മാഡ്രിഡ്: തന്റെ ആരാധനാ പാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോഡുകള്‍ വാരിക്കൂട്ടിയ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ കളിക്കുക എന്നതായിരുന്നു യുവതാരം കിലിയന്‍ എംബാപ്പെയുടെ ആഗ്രഹം. ഇതിനായാണ് താരം പിഎസ്ജി വിട്ട് പുതിയ സീസണില്‍ റയലില്‍ എത്തിയത്. പിഎസ്ജിയുടെ കൂറ്റന്‍ വാഗ്ദാനങ്ങള്‍ എല്ലാം തള്ളിയാണ് ഫ്രഞ്ച് താരം റയലില്‍ എത്തിയത്.
എന്നാല്‍ റയലിനൊപ്പം നാല് മല്‍സരങ്ങള്‍ കളിച്ചിട്ടും എംബാപ്പെയ്ക്ക് സ്‌കോര്‍ ചെയ്യാനാവുന്നില്ലെന്നത് ആരാധകര്‍ക്ക് നിരാശ നല്‍കുന്നു. ആരാധകരേക്കാള്‍ കോച്ച് ആന്‍സലോട്ടിയാണ് അസ്വസ്ഥാനാവുന്നത്. പിഎസ്ജിയില്‍ ഗോളടിച്ചുകൊണ്ടേയിരുന്ന എംബാപ്പെയ്ക്ക് സ്‌പെയിനില്‍ കാര്യങ്ങള്‍ എളുപ്പമാവുന്നില്ല. യുവേഫാ സൂപ്പര്‍ കപ്പിലാണ് താരം റയലിനായി ആദ്യം കളിച്ചത്. അന്നും താരത്തിന് സ്‌കോര്‍ ചെയ്യാനായില്ല. പിന്നീട് സ്പാനിഷ് ലീഗിലെ മൂന്ന് മല്‍സരങ്ങളിലും എംബാപ്പെയ്ക്ക് ഗോളടിക്കാന്‍ കഴിഞ്ഞില്ല. നിരവധി അവസരങ്ങള്‍ താരം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗോളടിക്കാന്‍ കഴിയാത്ത എംബാപ്പെയെയും രോഷാകുലനാക്കുന്നുണ്ട്.
ഇന്ന് സ്പാനിഷ് ലീഗില്‍ പുതുമുഖരായ ലാസ്പല്‍മിസിനോടായിരുന്നു റയലിന്റെ മല്‍സരം. 1-1 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. അഞ്ചാം മിനിറ്റില്‍ ലാസ്പാല്‍മസ് മല്‍സരത്തില്‍ ലീഡെടുക്കുകയായിരുന്നു. 69ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് റയലിന്റെ സമനില ഗോള്‍ നേടിയത്. ലീഗിലെ രണ്ടാം മല്‍സരം റയല്‍ വലാഡോളിഡിനെതിരേ ആയിരുന്നു. മൂന്ന് ഗോളിന്റെ ജയം ടീം നേടിയെങ്കിലും എംബാപ്പെയ്ക്ക് ഫലം നിരാശാജനകമായിരുന്നു. അന്നും താരത്തിന് വലകുലുക്കാനായില്ല. ലീഗിലെ ആദ്യ മല്‍സരത്തില്‍ മയ്യോര്‍ക്കയോടും റയല്‍ 1-1 സമനില വഴങ്ങിയിരുന്നു. ലീഗിലെ റയലിന്റെ അടുത്ത മല്‍സരം റയല്‍ ബെറ്റിസിനോടാണ്.
മൂന്ന് റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തോല്‍വിയറിയാതെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്താണ്. രണ്ട് ജയവുമായി വിയ്യാറയലും സെല്‍റ്റാ വീഗോയും രണ്ടും മൂന്നും സ്ഥാനത്ത് നിലനില്‍ക്കുന്നു. ഒരു ജയം മാത്രമുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്. ഒരു ജയവും രണ്ട് സമനിലയും മാത്രമുള്ള റയല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. എംബാപ്പെയുടെ വരവോടെ റയല്‍ മാഡ്രിഡ് ലീഗില്‍ താഴേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് മാനേജ്‌മെന്റ്.