ബോക്സിലേക്ക് എത്തിയതിനെത്തുടർന്ന് ഹെഡ് ചെയ്ത് നിക്ക് വോൾട്ടെമേഡ് അപകട ഭീഷണി ഒഴിവാക്കാൻ ശ്രമിച്ച പന്ത് നേരെ പതിഞ്ഞത് ഡോർഗുവിന്റെ ബൂട്ടിലേക്ക്, ഉടനെ ഒന്നും ആലോചിക്കാതെ എടുത്ത ഷോട്ട് ഗോൾ വല കുലുക്കിയതോടെ മത്സരത്തിലെ ഏക ഗോൾ പിറന്നു.
ഒന്നാം പകുതിയിൽ പിന്നീട് മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനായി അതിഥികൾ ആക്രമിച്ചു കളിക്കുന്ന കാഴ്ചയാണ് ട്രാഫോഡിൽ കണ്ടത്. എന്നാൽ ലിസാൻഡ്രോ മാർട്ടിനെസ്സ് നയിച്ച പ്രതിരോധനിര ഈ കൃത്യമായി പ്രതിരോധിച്ച് വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 76 ശതമാനം പന്തവകാശവും ന്യൂകാസ്റ്റലിന്റെ കൈവശമായിരുന്നു. ഇവർ എടുത്ത 16 ഷോട്ടുകളിൽ 13 ഷോട്ടുകളും രണ്ടാം പകുതിയിലാണ്.
വിജയത്തോടെ യുണൈറ്റഡ് 18 മത്സരങ്ങളിൽ 29 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 23 പോയിന്റ് ഉള്ള ന്യൂകാസ്റ്റൽ പതിനൊന്നാം സ്ഥാനത്തുമാണ്.
ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി,ആർസണൽ, ലിവർപൂൾ, ചെൽസി എന്നീ ടീമുകളുടെ അടക്കം ഏഴു മത്സരങ്ങളാണ് അരങ്ങേറുക.



