മാഞ്ചസ്റ്റർ – ഇഎഫ്എൽ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ വമ്പന്മാരെല്ലാം മികച്ച വിജയത്തോടെ മുന്നേറി.
മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹഡേഴ്‌സ്‌ഫീൽഡ് ടൗണിനെയാണ് തോൽപ്പിച്ചത്. സിറ്റിക്ക് വേണ്ടി 18-ാം മിനുറ്റിൽ ഫോഡൻ, 74-ാം മിനുറ്റിൽ സാവിഞ്ഞോ എന്നിവരുടെ ഗോളുകളാണ് വിജയത്തിലേക്ക് നയിച്ചത്.
ആർസണൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോർട്ട് വേലിനെയാണ് തകർത്തത്. എട്ടാം മിനുറ്റിൽ തന്നെ എബെറെച്ചി എസെ പീരങ്കി ജേഴ്‌സിയിലെ ആദ്യ ഗോൾ നേടി. മറ്റൊരു ഗോൾ നേടിയത് 86-ാം മിനുറ്റിൽ ബെൽജിയൻ താരം ട്രോസാർഡാണ്.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടോട്ടൻഹാം ഡോൺകാസ്റ്റർ റോവേഴ്സുമായി ജയിച്ചത്. വിജയികൾക്ക് വേണ്ടി ജോവോ പളിഞ്ഞ്യ ( 14-ാം മിനുറ്റ് ), ബ്രന്നൻ ജോൺസൺ ( 90+4) എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെയായിരുന്നു. 17-ാം മിനുറ്റിൽ ഡോൺകാസ്റ്റർ പ്രതിരോധ താരം മഗ്രാത്താണ് സെൽഫ് ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ന്യൂകാസ്റ്റൽ യുണൈറ്റഡ് ബ്രാഡ്ഫോർഡ് സിറ്റിയെ തകർത്തെറിഞ്ഞത്. ജോലിന്റൺ ( 17,75 മിനുറ്റുകളിൽ), ഒസുല ( 19,87) എന്നിവർ ഇരട്ട ഗോളുകൾ വീതം നേടിയപ്പോൾ എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത് ആൻഡ്രൂ കുക്കാണ്.